അദ്ദേഹം കുറേ നാളുകളായി ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് പോസ്റ്റുകളിലൂടെ തോന്നിയിരുന്നു… തനിക്കെന്തോ അപകടം വരുന്നുവെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. എന്തൊക്കെയോ സത്യങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ആ സത്യങ്ങൾ അറിയുന്നതിൻ്റെ പേരിൽ താൻ വേട്ടയാടപ്പെടുമോ എന്നും അദ്ദേഹം ഭയന്നിരുന്നു; കുറിപ്പ് വൈറൽ

പ്രണായാഭ്യര്‍ത്ഥനയുമായി നിരന്തരം ശല്യപ്പെടുത്തിയ നടി മഞ്ജു വാര്യരുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് സനൽ കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍ നായികയായ ‘കയറ്റം’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു സനല്‍കുമാര്‍ ശശിധരന്‍.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാർവതി പ്രതീഷ്. ‘സംവിധായകൻ സനൽ കുമാർ ശശിധരനെ അറസ്റ്റ് ചെയ്ത രീതിയോട് അങ്ങേയറ്റത്തെ വിയോജിപ്പാണ്. കേരളാ പോലീസ് മഫ്തി വേഷത്തിൽ വന്ന് ചേസ് ചെയ്തു പിടി കൂടാൻ അദ്ദേഹം ഒരു കൊടും ക്രിമിനലോ തീവ്രവാദിയോ ഒന്നുമല്ല. അന്താരാഷ്ട്രതലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ നേടി മലയാളിക്ക് അഭിമാനിക്കാൻ ഉതകുന്ന വിധം സംഭാവനകൾ കലാരംഗത്ത് നല്കിയ ഒരു കലാകാരനാണ് അദ്ദേഹം’ എന്ന് അവർ കുറിക്കുകയുണ്ടായി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇത്തരത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

സംവിധായകൻ സനൽ കുമാർ ശശിധരനെ അറസ്റ്റ് ചെയ്ത രീതിയോട് അങ്ങേയറ്റത്തെ വിയോജിപ്പാണ്. കേരളാ പോലീസ് മഫ്തി വേഷത്തിൽ വന്ന് ചേസ് ചെയ്തു പിടി കൂടാൻ അദ്ദേഹം ഒരു കൊടും ക്രിമിനലോ തീവ്രവാദിയോ ഒന്നുമല്ല. അന്താരാഷ്ട്രതലത്തിലും ദേശീയ തലത്തിലും പുരസ്കാരങ്ങൾ നേടി മലയാളിക്ക് അഭിമാനിക്കാൻ ഉതകുന്ന വിധം സംഭാവനകൾ കലാരംഗത്ത് നല്കിയ ഒരു കലാകാരനാണ് അദ്ദേഹം. അതവിടെ നില്ക്കട്ടെ. ഏതൊരു കലാകാരനായാലും ക്രിമിനൽ ആണെങ്കിൽ നിയമനടപടികൾ നേരിട്ടേ പറ്റൂ. പക്ഷേ അങ്ങനെയെങ്കിൽ തന്നെ അദ്ദേഹം ചെയ്ത കുറ്റം എന്താണ്?

ഇന്നലെ വീഡിയോയിൽ കണ്ട രീതിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും വേണ്ടി അദ്ദേഹം ചെയ്ത ക്രൈം ഒരു കലാകാരിയെ നിരന്തരമായി സമൂഹമാധ്യമം വഴി ശല്യം ചെയ്തുവെന്നാണ്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ. ഈ ജനാധിപത്യ രാജ്യത്ത് defamation ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് വരുമ്പോൾ ഈ രീതിയിൽ അറസ്റ്റ് ചെയ്യുന്നതാണോ രീതി? അതാണ് ചോദ്യം ചെയ്യപ്പെടേണ്ടത് ? അതു മാത്രമാണ് ചോദ്യം ചെയ്യുന്നതും. ശ്രീ.സനൽ കുമാർ ശശിധരൻ Sanal Kumar Sasidharan എൻ്റെ സുഹൃത്താണ്. ജേർണലിസ്റ്റ് പ്രദീപിൻ്റെ അപകട മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്ഷൻ കൗൺസിലും ജസ്റ്റിസ് ഫോർ പ്രദീപ് എന്ന കാമ്പയിനും വഴിയാണ് അദ്ദേഹവുമായി സൗഹൃദത്തിലായത്.

അദ്ദേഹം കുറേ നാളുകളായി ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് പോസ്റ്റുകളിലൂടെ തോന്നിയിരുന്നു. തനിക്കെന്തോ അപകടം വരുന്നുവെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. എന്തൊക്കെയോ സത്യങ്ങൾ അദ്ദേഹത്തിന് അറിയാമായിരുന്നു. ആ സത്യങ്ങൾ അറിയുന്നതിൻ്റെ പേരിൽ താൻ വേട്ടയാടപ്പെടുമോ എന്നും അദ്ദേഹം ഭയന്നിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിൻ്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നിരിക്കാം. കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യർ സംബന്ധമായ പോസ്റ്റുകളും കണ്ടിരുന്നു. ആ പോസ്റ്റുകൾക്കെതിരെ എന്തുകൊണ്ട് നടി പ്രതികരിക്കുന്നില്ലായെന്നും മറു ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു. എന്തായാലും പോലീസിൽ നല്കിയ പരാതിയിലൂടെ മാന്യമായി തന്നെ അവർ പ്രതികരിച്ചു . ഇനി ഈ വിഷയത്തിൽ നിയമസംവിധാനം തെറ്റും ശരിയും നിർണ്ണയിക്കട്ടെ!

പക്ഷേ ചോദ്യം ആ അറസ്റ്റ് ചെയ്ത രീതിയെ കുറിച്ചാണ്. ഇ-മെയിൽ വഴി നല്കിയ പരാതിക്ക് ഇത്തരത്തിൽ മഫ്തിയിൽ ചെന്ന് ചേസ് ചെയ്ത് അറസ്റ്റ് ചെയ്യാനും വേണ്ടി അദ്ദേഹം വലിയ ക്രിമിനൽ അല്ലായെന്ന് തന്നെ ഉറക്കെ പറയുന്നു. ഒരു പരാതി കിട്ടിയാൽ ഈ രീതിയിൽ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇവിടെ കേരളാ പോലീസ് നടപ്പാക്കുന്ന നീതി നിർവ്വഹണം ഏവർക്കും ഒരു പോലെ ബാധകമാണോ? അല്ലേ അല്ല . അവിടെയാണ് ഈ രീതിയിലെ അറസ്റ്റ് അനാവശ്യമാകുന്നത്. ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദകൾ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഈ ക്യൂബളം രാജ്യത്ത് ചിലർക്കെതിരെ മാത്രം അതൊന്നും പാലിക്കപ്പെടുന്നില്ല.

പട്ടാപ്പകൽ രണ്ടു പെൺകുട്ടികളെ റോഡിലിട്ട് ‘ തല്ലിയ ഒരുത്തനെ പിടിക്കാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. സാധാരണക്കാർ പരാതി കൊടുത്ത അനേകം കേസുകളിൽ പ്രതികൾ കൺമുന്നിൽ ഉണ്ടായിട്ടും നിസംഗത കാണിക്കുന്ന പോലീസ് ഒരു അഭിഭാഷകൻ കൂടിയായ സംവിധായകനോട് കാണിച്ചത് അങ്ങേയറ്റത്തെ മര്യാദകേട് തന്നെയാണ്.

ഒരാൾ അപമാനിച്ചു എന്ന പരാതി വന്നാൽ, ആ വ്യക്തിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയല്ലേ ചെയ്യേണ്ടത്? അയാൾ വരാത്ത പക്ഷമല്ലേ മറ്റു നടപടികൾ ഉണ്ടാവുക? ഇവിടെ അതാണോ സംഭവിച്ചത്? പരാതി കിട്ടിയ പാടെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തി, അയാളും ബന്ധുക്കളും സഞ്ചരിക്കുന്ന കാർ തടഞ്ഞ് ബലമായി ഉള്ളിൽ കയറി അറസ്റ്റ് ചെയ്യുന്നു. ഇതെന്ത് കോപ്പിലെ നീതി നിർവ്വഹണം? ജനാധിപത്യ കേരളത്തിലെ ഏറ്റവും മര്യാദകെട്ട നടപടികളിൽ ഒന്നാണ് ഇന്നലെ നടന്ന അറസ്റ്റ് .

Noora T Noora T :