വ്യാജപതിപ്പ് പുറത്തു വിട്ട ആളെ പൂട്ടി ലൂസിഫർ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

തീയറ്ററിൽ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആശിർവാദ് സിനിമാസിന്റെ ബാന്നറിൽ പുറത്തിറക്കിയ ലൂസിഫർ എന്ന ചിത്രം .എന്നാൽ ഇതിനിടയിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പൂര്ത്തിറങ്ങുന്നതും അത് അനേകം പേരുടെ കയ്യിൽ എത്തുന്നതും .ചിത്രം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുന്ന അവസരത്തിൽ ആണ് ഈ വ്യാജപതിപ്പ് ഇറങ്ങിയത് .ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ .

ആശീര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യത്തെക്കുറിച്ച്‌ വ്യക്തമാക്കിയത്. . മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, പൃഥ്വിരാജ്, തുടങ്ങിവര്‍ ഈ പോസ്റ്റ് അവരുടെ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിട്ടുണ്ട് . പോസ്റ്റ് ഇതാണ് –

ലൂസിഫറിനെ വമ്ബന്‍ വിജയമാക്കിയ നിങ്ങളേവരോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് തുടങ്ങട്ടെ. വളരെ വേദനയോടെ ആണ് ഞങ്ങള്‍ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നത്. “ലൂസിഫര്‍” എന്ന ഞങ്ങളുടെ ചലച്ചിത്രം വലിയ റെക്കോര്‍ഡ് വിജയം കൈവരിച്ച്‌, മലയാള സിനിമയ്ക്ക് തന്നെ പുതിയ മാനങ്ങള്‍ സമ്മാനിക്കുന്ന ഈ വേളയില്‍, ഇതിനെ തകര്‍ക്കാനും ഇതിന്റെ വ്യാജ പ്രിന്ററുകള്‍ ഇറക്കാനും കച്ചകെട്ടി ഇറങ്ങുന്നവര്‍ ചിലരുണ്ട്. നിയമം ഇവരുടെ പിന്നാലെയും ഉണ്ട്.

ഇത്തരം വ്യാജ പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധം ആണെന്നിരിക്കെ, ഇത് ഡൗണ്‍ലോഡ് ചെയ്യാനും കാണാനും എന്നു മാത്രമല്ല, കണ്ടുകഴിഞ്ഞു “കണ്ടു” എന്ന് ഉറക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടാനും യാതൊരു മടിയും നിയമഭയവും ഇല്ലാത്ത ഒരാള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

സൗദി അറേബ്യയില്‍ നിന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഒരു സിനിമയെപ്പറ്റി, അതോടുന്ന തീയേറ്ററില്‍ പോയിക്കണ്ട ശേഷം, എന്തും പറയാനുള്ള അധികാരവും അവകാശവും എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അസ്‌കര്‍ പൊന്നാനിയെപ്പോലെയുള്ളവര്‍ ചെയ്യുന്നത് അതല്ല, മറിച്ച്‌ സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്.

ഇതിനെ കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല എന്ന് മാത്രമല്ല, വരും കാലങ്ങളില്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍ തടയേണ്ടത് വലിയ ഒരു ആവശ്യവും കൂടി ആണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ നിയമപരമായി നീങ്ങിയതിന്റെ ഫലമായി കേരളാ പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സൗദി ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഇയാള്‍ ജോലിചെയ്യുന്നിടവും കണ്ടെത്തിയിട്ടുണ്ട്. തക്കതായ നിയമനടപടികള്‍ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും ഇയാള്‍ക്കെതിരെ കൈക്കൊള്ളുന്നതാണ്. നാട്ടിലെത്തിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയില്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങള്‍ ചെയ്യുന്നവരെ നേരിടാന്‍ മറ്റു പല മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്, എന്നുകൂടി അറിയിച്ചുകൊള്ളട്ടെ. ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ വിജയിക്കട്ടെ. തിയേറ്ററില്‍ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങള്‍ നേരിടുക തന്നെ ചെയ്യും.

lucifer team against theatre print of the movie

Abhishek G S :