ശ്രീറാം വിദഗ്‌ധ ചികിത്സയിൽ; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ലോകേഷ് കനകരാജ്

മാന​ഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ നിലയിലുള്ള ചിത്രങ്ങളും വിഡിയോയുമായിരുന്നു അടുത്തിടെ നടൻ പങ്കുവെച്ചിരുന്നത്. ഇതോടെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചർച്ചകളും നടന്നിരുന്നു.

ഇപ്പോഴിതാ നടന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്. നടൻ ശ്രീറാം വിദഗ്‌ധ ചികിത്സയിലാണെന്നും ഇപ്പോൾ അദ്ദേഹം ഡോക്ടറുടെ ഉപദേശപ്രകാരം സോഷ്യൽ മീഡിയയിൽ നിന്ന് അൽപം അവധിയെടുക്കുകയാണെന്നും ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ലോകേഷ് കനകരാജിന്റെ കുറിപ്പ് ഇങ്ങനെ;

നടൻ ശ്രീറാം വിദഗ്‌ധ ചികിത്സയിലാണ്. ഇപ്പോൾ അദ്ദേഹത്തിൻ്റെ ഡോക്ടറുടെ ഉപദേശപ്രകാരം സോഷ്യൽ മീഡിയയിൽ നിന്ന് അൽപം അവധിയെടുത്തിരിക്കുകയാണ്. ഈ വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും സുഹൃത്തുക്കളെയും മാധ്യമപ്രവർത്തകരെയും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അതിനാൽ അവൻ്റെ സ്വകാര്യതയ്ക്കുള്ള ആവശ്യകതയെ മാനിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർഥിക്കുകയാണ്. ഊഹാപോഹങ്ങളും തെറ്റായ വിവരങ്ങളും അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ട്. കൂടാതെ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചില വ്യാജവാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ എല്ലാ മീഡിയ പ്ലാറ്റ്‌ഫോമുകളോടും അഭ്യർഥിക്കുകയാണ്.

അദ്ദേഹത്തിൻ്റെ നിലവിലെ അവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളും അഭിമുഖങ്ങളും നീക്കം ചെയ്യണമെന്നും ഞങ്ങൾ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അഭ്യർഥിക്കുന്നു. അഭിമുഖങ്ങളിൽ ചില വ്യക്തികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളൊന്നും ഞങ്ങൾ അംഗീകരിക്കുന്നില്ല, അത് പൂർണ്ണമായും നിഷേധിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ തുടർച്ചയായ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു.

Vijayasree Vijayasree :