പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും ഇപ്പോഴും സജീവമായി തുടരുകയാണ് അദ്ദേഹം. ഈ വേളയിൽ അദ്ദേഹം കേന്ദ്രമന്ത്രി ആയതിൽ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ. സുരേഷ് ഗോപിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഫിലിം ഫ്രട്ടേണിറ്റി നൽകിയ ആദരവിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി എന്ന നന്മയുള്ള മനുഷ്യന് ഇങ്ങനെയൊരു സ്ഥാനത്ത് എത്താൻ കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്. തൊണ്ണൂറുകൾ മുതൽ സുരേഷിനെ എനിക്ക് പരിചയമുണ്ട്. എന്റെ ആദ്യ സിനിമ കാശ്മീരം സുരേഷിനൊപ്പമായിരുന്നു. നന്മയുള്ള, സ്നേഹമുള്ള ഒരു വ്യക്തിയാണ് സുരേഷ്. മനുഷ്യനെ സഹായിക്കാൻ വേണ്ടി തന്റെ സമയവും സ്വത്തും ചെലവഴിക്കാൻ ധൈര്യമുള്ള ഒരാളാണ്.
അങ്ങനെയുള്ള വ്യക്തികൾ സമൂഹത്തിൽ വളരെ കുറവാണ്. സുരേഷ് ഗോപി എന്ന വ്യക്തിക്ക് ഒരു നന്മയുടെ മനസ്സ് ഉണ്ട് എന്നതാണ് സത്യം. എംപി ആകുന്നതിനു മുൻപും കോടീശ്വരൻ എന്ന പരിപാടിയിലൂടെ ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്.
തന്റെ കഴിവുകളെല്ലാം നന്മയുടെ ഭാഗത്തിനു വേണ്ടി നൽകുന്ന വ്യക്തിയാണ് സുരേഷ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുന്ന കൊണ്ടാണ് ഇത്തരമൊരു പദവിയിലേക്ക് സുരേഷ് ഗോപിക്ക് എത്താൻ കഴിഞ്ഞത്.
കേരളത്തിലെ മുഴുവൻ ആളുകൾക്കും ഇതൊരു നേട്ടമാണ്. പെട്ടെന്ന് കാര്യങ്ങൾ നടത്തിയെടുക്കാനുള്ള സന്മനസ്സ് സുരേഷ് ഗോപിക്കുണ്ട്. അത് ഞാൻ അനുഭവിച്ചിട്ടുള്ളതാണ്. ഒരു വ്യക്തി എന്ന നിലയിൽ ഉപരി സമൂഹത്തിന്റെ ഭാഗമായി മാറുന്ന ഒരാളാണ് സുരേഷ് ഗോപി.
ഭാരതത്തിലെ മുഴുവൻ ആളുകൾക്കും ഗുണകരമാകുന്ന ഒരാളായി മാറും സുരേഷ് ഗോപി എന്നതാണ് എന്റെ പ്രതീക്ഷ. അദ്ദേഹം സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. സുരേഷിന്റെ സിനിമകളെല്ലാം വിജയമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും മധുപാൽ പറഞ്ഞു.