മൻസൂർ അലിയ്ക്ക് തിരിച്ചടി;കേസ് കൊടുക്കേണ്ടത് തൃഷ; പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ വിമർശനം!!!

ഇന്ത്യന്‍ സിനിമാ ലോകത്ത് പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് തൃഷ. തമിഴ്, തെലുങ്ക് സിനിമാകളിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ തൃഷയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്. ഇടയ്ക്ക് സിനിമയില്‍ നിന്ന് ചെറിയ ഇടവേളയുണ്ടായെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തിയ താരം കൂടിയാണ് തൃഷ.

ലിയോ ആയിരുന്നു തൃഷയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് നായകനായ ചിത്രത്തിൽ നായികയായാണ് തൃഷ എത്തിയത്. നിരവധി താരങ്ങൾ അണിനിരന്ന ചിത്രം വൻ ഹിറ്റായിരുന്നു.

എന്നാൽ കുറച്ചു നാളുകളായി ഏറെ വിവാദങ്ങളിൽപ്പെട്ടിരിക്കുകയാണ് നടി. തൃഷയെ കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ വിവാദ പരാമർശം കഴിഞ്ഞ വാരങ്ങളില്‍ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. ‘ലിയോ ’സിനിമയുമായി ബന്ധപെട്ടുള്ള അഭിമുഖത്തിനിടെയായിരുന്നു തൃഷയ്‌ക്കെതിരെ മൻസൂർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.

എന്നാൽ കഴിഞ്ഞ ദിവസം നടി തൃഷയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി നടൻ മൻസൂർ അലി ഖാൻ രംഗത്തുവന്നിരുന്നു. ‘എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ കേസ് നൽകിയിരുന്നു.

എന്നാൽ താൻ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമായിരുന്നു മൻസൂർ ഉന്നയിച്ച വാദം. വിവാദം കനത്തപ്പോള്‍ മൻസൂർ തൃഷയോട് മാപ്പ് പറയുകയും, പിന്നാലെ നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് മൻസൂറിന്റെ ഈ അപ്രതീക്ഷിത നീക്കം നടന്നത്.

എന്നാൽ മൻസൂർ നൽകിയ മാനനഷ്ടകേസിനെതിരെ കോടതി രൂക്ഷ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ്. കേസ് കൊടുക്കേണ്ടത് തൃഷയാണെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വാദം. കേസ് കൊടുക്കേണ്ടത് തൃഷയാണെന്നും, പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും കോടതി വിമർശിച്ചു. കേസ് ഈ മാസം 22ലേക്ക് മാറ്റിവെച്ചതായും കോടതി അറിയിച്ചു.

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്. ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞതിന് വിമർശനവുമായി തൃഷ രംഗത്തുവന്നിരുന്നു.

തനിക്കെതിരായുള്ള മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയിൽ അപലപിക്കുന്നുവെന്നും നടൻ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നുമായിരുന്നു തൃഷ പറഞ്ഞിരുന്നത്. ട്വിറ്റർ ഹാൻഡിലിലൂടെ ആയിരുന്നു നടി പ്രതികരിച്ചത്. “മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി.

ഞാൻ അതിൽ ശക്തമായി അപലപിക്കുകയാണ്. ലൈംഗികl, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തും. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്”, എന്നാണ് തൃഷ കുറിച്ചത്.

ഇതിനെതിരെ തൃഷയ്ക്ക് പിന്തുണയുമായി ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും നടി മാളവികയും രം​ഗത്തെത്തിയിരുന്നു. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിരാശയും രോഷവും തോന്നിയെന്ന് ലോകേഷ് ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിഷയത്തിൽ തൃഷയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ലോകേഷിന്റെ കുറിപ്പ്. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തെ അപലപിക്കുന്നു എന്നും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ മൻസൂർ അലി ഖാന്റെ വാക്കുകൾ അത്രമേൽ വെറുപ്പുളവാക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് നടി മാളവിക എക്സിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ഇയാൾ എങ്ങനെയാണ് കാണുന്നതെന്നും അവരെക്കുറിച്ച് ചിന്തിക്കുന്നതെന്നുമുള്ള കാര്യം വളരെയേറെ ലജ്ജിപ്പിക്കുന്നതാണെന്ന് മാളവിക പറഞ്ഞു. പരസ്യമായും പ്രത്യാഘാതങ്ങളേക്കുറിച്ച് ആശങ്കപോലുമില്ലാതെയാണി​ദ്ദേഹം സംസാരിക്കുന്നത്. നിങ്ങളെക്കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്നും ഇത് വിചാരിക്കുന്നതിനേക്കാൾ നികൃഷ്ടമാണെന്നും മാളവിക കൂട്ടിച്ചേർത്തു.

Athira A :