നിങ്ങള്‍ ഭയങ്കരം തന്നെ സര്‍; വിജയ് സേതുപതിയുടെ മഹാരാജയ്ക്ക് അഭിനന്ദനങ്ങളുമായി ലോകേഷ് കനകരാജ്

നടന്‍ വിജയ് സേതുപതിയുടേതായി പുറത്തെത്തിയ ചിത്രമാണ് മഹാരാജ. സിനിമയ്ക്ക് എല്ലാ കോണില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മഹാരാജയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. വിജയ് സേതുപതിയെ അഭിനന്ദിച്ച താരം മഹാരാജയുടെ മറ്റ് മുഴുവന്‍ ടീമിനെയും അഭിനന്ദിക്കാന്‍ മറന്നില്ല.

മഹാരാജയ്ക്ക് എല്ലായിടത്തും മികച്ച അഭിപ്രായമാണ്. വിജയ് സേതുപതിയുടെ 50ാം ചിത്രത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ വിജയത്തില്‍ വലിയ സന്തോഷം.

നിഥിലന്‍ അണ്ണാ… (സംവിധായകന്‍) നിങ്ങള്‍ അണിഞ്ഞ കിരീടത്തിന് ഒരു പൊന്‍തൂവല്‍ കൂടി. ഫിലോമിന്‍ രാജ് (എഡിറ്റര്‍) , അനുരാഗ് കശ്യപ്, നിങ്ങള്‍ ഭയങ്കരം തന്നെ സര്‍. ബ്രോസ് ജഗദീഷ് പളനിസാമി, സുധന്‍ സുന്ദരം എന്നിവര്‍ക്കും മഹാരാജയിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് ലോകേഷ് കുറിച്ചത്.

നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത് ചിത്രമാണ് മഹാരാജ. പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറല്‍ സുദന്‍ സന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഭിരാമി, അരുള്‍ ദോസ്, മുനിഷ്‌കാന്ത്, ബോയ്‌സ് മണികണ്ഠന്‍, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി എല്‍ തേനപ്പന്‍ എന്നിവരോടൊപ്പം അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി നടരാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഛായാഗ്രാഹകന്‍ ദിനേശ് പുരുഷോത്തമന്‍, സംഗീതസംവിധായകന്‍ അജനീഷ് ലോക്‌നാഥ്, എഡിറ്റര്‍ ഫിലോമിന്‍ രാജ് എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ ടെകിനിക്കല്‍ സംഘം. ചിത്രത്തിന്റെ തിരക്കഥയ്ക്ക് മുതല്‍ അഭിനയവും മേക്കിങ്ങും വരെ മികച്ചു നില്‍ക്കുന്നു എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

Vijayasree Vijayasree :