ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്ന് ഹര്‍ജി; പിന്നാലെ സംവിധായകനെതിരെ മദ്രാസ് ഹൈക്കോടതി

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി മദ്രാസ് ഹൈക്കോടതിയിലെത്തിയത്. ഇപ്പോഴിതാ ഇതിന് നടപടിയുമായി എത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഹര്‍ജിയില്‍ ലോകേഷ് കനകരാജിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

‘ലിയോ’ സിനിമ കണ്ട് മാനസിക സമ്മര്‍ദ്ദത്തിലായ തനിക്ക് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സംവിധായകന്റെ മാനസികനില പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകന്‍ ആണ് ഹര്‍ജിക്കാരന്‍. ലിയോ കണ്ടു തനിക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടു. നഷ്ടപരിഹാരമായി 1000 രൂപ നല്‍കണം. സ്ത്രീകളെ കൊ ല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന ലോകേഷിന് ക്രിമിനല്‍ മനസ് ആണ്. ലിയോ ടിവിയില്‍ കാണിക്കുന്നത് വിലക്കണം എന്നീ ആവശ്യങ്ങളും ആരോപണങ്ങളുമാണ് ഹര്‍ജിയിലുള്ളത്.

അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ വിജയ് ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്. 148 കോടി ഓപ്പണിംഗ് ദിന കളക്ഷന്‍ നേടിയ ചിത്രം 615 കോടി രൂപയാണ് തിയേറ്ററില്‍ നിന്നും നേടിയത്. ലോകേഷ് കനകരാജിനുള്ള സീകാര്യത കൂടിയാണ് ലിയോയുടെ വന്‍ വിജയത്തിന് കാരണമായത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് വിജയ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Vijayasree Vijayasree :