മലൈക്കോട്ടൈ വാലിബൻ വീണ്ടും എത്തുന്നു; രണ്ടാം ഭാ​ഗം അണിയറയിൽ!

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വലിയ ഹൈപ്പോടെയെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് നൽകിയാണ് സിനിമ അവസാനിച്ചത്. എന്നാൽ ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ 2നെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ‘കമിങ് സൂൺ’ എന്ന സ്റ്റോറി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഹാൻഡിലിന്റെ പേര് മലൈക്കോട്ടൈ വാലിബൻ 2 എന്ന് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുന്നത്.

സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ പോയ ചിത്രത്തിന് രണ്ടാം ഭാ​ഗം ഒരുക്കുന്നത് നല്ല തീരുമാനമാണോ ലാലേട്ടന്റെ കരയിർ ​ഗ്രാഫ് ചിലപ്പോൾ ഇതിന്റെ രണ്ടാം ഭാ​ഗത്തിലൂടെ ഉയരാം എന്നിങ്ങനെയാണ് പലരുടെയും അഭിപ്രായം.

ഈ വർഷം 15നായിരുന്നു മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ഫാന്റസി ത്രില്ലർ ഴോണറിലാണ് മലൈക്കോട്ട വാലിബൻ പുറത്തെത്തിയത്. മോഹൻലാൽലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്ത് എത്തിയ സിനിമയ്ക്ക് വേണ്ടത്ര വരവേൽപ്പ് പ്രേക്ഷകരിൽ നിന്നും ലഭിച്ചില്ല. ഫസ്റ്റ് ഷോയ്ക്കുശേഷം സിനിമയെ കുറിച്ച് വിമർശനങ്ങളും ഹേറ്റ് ക്യാംപയ്‌നുകളുമാണ് ഉണ്ടായത്.

സിനിമയുടെ കഥയും അതിന്റെ മേക്കിങുമാണ് പലരും സിനിമയെ വിമർശിക്കാൻ കാരണമായത്. മലൈക്കോട്ടൈ വാലിബന് വേണ്ടി ബോഡിയിൽ അടക്കം മേക്കോവർ നടത്തിയിരുന്നു മോഹൻലാൽ. സിനിമയ്ക്ക് എതിരെ വിമർശനം ഉള്ളതിനാൽ മോഹൻലാലിന്റെ പ്രകടനവും പരിഗണിക്കപ്പെടാതെ അതിൽ മുങ്ങിപോയിരുന്നു.

മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളിൽ നിന്നും വാരിയത് 5.85 കോടിയാണ്. കേരളത്തിന് പുറത്തുനിന്നും ഒരു കോടിക്ക് മുകളിൽ കലക്ഷൻ ലഭിച്ചു. ജിസിസി, ഓവർസീസ് കലക്ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ ഗ്രോസ് കലക്ഷൻ. മോഹൻലാൽ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങാണ് വാലിബൻ.

അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മലയാള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. ജോഷിയുടെ സംവിധാനത്തിൽ ചെമ്പൻ വിനോദ് തിരക്കഥയെഴുതി അണിയിച്ചൊരുക്കുന്ന റംബാനാണ് മോഹൻലാൽ നായകനായെത്തുന്ന മറ്റൊരു ചിത്രം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസും റിലീസിന് തയ്യാറെടുക്കുകയാണ്.

Vijayasree Vijayasree :