ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തി തമിഴ് സിനിമാ താരങ്ങള്‍. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തിലെത്തി നടന്‍ രജനികാന്തും ധനുഷും വോട്ട് രേഖപ്പെടുത്തി. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലാണ് ധനുഷ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരു താരങ്ങളും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും മഷി പുരട്ടിയ വിരല്‍ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുകയും ചെയ്തു.
അഭിനേതാക്കളായ അജിത് കുമാര്‍, ശിവകാര്‍ത്തികേയന്‍, ഗൗതം കാര്‍ത്തിക് സവിധായകന്മാരായ സുന്ദര്‍ സി, വെട്രിമാരന്‍, ശശികുമാര്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.
തമിഴ്‌നാട്ടില്‍ 39 ലോക്‌സഭാ സീറ്റുകളിലേക്കാണ് ഇന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ തുടരും. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
8.4 കോടി പുരുഷ വോട്ടര്‍മാരും 8.23 കോടി സ്ത്രീ വോട്ടര്‍മാരും 11,371 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അര്‍ഹത നേടിയിരിക്കുന്നത്.