പരാജയപ്പെട്ട ചിത്രത്തിന്റെ റീ റിലീസ്; തിയേറ്ററിനുള്ളിൽ പാമ്പുമായി എത്തി പരിഭ്രാന്തി പരത്തി മഹേഷ് ബാബു ആരാധകൻ; വൈറലായി വീഡിയോ

15 വർഷങ്ങൾക്കുമുമ്പ്‍ ഇറങ്ങി പരാജയപ്പെട്ട മഹേഷ് ബാബു ചിത്രമാണ് ഖലീജ. ഇപ്പോൾ ചിത്രം റീ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ റീ റിലീസിങ് കേന്ദ്രങ്ങളിൽ ആരാധകരുടെ അതിരുകടന്ന ആരാധന തിയേറ്ററുടമകളെയും മറ്റ് കാണികളെയും തലവേദനയിലാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ മഹേഷ് ബാബുവിനോടുള്ള ആരാധനമൂത്ത ഒരു ചെറുപ്പക്കാരൻ കയ്യിൽ ജീവനുള്ള പാമ്പുമായാണ് തിയേറ്ററിലെത്തിയത്. വിജയവാഡയിലാണ് സംഭവം. ഖലീജ എന്ന ചിത്രത്തിലെ ഒരു രം​ഗത്തിൽ മഹേഷ് ബാബു മരുഭൂമിയിലൂടെ കയ്യിൽ പാമ്പിനെപ്പിടിച്ച് നടക്കുന്ന ഒരു രം​ഗമുണ്ട്. ഈ രം​ഗമാണ് ആരാധകനായ യുവാവ് അനുകരിച്ചത്.

ആ രം​ഗം സ്ക്രീനിൽ വന്നപ്പോൾ ഇയാൾ പാമ്പുമായി സ്ക്രീനിനു മുന്നിലൂടെ നടക്കുകയും ഈ സമയത്ത് പാമ്പ് അനങ്ങുകയും ചെയ്തു. ഇതാടെ പരിഭ്രാന്തിയിലായ ആളുകൾ ഭയന്ന് നിലവിളിക്കുന്നതും ഒഴി‍ഞ്ഞുമാറുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ കാണാം.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം 2010ൽ ആയിരുന്നു ആദ്യം തിയേറ്ററുകളിൽ എത്തിയത്. അനുഷ്‌ക ഷെട്ടി, പ്രകാശ് രാജ്, റാവു രമേശ്, ഷാഫി, സുനിൽ, അലി, സുബ്ബരാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മലയാളത്തിൽ ഭദ്ര എന്ന പേരിൽ മൊഴിമാറ്റി ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

Vijayasree Vijayasree :