എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ലുക്മാന്‍ അവറാന്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ, മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് ലുക്മാന്‍ അവറാന്‍. സോ,്‌യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

തന്റെ സ്വപ്‌ന നേട്ടത്തേക്കുറിച്ചാണ് ലുക്മാന്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ലുക്മാന്‍. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലാണ് താരം എത്തിയത്. മിഷന്‍ അക്കംബ്ലിഷ്, ഏവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി എന്ന അടിക്കുറിപ്പിലാണ് ഏവറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചത്. സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ്, പരാരി മുഹ്‌സിന്‍, ഫോട്ടോഗ്രാഫര്‍ ഷിനിഹാസ്, സനു സലിം എന്നിവരും ലുക്മാനൊപ്പമുണ്ടായിരുന്നു. നിരവധി പേരാണ് ലുക്മാന് ആശംസകളുമായി എത്തിയിരിക്കുന്നത്.

കൊറോണ ധവാന്‍ ആയിരുന്നു താരം നായകനായി എത്തിയ അവസാന ചിത്രം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാരംഗത്തേക്കെത്തിയ താരം പിന്നീട് ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെ സിനിമയില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു.

ലുക്മാന്റേതായി പുറത്തെത്തിയ സുലൈഖ മന്‍സിലും തിയേറ്ററുകളില്‍ വലിയ ഓളമാണ് ഉണ്ടാക്കിയത്. ജാക്‌സണ്‍ ബസാര്‍ യൂത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലപ്പുറത്തിന്റെ നായകനായാണ് ലുക്മാന്‍ ഇന്ന് അറിയപ്പെടുന്നത്. മലപ്പുറത്തിന്റെ മുത്താണ്, മലപ്പുറത്തിന്റെ നായകനാണ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ വലിയ അഭിമാനവും സന്തോഷവുമാണ് തോന്നുന്നതെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്.

Vijayasree Vijayasree :