‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’; വിജയ് ബാബു വിഷയത്തില്‍ പ്രതികരണവുമായി ലാല്‍

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിജയ് ബാബുവിനെതിരെ യുവനടി ഗുരുതര പീഡന ആരോപണവുമായി എത്തിയത്. ഇതിന് പിന്നാലെ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് മലയാള താരസംഘടനയായ അമ്മയില്‍ ഉണ്ടായിരിക്കുന്നത്. സംഘടനയുടെ നിലപാടില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയില്‍ നിന്നും നടി മാല പാര്‍വ്വതി രാജി വെയ്ക്കുകയും ചെയ്തിരുന്നു. നടിമാരായ ശ്വേത മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം. പല താരങ്ങളും സംഘടന നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് ഉണ്ട്.

അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ഉണ്ണിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. നടന്‍മാരായ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ് എന്നിവര്‍ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഒരു കാരണവശാലും കൂടുതല്‍ സമയം അനുവദിക്കില്ലെന്നാണ് ‘അമ്മ’ ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു.

ഇതോടെ സംഘടനയുടെ ഭാരവാഹിത്വത്തില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. വിജയ് ബാബുവിന്റെ മാറി നില്‍ക്കല്‍ സന്നദ്ധത അംഗീകരിക്കുന്നെന്ന ഔദ്യോഗിക പ്രസ്താവനക്കെതിരെ സംഘടനയുടെ ഉപാദ്ധ്യക്ഷ ശ്വേതാ മേനോന്‍ രംഗത്തെത്തി. വിജയ് ബാബുവിനെ പുറത്താക്കാന്‍ മുന്‍പേ തന്നെ തീരുമാനിച്ചതാണെന്ന് ശ്വേതാ മേനോന്‍ ചൂണ്ടിക്കാട്ടി.

പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ യോഗത്തില്‍ പ്രതികരിച്ചത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ നടിയുടെ ബലാത്സംഗ പരാതിയില്‍ കെസ് എടുത്തതിന് പിന്നാലെ താര സംഘടനയായ അമ്മയിലെ ഭാരവാഹിത്വത്തില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തി. ഇന്നലെ ചേര്‍ന്ന അമ്മ യോഗത്തില്‍ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാനായി ശക്തമായി ആവശ്യം ഉന്നയിച്ചിരിക്കുകയാണ് നടന്‍ ലാല്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളാവുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ലാല്‍ യോഗത്തില്‍ വ്യക്തമാക്കി. 2017 ല്‍ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഓര്‍മ്മപ്പെടുത്തിയാണ് ലാല്‍ ഈ ആവശ്യം ഉന്നയിച്ചത്. ‘എന്റെ വീട്ടിലാണ് അന്ന് ആ പെണ്‍കുട്ടി കരഞ്ഞ് ഓടിയെത്തിയത്. ഇത്തരക്കാരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന അഭിപ്രായമാണെനിക്കുള്ളത്,’ എന്ന് ലാല്‍ യോഗത്തില്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി അതിക്രമം നടന്ന ശേഷം ആദ്യമെത്തിയത് ലാലിന്റെ വീട്ടിലായിരുന്നു.

നടന്ന സംഭവങ്ങള്‍ നടി തുറന്നു പറയുന്നതും പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുന്നതും ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു. വിജയ് ബാബുവിനെതിരെ നടപടിയില്ലെങ്കില്‍ രാജിവെക്കുമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ചിലര്‍ വ്യക്തമാക്കിയതോടെ എതിരഭിപ്രായം നിലനില്‍ക്കാതായി. പുറത്താക്കുമെന്ന് ഉറപ്പായതോടെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാമെന്ന് വ്യക്തമാക്കി വിജയ് ബാബു സംഘടനയ്ക്ക് മെയില്‍ അയക്കുകയും ചെയ്തു.

ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോള്‍ നിയമപരമായി വലിയ കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. ഐസിസി ഒരു സ്വയംഭരണ സ്വഭാവമുള്ള ഒന്നാണ്. അതുകൊണ്ട് വിജയ് ബാബുവിന്റെ വിഷയത്തില്‍ ആണും പെണ്ണും തമ്മിലുള്ള വിഷയവുമല്ല ഉണ്ടാകുന്നത്. അദ്ദേഹം ഇരയുടെ പേര് പറഞ്ഞു എന്ന് പറയുന്നത് നിയമ ലംഘനമാണ്. ഇത് ഞങ്ങള്‍ അറിഞ്ഞപ്പോള്‍ തന്നെ ഐസിസി കൂടി. അദ്ദേഹത്തിനതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞു. പക്ഷെ അതിനു ശേഷം ഞങ്ങളോട് പറഞ്ഞിരുന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ വഴിയില്ല എന്നാണ്.

അതിനു ശേഷം പിന്നെ കാണുന്നത് ‘അമ്മ’ യുടെ കുറിപ്പാണ്. പത്രക്കുറിപ്പില്‍ അദ്ദേഹം സ്വമേധയാ രാജിവച്ചു എന്നാണ് കാണുന്നത്. ‘അമ്മ’ ആവിശ്യപ്പെട്ടെന്നോ ഒന്നും അതില്‍ ഇല്ല. ഞാന്‍ ഇപ്പോള്‍ ഇരിക്കുന്ന ഐസിസിയുടെ ഒരു സ്ഥാനത്ത് ഇരുന്നുകൊണ്ട് എനിക്ക് അത് അംഗീകരിക്കാന്‍ സാധിക്കില്ല. ആ ഉത്തരവാദിത്വം നേരെ ചൊവ്വേ നിര്‍വഹിക്കാന്‍ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാണ് രാജി വെക്കുന്നത് എന്നാണ് മാല പാര്‍വതി പറഞ്ഞത്.

Vijayasree Vijayasree :