ജീവിച്ചിരിക്കുക എന്നതു തന്നെ എത്ര ഭാഗ്യമാണെന്ന് തിരിച്ചറിഞ്ഞ വർഷം;പക്ഷേ തോൽപ്പിക്കാൻ പറ്റില്ല; അശ്വതി ശ്രീകാന്ത്

അവതാരികയായി എത്തി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു അശ്വതി ശ്രീകാന്ത്. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ അശ്വതി മുന്നിലാണ്. ഈ അടുത്താണ് ഇത്തരം അഭിനയത്തിലേക്ക് ചുവട് വെച്ചത്

പുതിയൊരു വര്‍ഷം തുടങ്ങുമ്പോള്‍ കഴിഞ്ഞ് പോയ കാലഘട്ടത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമാണെന്ന് കരുതി പോയൊരു വര്‍ഷമാണ് കടന്ന് പോവുന്നതെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ അശ്വതി സൂചിപ്പിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

നരകത്തിന്റെ മുന്നിൽ പരസ്യം വയ്ക്കുന്ന പോലത്തെ ഐറ്റവുമായിട്ടാണ് 2020 തുടങ്ങിയത്. പിന്നങ്ങോട്ട് ഒരു സന്തോഷത്തിന് ഒരു സങ്കടമെന്ന ലോക പ്രശസ്ത റേഷ്യോ തെറ്റിച്ച് ഒരു സന്തോഷത്തിന് പന്ത്രണ്ട് സങ്കടങ്ങൾ എന്ന കണക്കിനാണ് ദിവസങ്ങൾ വന്നു പോയത്. ജീവിച്ചിരിക്കുക എന്നതു തന്നെ എത്ര ഭാഗ്യമാണെന്ന് തിരിച്ചറിഞ്ഞ വർഷമാണ്. ഒത്തിരി പേരുടെ സങ്കടം കേട്ട വർഷമാണ്. ദൂരെയായിട്ടും ഒരുപാട് പേരോട് ചേർന്ന് നിൽക്കാൻ കഴിഞ്ഞ വർഷമാണ്. സൈക്കോളജിസ്‌റ്റിന്റെ മുറി മുതൽ ക്യാൻസർ വാർഡു വരെ ഏറ്റവും പ്രിയപ്പെട്ടവർക്ക് വേണ്ടി കയറിയിറങ്ങിയ വർഷമാണ്. ടോക്സിക്ക് റിലേഷൻസിൽ നിന്ന് മാറി നിൽക്കാൻ സ്വയം പഠിപ്പിച്ച വർഷമാണ്. സന്തോഷം ഒരു ആഡംബരമായ വർഷമാണ്. അതിജീവനത്തിന്റെ വർഷമാണ്. മറക്കാൻ കഴിയാത്ത വർഷമാണ്. 2021 എന്ത് തേങ്ങയും കൊണ്ടാണ് വരുന്നതെന്ന് അറിയില്ല. കൊല്ലാം, പക്ഷേ തോൽപ്പിക്കാൻ പറ്റില്ല എന്നതാണ് ഇപ്പോൾ ആപ്ത വാക്യം. അതുകൊണ്ട് നുമ്മ പൊളിക്കും. ചിരിക്കും. സെൽഫിയും എടുക്കും 😄
Happy 2021 😝

Noora T Noora T :