നവതിയുടെ നിറവില്‍ മലയാള സിനിമയുടെ കാരണവര്‍; ആശംസകളുമായി മലയാളികള്‍

മലയാളത്തിന്റെ സ്വന്തം താരമാണ് മധു. ഇന്ന് തന്റെ 90ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. നീണ്ട അറുപത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ കേവലം നായക കഥാപാത്രമായി മാത്രം ഒതുങ്ങി നില്‍ക്കാതെ, വില്ലനായും, സഹ നടനായും, അച്ഛനായും, അമ്മാവനായും തിരശീലയ്ക്ക് പുറത്ത് സംവിധായകനായും, ഗായകനായും, നിര്‍മ്മാതാവായും അദ്ദേഹം നിറഞ്ഞുനിന്നു.

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബര്‍ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ നാഗര്‍കോവിലിലെ എസ് ടി ഹിന്ദു കോളേജിലും സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജിലും ഹിന്ദി അധ്യാപകന്‍ ആയി സേവനമനുഷ്ഠിച്ചു.

അപ്പോഴും മാധവന്‍ നായരുടെ മനസ്സിലെ അഭിനയമോഹം കെട്ടങ്ങിയിരുന്നില്ല. ഒരിക്കല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ട അദ്ദേഹം രണ്ടും കല്‍പ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡല്‍ഹിക്ക് തിരിച്ചു. 1959 ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു. എന്‍.എസ്.ഡിയില്‍ പഠിക്കുന്ന കാലത്ത് രാമു കാര്യാട്ടുമായി അടുപ്പത്തിലായി. പഠനം പൂര്‍ത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യം.

1962ലാണ് മാധവന്‍ നായര്‍ എന്ന മധു മൂടുപടമെന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കു കടന്നുവരുന്നത്. അതിനൊപ്പം തന്നെ ‘നിണമണിഞ്ഞ കാല്പാടുകളിലും’ അദ്ദേഹം അഭിനയിച്ചു. രണ്ടു ചിത്രങ്ങളും മലയാളസാഹിത്യത്തില്‍ തലപ്പൊക്കം നേടിയ രണ്ടു സാഹിത്യസൃഷ്ടികള്‍ ആയിരുന്നു. ആദ്യത്തേത് എസ് കെ പൊറ്റെക്കാട്ടിന്റേതും രണ്ടാമത്തേത് പാറപ്പുറത്തിന്റേതുമായിരുന്നു.

സത്യനും പ്രേംനസീറും നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സിനിമയിലേക്കെത്തിയതെങ്കിലും അധികം വൈകാതെ സ്വതസ്സിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാന്‍ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവര്‍ന്നു. വിഖ്യാത എഴുത്തുകാരായ ബഷീര്‍, എം.ടി വാസുദേവന്‍ നായര്‍, പാറപ്പുത്ത്, എസ്.കെ. പൊറ്റെക്കാട്, തോപ്പില്‍ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരുടെ സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള അവസരം മധുവിന് ലഭിച്ചു.

ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗവിനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍ പ്രേമത്തിലെ ഇക്കോരന്‍, ഏണിപ്പടികളിലെ കേശവപിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ്.. തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ ലിപികളില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി എന്ന ദുരന്ത കാമുകന്‍ നടന്നുകയറിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. മന്നാഡേ ആലപിച്ച ‘മാനസമൈനേ വരൂ….’ എ ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷവും മധുവിനെ കാണുമ്പോള്‍ ചെമ്മീനിലെ സംഭാഷങ്ങളും ഗാനങ്ങളുമാണ് പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത്.

ഒട്ടേറെ ചിത്രങ്ങളില്‍ നായക വേഷത്തില്‍ മധു തിളങ്ങി. ഭാര്‍ഗവീ നിലയം, അദ്ധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേഥം, തുലാഭാരം, ആഭിജാത്യം, സ്വയംവരം, ഉമ്മാച്ചു, തീക്കനല്‍, യുദ്ധകാണ്‍ഠം, നീതിപീതം, ഇതാ ഇവിടെവരെ തുടങ്ങിയ ചിത്രങ്ങളിലുടെ മധു മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. കാലം മാറുന്നതിനൊപ്പം അദ്ദേഹത്തിന്റെ വേഷങ്ങളിലും മാറ്റംവന്നു. മുഖ്യധാരാ സിനിമയിലും സമാന്തര സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു. അതുകൊണ്ടുതന്നെ മധു എന്ന നായകനെ മനസ്സില്‍ കുടിയിരുത്തിയ ആരാധകര്‍ കുടുംബനാഥനും മുത്തച്ഛനുമൊക്കെയായി അദ്ദേഹം എത്തിയപ്പോള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുതായിരുന്നില്ല. സംവിധായകന്‍, നിര്‍മാതാവ്, സ്റ്റുഡിയോ ഉടമ, സ്‌കൂള്‍ ഉടമ, കര്‍ഷകന്‍ തുടങ്ങിയ റോളുകളിലും തിളങ്ങി. മലയാള സിനിമയെ ചെന്നൈയില്‍നിന്നും കേരളത്തിലേക്ക് പറിച്ചുനടുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് വള്ളക്കടവില്‍ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്.

മറ്റു പല സിനിമാ നിര്‍മാതാക്കള്‍ക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി. 1970ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് പതിനാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രന്‍, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു.

Vijayasree Vijayasree :