പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തെലുങ്ക് സിനിമാ തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
എസ്.എസ്. രാജമൗലിയുടെ പിതാവും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദിന്റെ മൂത്ത സഹോദരനാണ് ശിവശക്തി ദത്ത. 1932ലാണ് ശിവശക്തി ദത്തയുടെ ജനനം. കൊഡൂരി സുബ്ബറാവു എന്നാണ് യഥാർത്ഥ പേര്. മുംബൈയിലെ സർ ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം അദ്ദേഹം ജന്മനാടായ കൊവ്വൂരിലേക്ക് മടങ്ങി.
സൈ, ഛത്രപതി, രാജണ്ണ, ബാഹുബലി, ആർ.ആർ.ആർ, ഹനുമാൻ എന്നിവയുൾപ്പെടെ രാജമൗലിയുടെയും എം.എം കീരവാണിയുടെയും ചിത്രങ്ങൾക്ക് ദത്ത വരികൾ എഴുതിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ‘ചന്ദ്രഹാസ്’ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംഗീതം, ഗിറ്റാർ, സിത്താർ, ഹാർമോണിയം എന്നിവ പഠിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.