സനല്‍കുമാര്‍ ശശിധരനെതിരെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്; അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ പ്രതി സനല്‍കുമാര്‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ഇദ്ദേഹത്തിനെതിരെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചു. എന്നാല്‍ സനല്‍കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും സിഎച്ച് നാഗരാജു പറഞ്ഞു.

സനല്‍ കുമാര്‍ ശശിധരന്‍ കൊച്ചിയില്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാന്‍ പൊലീസ് തയ്യാറായെങ്കിലും ജാമ്യത്തില്‍ പോകാന്‍ സനല്‍ കുമാര്‍ ശശിധരന്‍ വിസമ്മതിക്കുകയായിരുന്നു. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റു ചെയ്തത്. അതുകൊണ്ടു തന്നെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം എന്നുമുള്ള നിലപാടിലാണ് സംവിധായകന്‍.

പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയാറെടുപ്പിലാണെന്നു പൊലീസ് വ്യക്തമാക്കി. ഇയാളില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം പാറശാലയില്‍ വച്ചാണ് സനല്‍കുമാര്‍ ശശിധരനെ പൊലീസ് പിടികൂടിയത്.

സൈബര്‍ സെല്ലിനു നല്‍കിയ പരാതി ഇവര്‍ താമസിക്കുന്ന എളമക്കര സ്റ്റേഷനിലേയ്ക്കു കൈമാറുകയായിരുന്നു. തനിക്കെതിരെ മഞ്ജു വാരിയര്‍ പരാതി നല്‍കിയ വിവരം പിടിയിലായ ശേഷമാണ് അദ്ദേഹം അറിയുന്നത്. തനിക്കു ഭീഷണിയുണ്ടെന്നും ഗുണ്ടകളെ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ നടത്തിയ ഫെയ്സ്ബുക് ലൈവിനിടെ അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :