ബിജെപിയില്‍ അംഗത്വമെടുത്ത് മേജര്‍ രവി

നടനും ചലച്ചിത്ര സംവിധായകനുമായ മേജര്‍ രവി ബിജെപിയില്‍. പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിന് മുന്നോടിയായി അദ്ദേഹം ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനികരുടേയും വിരമിച്ച സൈനികരുടേയും വിഷയങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ മേജര്‍ രവി ഉന്നയിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

കാലങ്ങളായി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നയാളാണ് മേജര്‍ രവി. തിരഞ്ഞെടുപ്പിലടക്കം പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രചരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സംസ്ഥാന ബിജെപി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മേജര്‍ രവി രംഗത്തെത്തുകയായിരുന്നു. ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തരവാണെന്നും സ്വന്തം നേട്ടത്തിന് വേണ്ടിയാണ് പലരും പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു മേജര്‍ രവി തുറന്നടിച്ചത്.

കേന്ദ്രത്തില്‍ ബിജെപിയാണെന്ന് പറഞ്ഞ് അതിന്റെ ഗുണം വാങ്ങിക്കുന്ന നേതാക്കന്‍മാരേയാണ് താന്‍ ഇവിടെ കാണുന്നതെന്നും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു മേജര്‍ രവി പറഞ്ഞത്. ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന പദ്ധതികള്‍ പോലും കൃത്യമായിട്ട് അറിയിക്കാന്‍ പോലും പറ്റാത്ത നേതൃത്വമാണ് ഇവിടെയിരിക്കുന്നത്.

കേരളത്തിലെ ബി ജെ പി നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അങ്ങനെയുള്ളവരെ ഇനിയും തിരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ സമ്മതിക്കില്ല. എന്തായാലും ജയിക്കില്ല. എന്നാലും അവരെ തുറന്ന് കാട്ടേണ്ടത് എന്റെ കടമയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധരാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കര്‍മ്മയോദ്ധ ഉള്‍പ്പെടെയുള്ള സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് മേജര്‍ രവി.

Vijayasree Vijayasree :