നർത്തകി, നടി എന്നീ നിലകളിൽ ശ്രദ്ധ നേടിയ മാളവിക കൃഷ്‌ണദാസ് വിവാഹിതയായി. തേജസ് ജ്യോതിയാണ് വരൻ. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് വിവാഹം നടന്നത്. വിവാഹചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്
നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മാളവികയുടെ സഹ മത്സരാർത്ഥിയായിരുന്നു തേജസ് ജ്യോതി.
ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ. പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ തുടങ്ങിയ ഷോകളിലും മാളവിക പങ്കെടുത്തു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ മാളവിക മത്സരിച്ചിരുന്നു. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും മാളവികയായിരുന്നു. അവതാരകയായും മാളവിക ശ്രദ്ധ നേടിയിട്ടുണ്ട്.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ എന്ന അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയിൽ വച്ചാണ് മാളവികയും തേജസും പരിചയപ്പെടുന്നത്. തുടർന്ന് ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തട്ടിൻപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മാളവികയും തേജസും വ്യക്തമാക്കിയിരുന്നു.
ഞങ്ങള്‍ അന്നേ പ്രേമിച്ചിരുന്നുവെങ്കില്‍ ഗുഡ് സൈഡ് മാത്രമേ കാണുകയുള്ളൂ. ഇതില്‍ അങ്ങനെയൊരു ആവശ്യം വന്നിട്ടില്ല. ഒരു സഹപ്രവര്‍ത്തകന്‍ പോലെയുള്ള പരിചയമായിരുന്നു. ആളെ എനിക്ക് നന്നായിട്ട് അറിയാം. വര്‍ഷങ്ങളിത്രയായിട്ടും അതിനൊരു മാറ്റമില്ല. അതാണ് തേജസില്‍ ഏറ്റവും ആകര്‍ഷകമായ കാര്യമെന്നായിരുന്നു മാളവിക പറഞ്ഞത്.
അകാലത്തില്‍ അച്ഛനെ നഷ്ടമായപ്പോള്‍ പൊരുതാതെ പതറി മുന്നേറിയവരാണ് മാളവികയും അമ്മയും. അച്ഛന്‍ ആഗ്രഹിച്ചത് പോലെ തന്നെ മകള്‍ കലാരംഗത്ത് സ്വന്തമായ സ്ഥാനം നേടിയെടുത്തിരുന്നു.