ഈ വിഷയത്തിൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് എന്റെ നിലപാട്. ചിലർക്ക് നോട്ടം കൊണ്ട് നിർത്താൻ പറ്റും, ചിലർക്ക് പോടാ വേണ്ടി വരും, ചിലർക്ക് തെറി പറയേണ്ടി വരും, എന്ത് തന്നെ ആയാലും പ്രതികരിക്കണം; മാലാ പാർവതി

നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്‌റ്റിലായ നടൻ ഷൈൻ ടോം ചാക്കോ താൻ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസിനോട് തുറന്നുസമ്മതിച്ചിരുന്നു. നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ താരത്തിനെതിരെ അമ്മ, ഫെഫ്ക സംഘടന ഉൾപ്പെടെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി താക്കീത് നൽകുകയും ചെയ്‌തിരുന്നു.

ഈ വലിഷയത്തിൽ നടി മാലാ പാർവതി നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഷൈൻ നടത്തിയ അശ്ലീല പരാമർശത്തിൽ വിൻസി എന്തിനാണ് മാനസികമായി ബുദ്ധിമുട്ടിയതെന്നും ഇതിനോട് പോടാ എന്ന് പറഞ്ഞാൽ തീരുന്ന കാര്യമല്ലേ ഉള്ളൂവെന്നുമായിരുന്നു നടി പറഞ്ഞത്.

എന്നാൽ ലൈം ഗികാതിക്രമത്തെ നിസാരമായി കാണുകയാണ് തന്റെ പ്രതികരണത്തിലൂടെ മാലാ പാർവതി ചെയ്തത് എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. ഭാഗ്യലക്ഷ്മിയും നടി രഞ്ജിനിയും അടക്കം നിരവധി പേർ ഈ പരാമർശത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിക്കുകയാണ് നടി മാലാ പാർവതി.

ഒരിക്കലും ഞാൻ വേട്ടക്കാർക്കൊപ്പമല്ല,ഇരയ്ക്കൊപ്പം തന്നെയാണ്. വേട്ടർക്കാർക്കൊപ്പമാണെന്ന സംശയം എന്നെ കുറിച്ച് വരുന്നത് എനിക്ക് അറിയില്ല. ചില കാര്യങ്ങളിൽ എന്റെ ചില വ്യക്തിത്വത്തിന്റെ പ്രശ്നങ്ങൾ ഉണ്ട്. ചില സൗഹൃദങ്ങൾ വരുന്ന സമയത്ത് ബന്ധങ്ങൾ വരുന്ന സമയത്ത് തത്കാലം ആ പ്രശ്നത്തിൽ നിന്നും മാറി നിൽക്കം എന്നൊരു മനസ് എനിക്കുണ്ട്. തറയിൽ കിടന്ന് ചവിട്ട് വാങ്ങുകയാണ്. ഞാനും കൂടെ ചവിട്ടേണ്ടെന്ന തോന്നലാണ്. ആ മനസ് എനിക്ക് പ്രശ്നമായി ഭവിച്ചിട്ടുണ്ട്.

ഞാൻ മാറി നിൽക്കുമ്പോൾ നിലപാടുകൾ ലഘുപ്പെടുന്നില്ല, പക്ഷെ മാറി നിൽക്കുമ്പോൾ അങ്ങനെ ആളുകൾക്ക് തോന്നുന്നതാണ്. വളരെ ചെറിയ പ്രായത്തിലാണ് കാവ്യ മാധവനുമായി സൗഹൃദം ഉണ്ടാകുന്നത്. പ്രശ്നം മൂത്ത് വരുമ്പോൾ അവരുടെ കുടുംബത്തെ കുറിച്ചുള്ള അറ്റാക്കുകൾ ഒക്കെ കൂടിയ സമയത്ത് ഞാനും കൂടെ ചവിട്ടേണ്ടെന്ന് വിചാരിച്ചു. എന്നല്ലാതെ അങ്ങനെയൊരാളുടെ സിനിമ കാണുകയോ അവരുടെ കൂടെ അഭിനയിക്കുകയോ ചെയ്തിട്ടില്ല.

നീതി എന്ന് പറയുന്നിടത്ത് മാത്രമല്ല ഒരു കംപാഷനും കൂടെ വേണം. സൈക്കോളജി പഠിച്ചതിനെക്കാൾ ചിലരോട് സംസാരിച്ചതിൽ നിന്ന് സംഭവിച്ചതാണ്. മറ്റേ ആളെ കേൾക്കാനുള്ള മനസ് വേണം. ഒരിക്കൽ എംടി സാർ ഒരു കഥ പറഞ്ഞു, ആറ് മാസം പ്രായമായൊരു കുഞ്ഞിനെ മതിലിൽ അടിച്ച് കൊന്നൊരു പിതാവിനെ ജയിലിൽ പോയി കണ്ട കഥ. എന്താണെന്ന് അറിയാനായിരുന്നു അദ്ദേഹം പോയത്.

അപ്പോൾ അയാൾ പറഞ്ഞത് ആറ് ദിവസം ട്രക്ക് ഓടിച്ച് വന്നതായിരുന്നു, ഉറക്ക ക്ഷീണത്തിലിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞു, ശബ്ദം കേട്ട് അറിയാതെ ചെയ്ത് പോയതാണെന്ന്. ഇങ്ങനെ അറിയാതെയായിരിക്കും എപ്പോഴും ചെയ്യുന്നതെന്ന് പറയുന്നില്ല. എന്നിരുന്നാലും അവർക്ക് എന്താണ് സംബവിച്ചതെന്ന് അറിയാൻ കൊച്ചിലെ മുതൽ എനിക്കൊരു മനസുണ്ട്. ഇന്നത്തെ കാലത്ത് അത് പാടില്ല. പ്രത്യേകിച്ച് ടെലി വിളിച്ച് പറയാൻ പറയുമ്പോൾ നമ്മുടെ മനസ് ഇങ്ങനെ പ്രവർത്തിക്കുന്നത് മോശമാണ്. എന്തോ മനസ് തീവ്രമാകുന്നില്ല.

ഒരു പത്രം എഴുതിയത് ലൈംഗികാതിക്രമതെ തമാശയായ കണ്ട് മാലാ പാർവതി എന്നാണ്. ഈ ലൈംഗികാതിക്രമം ഒരു അംബ്രല്ല വേഡ് ആണ്. തുറിച്ചുനോട്ടം, റേപ്പ് , റേപ്പ് ചെയ്ത് കൊലപ്പെടുത്തൽ,ഗാർഹിക പീഡനം, പോക്സോ എന്നിങ്ങനെ ഭീകരമായൊരു വാക്കാണ്. ഇതിനെയൊക്കെ വെവ്വേറെ കാണണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. ഞാനൊരു അവസരവാദിയാണ്, എന്നോട് പുച്ഛം തോന്നുന്നുവെന്ന് പറഞ്ഞതൊക്കെ ഞാൻ അംഗീകരിക്കുന്നത്. ഇത്രയും കാലം ഞാൻ ആരായിരുന്നുവെന്നതൊക്കെ മറന്നുകൊണ്ട് കുറ്റം പറയുന്ന സമയത്ത് ഞാൻ അവരെ കുറ്റം പറയുന്നില്ല.

വിജയ് ബാബു വിഷയത്തിൽ ഞാൻ ഒരു ഐസി മെമ്പറാണ്. എനിക്ക് ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ഞാൻ അമ്മയിൽ നിന്നും രാജിവെച്ചത്. എനിക്കെന്റെ അവസരമോ സിനിമയോ ഒന്നും വിഷയമായിരുന്നില്ല. ഇപ്പോഴും തന്ത്രപരമായ ഉത്തരം പറഞ്ഞ് എനിക്ക് ഒഴിയാം. പൊതുസമൂഹം എന്താണോ ആഗ്രഹിക്കുന്നത്, ആവശ്യപ്പെടുന്നത് അതിന് അനുസരിച്ച് സംസാരിച്ച് കൈയ്യടി വാങ്ങാൻ വാക്ക് സാമാർത്ഥ്യമുള്ള വ്യക്തി തന്നെയാണ് ഞാൻ.

പോടാ എന്നത് പ്രതിരോധം എന്ന അർത്ഥത്തിൽ ഞാൻ പറഞ്ഞ വാക്കാണ്. അത് പിടിച്ചാണ് പലരും പറയുന്നത്. ഈ വിഷയത്തിൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നാണ് എന്റെ നിലപാട്. ചിലർക്ക് നോട്ടം കൊണ്ട് നിർത്താൻ പറ്റും , ചിലർക്ക് പോടാ വേണ്ടി വരും, ചിലർക്ക് തെറി പറയേണ്ടി വരും, എന്ത് തന്നെ ആയാലും പ്രതികരിക്കണം എന്നാണ് ഞാൻ അന്നും ഇന്നും പറയുന്നത്.

കലിങ്കിലിരുന്ന് കമന്റടിക്കുന്നത് പോലുള്ള അമ്മാവൻമാരും മുതിർന്ന നടൻമാരുമൊക്കെ നമ്മുടെ കൂടെ അഭിനയിക്കുന്നുണ്ടാകും. ആ സമയത്ത് നമ്മൾ ഭയങ്കരമായി വഴക്കുണ്ടാക്കിക്കഴിഞ്ഞാൽ ആ സിനിമയിൽ നമ്മളെ കുഴപ്പക്കാരിയാക്കും. എനിക്ക് ഇപ്പോൾ ആരെങ്കിലും മെസേജ് ഒക്കെ അയച്ച് വെക്കുക, അപ്പോൾ ലൊക്കേഷനിൽ വെച്ച് ഞാൻ ഉറക്കേ അയാളോട് ചോദിക്കും, സാർ മെസേജ് അയച്ചിരുന്നോ എന്തായിരുന്നു എന്നൊക്കെ. അവിടെ നിൽക്കും അത്.

സിമ്പിൾ ആയ ചോദ്യമാണത്. പക്ഷെ പബ്ലിക് ഷെയ്മിങ് നടത്തുന്നുവെന്ന ഭയം കാരണം അത് അവസാനിപ്പിക്കും. ചിലർ രാത്രി ഫോൺ ചെയ്തിരുന്നു. അവർ ഒരു മൂഡിലായിരിക്കും സംസാരിക്കുക, ഞാൻ പക്ഷെ അരോചകമായി പ്രതികരിക്കും, അതോടെ അവർ വിളിക്കില്ല. പ്രതികരിക്കാൻ പല മാർഗങ്ങളുണ്ട്. കേസ് കൊടുക്കേണ്ടെന്നല്ല ഞാൻ പറഞ്ഞത്. പരാതി കൊടുക്കണം. പക്ഷേ ആ സമയത്ത് തന്നെ പ്രതികരിക്കണമായിരുന്നു, സിനിമ പോലെ സവിശേഷമായ തൊഴിലിടത്ത് ഇത്തരം പ്രതികരണം ആവശ്യമാണ്.

പബ്ലിക് ആയിട്ടാണ് ആ നടൻ പറഞ്ഞതെന്നാണ് വിൻസി പറഞ്ഞതായി ഞാൻ മനസിലാക്കുന്നത്. അപ്പോൾ പബ്ലിക് ആയി തന്നെ പ്രതികരിക്കണമായിരുന്നു. അപ്പോൾ തന്നെ എല്ലാവരും അറിയും. പഴയ സിനിമയിൽ ആണെങ്കിൽ സ്ത്രീ ട്രാപ്പ്ഡ് ആകും. പക്ഷെ ഇപ്പോഴത്തെ സിനിമയാണെങ്കിൽ സ്ത്രീ എംപവേഡ് ആകും.

തമാശ രൂപേണയായാലും പ്രതികരിക്കുമ്പോൾ അതിന് കൃത്യമായി മറുപടി കൊടുക്കണം. ഞാൻ പോടാ എന്ന് പറയുന്നത് ശക്തമായ പ്രതികരണമാണ്. പെൺകുട്ടികൾ എന്തിനാണ് മാനസികമായി തളരേണ്ടത് എന്നാണ് ഞാൻ ചോദിച്ചത്, പെൺകുട്ടികളല്ല തളരേണ്ടത്, തെറ്റ് ചെയ്യുന്നവരാണ്. നമ്മളെ ഒരു പ്രശ്നക്കാരിയായി മുദ്രകുത്തപ്പെടരുത്. ഞാൻ ഹാപ്പി സർദാർ എന്ന സിനിമയിൽ അനുഭവിച്ചിട്ടുണ്ട്, എന്റെ എടുത്ത് ചാടലും പ്രതികരണവും കൊണ്ട് ഒരുപാട് സിനിമകളിൽ നിന്നും മാറ്റി നിർത്തപ്പെട്ട ആളാണ് ഞാൻ. വിൻസിയെ പോലെ സ്റ്റേറ്റ് അവാർഡ് വാങ്ങിയ മിടുക്കിയായൊരു കുട്ടി എന്തിനാണ് മാനസികമായി തകരുന്നത്. തിരിച്ച് നല്ലത് പറയണ്ടേ, എന്റെ വാക്കാണ് പോടാ എന്നത്, എനിക്ക് ആ വാക്ക് മാത്രം മതി.

വിൻസിയോട് പറഞ്ഞത് പോലെ എന്നോട് പറഞ്ഞാൽ ആ പറയുന്ന വ്യക്തിയുടെ വ്യക്തിത്വം എനിക്ക് പ്രധാനമാണ്. എന്നെ ട്രാപ്പ് ചെയ്യാൻ ഉദ്ദേശിച്ചാണ് പറയുന്നതെങ്കിൽ ആ സമയത്ത് തന്നെ പ്രൊഡ്യൂസറോടും സംവിധായകനോടും പറയും. എന്നാൽ ദുർബലനായ ഒരു വ്യക്തിയാണ് എന്നോട് കോമഡി പറയാൻ ശ്രമിച്ചതെങ്കിൽ ആ രീതിക്ക് പ്രതികരിക്കും. ഞാൻ പ്രതികരിക്കുന്ന രീതിയിൽ തന്നെ വിൻസിയോട് പ്രതികരിക്കാൻ ഞാൻ പറഞ്ഞിട്ടില്ല. എനിക്ക് പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പോലീസ് കേസ് കൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ട് എന്നും മാലാ പാർവതി പറഞ്ഞു.

സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഷൈൻ ടോം ചാക്കോ വിൻസിയോട് അപമര്യാദയായി പെരുമാറിയത്. റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് സൂത്രവാക്യം. ലഹരി ഉപയോഗിച്ച് ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു ഈ സംഭവമെന്നും വിൻസി അമ്മയ്ക്ക് നൽകിയ പരാതിയിലുണ്ട്.

ഫിലിം ചേംബറിനും അമ്മയ്ക്കും പുറമെ സൂത്രവാക്യം സിനിമയിടെ ആഭ്യന്തര പരാതി പരിഹാര സമിതിയ്ക്കും വിൻസി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഒരു സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ലഹരി ഉപയോഗിക്കുന്ന നടൻമാർക്കൊപ്പം അഭിനയിക്കില്ല എന്നും താരം പറഞ്ഞിരുന്നു.

‘ഷൂട്ടിംഗിനിടെ എന്റെ വസ്ത്രത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ അത് ശരിയാക്കാൻ പോയി. അപ്പോൾ ഞാനും വരാം ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു,’ എന്നായിരുന്നു വിൻസി പറഞ്ഞിരുന്നത്. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വായിൽ നിന്ന് വെളുത്ത നിറത്തിലുള്ള ഒരു പൊടി തുപ്പുന്നത് കണ്ടിരുന്നു എന്നും വിൻസി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാർക്കെതിരെ ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. അഭിനേതാക്കൾക്കു സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും. സിനിമ സെറ്റുകളിലും താരങ്ങളെ പങ്കെടിപ്പിച്ചു ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന ആഘോഷ പാർട്ടികളിലും ലഹരിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

സിനിമക്കാർക്ക് ഒരുതരത്തിലുള്ള പരിരക്ഷയും നൽകില്ല. പരാതി ലഭിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. സിനിമ സംഘടനകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുവരാൻ നടി വിൻ സി അലോഷ്യസിന് ഉൾപ്പെടെ കൗൺസലിങ് നൽകും. പരാതിക്കാർക്ക് എല്ലാ രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കും.

ലഹരിക്കെതിരായ ഡി ഹണ്ട് യജ്ഞത്തിൽ ഇതുവരെ 11,000 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതു റെക്കോർഡാണ്. ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ എല്ലാ ജില്ലകളിലും സ്ഥിരം ടീമിനെ സജ്ജമാക്കുന്നതു പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘മെഗാ സൂംബ’ നൃത്തപരിപാടി 30ന് 5 മുതൽ 6 വരെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നിന്നുള്ള 1500 വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ സാക്ഷ്യം വഹിക്കാനെത്തും.

Vijayasree Vijayasree :