തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ട, കോടതിയില്‍ ഹാജരാക്കിയാല്‍ മതി അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം; പൊലീസിനെതിരെ പ്രതിഷേധത്തില്‍ സനല്‍ കുമാര്‍ ശശിധരന്‍

കഴിഞ്ഞ ദിവസമായിരുന്നു നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സനല്‍കുമാര്‍ പൊലീസിനെതിരെ പ്രതിഷേധത്തിലാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഇന്നലെ രാത്രിയോടെ തന്നെ ആരോഗ്യ പരിശോധനയ്ക്കു ശേഷം സ്റ്റേഷനില്‍ എത്തിച്ച് ജാമ്യം അനുവദിച്ചെങ്കിലും തനിക്കു സ്റ്റേഷന്‍ ജാമ്യം വേണ്ടെന്ന നിലപാടിലാണ് സനല്‍കുമാര്‍.

നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റു ചെയ്തതെന്നും അതുകൊണ്ടു തന്നെ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്നും അവിടെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊള്ളാം എന്നുമാണ് സംവിധായകന്‍ പറയുന്നത്. തനിക്കു നോട്ടിസ് തരാതെ നടത്തിയ അറസ്റ്റിനെതിരെയാണ് സനല്‍കുമാറിന്റെ പ്രതിഷേധം.

പ്രതിയെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനുള്ള തയാറെടുപ്പിലാണെന്നു പൊലീസ് വ്യക്തമാക്കി. ഇയാളില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം പാറശാലയില്‍ വച്ചാണ് സനല്‍കുമാര്‍ ശശിധരനെ പൊലീസ് പിടികൂടിയത്. സൈബര്‍ സെല്ലിനു നല്‍കിയ പരാതി ഇവര്‍ താമസിക്കുന്ന എളമക്കര സ്റ്റേഷനിലേയ്ക്കു കൈമാറുകയായിരുന്നു.

തനിക്കെതിരെ മഞ്ജു വാര്യര്‍ പരാതി നല്‍കിയ വിവരം പിടിയിലായ ശേഷമാണ് അദ്ദേഹം അറിയുന്നത്. തനിക്കു ഭീഷണിയുണ്ടെന്നും ഗുണ്ടകളെ ഭയന്ന് ഒളിവില്‍ കഴിയുകയാണെന്നും പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ നടത്തിയ ഫെയ്സ്ബുക് ലൈവിനിടെ അദ്ദേഹം പറഞ്ഞു. പിന്തുടര്‍ന്നു ശല്യം ചെയ്യുക, നിരീക്ഷിക്കുക, ഐടി വകുപ്പുകള്‍ തുടങ്ങിയ കുറ്റങ്ങളാണ് നിലനില്‍ക്കുന്നത്.

Vijayasree Vijayasree :