തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ല, അതുകൊണ്ട് തന്നെ ഈ സിനിമകളുടെ അഭിപ്രായം പറയാന്‍ താനില്ല; നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി

സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്തി എത്താറുളള താരമാണ് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളുടെ വന്‍ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.

തെന്നിന്ത്യന്‍ സിനിമകള്‍ താന്‍ കാണാറില്ലെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നത്. വാണിജ്യ സിനിമകളൊന്നും താന്‍ കാണാറില്ല. സിനിമകള്‍ കാണാന്‍ സമയം കിട്ടാറില്ല. അതുകൊണ്ട് ഈ സിനിമകളുടെ അഭിപ്രായം പറയാനില്ലെന്ന് താരം പറഞ്ഞു.

‘ഒരു സിനിമ നന്നായി വരുമ്പോള്‍ എല്ലാവരും ചേരുകയും അത് അര്‍ഹിക്കുന്നതിലും കൂടുതല്‍ പ്രശംസിക്കുന്നു. എന്നാല്‍, ഒരു സിനിമ ഹിറ്റായില്ലെങ്കില്‍, ആളുകള്‍ അതിനെ അര്‍ഹിക്കുന്നതിലും കൂടുതല്‍ വിമര്‍ശിക്കുന്നു. ഇതൊരു ഫാഷന്‍ പോലെയാണ്, ഇപ്പോള്‍ ഒരു ബോളിവുഡ് സിനിമ വന്‍ ഹിറ്റായാല്‍ ഈ ചര്‍ച്ചകളെല്ലാം മാറും. ഇതൊരു പ്രവണത മാത്രമാണെന്ന് ഞാന്‍ കരുതുന്നു’എന്നും നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം നിരവധി ചര്‍ച്ചകളാണ് നടക്കുന്നത്. അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മില്‍ ഇത് സംബന്ധിച്ച് വാക് പോര് നടന്നിരുന്നു. സിനിമ വ്യവസായത്തെ വേര്‍തിരിക്കുന്നത് ന്യായമല്ല എന്നായിരുന്നു അഭിഷേക് ബച്ചന്‍ പറഞ്ഞത്. തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നുവെന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ പ്രതികരണം.

Vijayasree Vijayasree :