നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാക്കുതരുന്നു; വളർത്തു നായയുടെ ചിത്രം കയ്യിൽ പച്ചകുത്തി മാളവിക ജയറാം

അടുത്തിടെയാണ് വളർത്തു നായ മെസ്സിയുടെ വിയോഗത്തിന്റെ വേദന പങ്കുവെച്ച് ജയറാമും കുടുംബവും എത്തിയത്. ഇപ്പോഴിതാ വളർത്തു നായയുടെ ചിത്രം കയ്യിൽ പച്ചകുത്തി മാളവിക ജയറാം.

“ഇതെഴുതാനുള്ള ധൈര്യം സംഭരിക്കാനായി എനിക്ക് കുറച്ചു ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് കയറി വരുന്നത് ഉൾക്കൊള്ളാൻ പോലും കഴിയുന്നില്ല. മെസ്സി, നീ ഞങ്ങളുടെ വളർത്തുനായ മാത്രമല്ല. നീ ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് ഞങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ചത്. സമാധാനമായി ഉറങ്ങൂ. എന്നെങ്കിലും മറ്റൊരു ലോകത്ത് നമ്മൾ വീണ്ടും കാണുമെന്ന് ഉറപ്പു നൽകുന്നു. നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാക്കുതരുന്നു. അതുവരെ എന്റെ മാലാഖ ഉറങ്ങുക”.–വളർത്തുനായ മെസ്സിയുടെ വിയോഗത്തിൽ മാളവിക കുറിച്ചത് ഇങ്ങനെയാണ്. മെസ്സിയോടൊപ്പമുള്ള നിരവധി ചിത്രങ്ങളും അന്ന് മാളവിക പങ്കുവച്ചിരുന്നു.

ഇപ്പോൾ മെസ്സിയോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് മാളവിക. വളർത്തുനായ മെസ്സിയുടെ ഓർമകൾ എപ്പോഴും തന്നോടൊപ്പം നിലനിൽക്കാനായി മെസ്സിയുടെ ചിത്രമാണ് മാളവിക കയ്യിൽ പച്ച കുത്തിയിരിക്കുന്നത്. എന്റെ പ്രിയതമ എന്നെഴുതി മെസ്സിയുടെ ജനനദിവസവും മാളവിക കയ്യിൽ കുറിച്ചിട്ടുണ്ട്. എന്നാൽ മരണദിവസത്തിനു പകരം ഇൻഫിനിറ്റിയുടെ ചിഹ്നമാണ് കയ്യിൽ പച്ചകുത്തിയത്. വീട്ടിലെ ഒരംഗത്തെപ്പോലെ വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന വളർത്തുനായയുടെ വിയോഗത്തിൽ ജയറാമും പാർവതിയും കാളിദാസനും കുറിപ്പുകൾ പങ്കുവച്ചിരുന്നു.

Noora T Noora T :