തെലുങ്ക് താരം മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലിനായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ചിരഞ്ജീവി, ജൂനിയർ എൻടിആർ ഉൾപ്പടെ തെലുങ്ക് സിനിമയിലെ നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചിട്ടുണ്ട്. ‘സൂപ്പർസ്റ്റാർ കൃഷ്ണ, ഒരു യുഗത്തിന് അവസാനമായിരിക്കുന്നു. മഹേഷ് ബാബുവിനും കൃഷ്ണ സാറിന്റെ മുഴുവൻ കുടുംബത്തിനും എല്ലാ തെലുങ്ക് സിനിമാ ആരാധകനും അനുശോചനം അറിയിക്കുന്നു’, നടൻ നാനി ട്വീറ്റ് ചെയ്തു.
1942 മേയ് 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി എന്നാണ് മുഴുവൻ പേര്. 1960കളിൽ അഭിനയ മേഖലയിലേക്ക് എത്തിയ അദ്ദേഹം സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ വേഷത്തിലൂടെയാണ് പ്രശസ്തി നേടിയത്. തുടർന്ന് അദ്ദേഹം സൂപ്പർതാര പദവിയിലേക്കുമെത്തി.തന്റെ അഭിനയ ജീവിതത്തിൽ 350ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സംവിധായകനും നിർമാതാവും കൂടിയാണ്.
2009ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.ഈ വർഷം സെപ്റ്റംബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിരാദേവി മരിച്ചത്. അദ്ദേഹത്തിന്റെ മൂത്തമകനും മഹേഷിന്റെ സഹോദരനുമായ രമേഷ് ബാബുവും ജനുവരിയിൽ മരിച്ചിരുന്നു.