സിനിമക്കാർ പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച് കളിക്കുന്നത് രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രം; തുറന്നടിച്ച് മായാ മേനോൻ

മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത വിവാദത്തില്‍ സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു എന്ന ആരോപണവുമായി നടി മായ മേനോന്‍. സംഭവത്തിനെതിരെ പ്രതികരിച്ച സിനിമക്കാരുടേത് രാഷ്ട്രീയ അജണ്ടയാണെന്ന് നടി പറയുന്നു. സെറ്റിനെ വെറും സെറ്റായി കാണണമെന്നും അതിൽ ജാതിയും മതവും കൂട്ടിക്കലർത്തരുതെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ വഴി നടി ചൂണ്ടിക്കാട്ടുന്നു.

‘കുറ്റം ചെയ്തവരെ, അവര്‍ ഏത് പാര്‍ട്ടിയില്‍ ഉള്ളവരാണെങ്കിലും, കേസ് ഫയല്‍ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടൂ. അതിന് വേണ്ടി എല്ലാ സോ കോള്‍ഡ് സിനിമക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച് കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രം അല്ലേ? എന്നാണെന്റെ ചോദ്യം’ നടിയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്.

‘സാമൂഹ്യദ്രോഹികള്‍, റേപ്പിസ്റ്റുകള്‍, കൈക്കൂലിക്കാര്‍, വിവരദോഷികളായ രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഒക്കെ ഒരു പാര്‍ട്ടിയില്‍ മാത്രമോ, ഒരു ജാതിയില്‍ മാത്രമോ, ഒരു മതത്തില്‍ മാത്രമോ ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. കാരണം,അനേകം അനുഭവങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട് എന്നത് തന്നെ. ഇത് പക്കാ സാമൂഹ്യദ്രോഹം തന്നെ ആയി കരുതിയാല്‍ മതി, ഒപ്പം ഈ സാമൂഹ്യദ്രോഹം ചെയ്തവര്‍ക്ക് എതിരെ തീര്‍ച്ചയായും വേണ്ട നിയമ നടപടികള്‍ എടുക്കുക തന്നെ വേണം. കാരണം,നിയമാനുസൃതം ആനുവാദം വാങ്ങി ഒരു കഥയ്ക്ക് അനുസരിച്ചു നിര്‍മ്മിച്ച ആ സെറ്റിന് ചിലവിട്ട പണത്തേക്കാള്‍ കൂടുതല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ പാവപ്പെട്ട ഒരുപാട് മനുഷ്യരുടെ ഒക്കെ രാപ്പകല്‍ കഠിനാധ്വാനം ഒക്കെ കൊണ്ടായിരിക്കും ആ സെറ്റ് തയ്യാറാക്കിയിട്ടുണ്ടാവുക എന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടും, ഈ ചെയ്ത പ്രവര്‍ത്തിയില്‍ സമൂഹത്തിന് ദ്രോഹം അല്ലാതെ, യാതൊരു ഗുണവും പ്രഥമ ദൃഷ്ട്യാ കാണാത്തത് കൊണ്ടും ഇത്തരം അനാവശ്യം ചെയ്ത ആളുകള്‍ക്ക് മാതൃകാപരമായ തക്ക ശിക്ഷ തന്നെ നല്‍കണം എന്ന് തന്നെയാണ് എന്റെ സ്വന്തം അഭിപ്രായം.

ഇനി നഷ്ടപരിഹാരം കൊടുത്താലും, ഞാന്‍ ആലോചിക്കുന്നത് അത് വീണ്ടും പണിതു ഉണ്ടാക്കുവാന്‍ ആ പാവങ്ങള്‍ ഇനിയും കഷ്ടപ്പെടേണ്ടി വരുമല്ലോ എന്നാണ്. പിന്നെ അമ്പലത്തിന്റെ സെറ്റ് പൊളിച്ചാലും, പള്ളികളുടെ സെറ്റ് പൊളിച്ചാ ലും, അതിന് പിന്നില്‍ ജോലി ചെയ്ത ചെയ്ത പാവം മനുഷ്യരെ ഓര്‍ത്താണ് എന്റെ വിഷമം.. അല്ലാതെ കെട്ടിടത്തെക്കുറിച്ചല്ല. ഇനി അഥവാ ഇത് ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരില്‍ തന്നെ ചെയ്തതതാണെങ്കില്‍ ആ ചെയ്ത വ്യക്തികളോട്, അവരോട് മാത്രം, ഒന്നേ പറയാനുള്ളൂ.. Shame on you narrow minded fools….!’ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടി പറയുന്നു.

Noora T Noora T :