മലയാളികള്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയാന്‍ ലോകേഷ് കേരളത്തിലേയ്ക്ക്; എത്തുക ഈ മൂന്ന് തിയേറ്ററുകളില്‍

തമിഴ് സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. വിജയ് ചിത്രങ്ങള്‍ക്ക് പ്രത്യേകിച്ചും. വിജയിയുടെ ഏറ്റവും പുതിയ ചിത്രം ലിയോ കേരളത്തിലെ റിലീസിംഗ് തിയേറ്ററുകളുടെ എണ്ണത്തിലും നേടിയ ഓപണിംഗിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മലയാളികള്‍ നല്‍കിയ ഈ സ്വീകരണത്തിന് നന്ദി പറയാന്‍ സംവിധായകന്‍ ലോകേഷ് കനകരാജ് കേരളത്തിലേക്ക് എത്തുകയാണ്.

തിങ്കളാഴ്ച കേരളത്തിലെ മൂന്ന് പ്രധാന തിയറ്ററുകളിലെത്തി അദ്ദേഹം സിനിമാപ്രേമികളെ കാണും. ഒപ്പം വിജയാഘോഷങ്ങളിലും പങ്കെടുക്കും. പാലക്കാട് അരോമ, തൃശൂര്‍ രാഗം, എറണാകുളം കവിത എന്നീ തിയേറ്ററുകളിലാണ് സംവിധായകന്‍ എത്തുക. പാലക്കാട് അരോമയില്‍ രാവിലെ 10.30 നും തൃശൂര്‍ രാഗത്തില്‍ ഉച്ചയ്ക്ക് 12 മണിക്കും എറണാകുളം കവിതയില്‍ വൈകിട്ട് 5.15 നുമാണ് ലോകേഷ് എത്തുക. എറണാകുളം ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ ഒരുക്കിയിരിക്കുന്ന വാര്‍ത്താസമ്മേളനത്തിലും ലോകേഷ് പങ്കെടുക്കും.

കെജിഎഫ് 2 ന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ലിയോ കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് എന്ന നേട്ടം സ്വന്തമാക്കിയത്. 12 കോടിയാണ് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത്. വെള്ളി, ശനി ദിവസങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് കേരളത്തില്‍ ലഭിച്ചത്. ഇന്നത്തെ കളക്ഷനില്‍ ചിത്രം കേരളത്തില്‍ നിന്ന് 8 കോടിയോളം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതോടെ നാല് ദിവസം നീണ്ട വാരാന്ത്യത്തില്‍ കേരളത്തിലെ കളക്ഷന്‍ 30 കോടിക്ക് മുകളില്‍ പോകും. അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 300 കോടി പിന്നിട്ടതായാണ് വിവരം. തമിഴ് സിനിമയില്‍ നിന്നുള്ള ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമായിരുന്നു ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ്.

Vijayasree Vijayasree :