എംജിആറിനെയും വിജയകാന്തിനെയും പോലെയോ ? തമിഴ്‍നാട് രാഷ്ട്രീയത്തിൽ വിജയ് നേരിടേണ്ടത് കടുത്ത വെല്ലുവിളികൾ ; വിജയ്ക്ക് ആശംസയുമായി ‘അമ്മ!!

കഴിഞ്ഞ ദിവസമായിരുന്നു ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി വിജയ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തു എന്ന വാർത്ത പുറത്തുവന്നത്. തമിഴക വെട്രി കഴകം എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി പ്രചരിച്ചിരുന്നു. തന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കവുമായി ചേർന്ന് കഴിഞ്ഞ കുറച്ച് കാലമായി വിജയ് നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ ഈ ദിശയിലേക്കുള്ള നീക്കമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

സൂചനകളിലൂടെ വിജയ് പലപ്പോഴും വിനിമയം ചെയ്തിട്ടുള്ള കാര്യങ്ങൾ രാഷ്ട്രീയ പ്രസ്ഥാവനകളായാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളതും ചർച്ചയായതും. സിനിമകളുടെ പ്രൊമോഷണൽ വേദികളിൽ വരെ വിജയ്!യിൽ നിന്ന് ആരാധകർ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചായിരുന്നു.വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഫെബ്രുവരി ആദ്യ വാരം ഉണ്ടായേക്കുമെന്നും പാർട്ടിയുടെ പേരും കൊടിയുമൊക്കെ അന്ന് പുറത്തിറക്കുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ മകൻ വിജയ്‌യുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെയ്പ്പിന് അമ്മ ശോഭ ചന്ദ്രശേഖർ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയൽ വൈറലായി മാറുന്നത്. മകന് വോട്ട് ചെയ്യാൻ പോകുന്ന അമ്മയായതിൽ താൻ വളരെയധികം സന്തോഷവതിയാണെന്നാണ് ശോഭ പറയുന്നത്. മതം, ജാതി എന്നിവയോട് താല്പര്യമില്ലാത്ത ആളാണ് വിജയ് എന്നും തന്റെ പിന്നിൽ നിൽക്കുന്നവർ മുന്നിലേക്ക് വരണമെന്ന് എന്നും ആ​ഗ്രഹിക്കാറുണ്ടെന്നും അവർ നേതാക്കളാകാൻ പോകുന്നുവെന്നും ശോഭ പറഞ്ഞു.

ശോഭയുടെ വാക്കുകൾ ഇങ്ങനെ :

‘വിജയിയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഞാൻ മുൻപ് വളരെ ലളിതവും കാഷ്വലായും മറുപടി തന്നിട്ടുണ്ട്. ഇന്ന് ഒരമ്മ എന്ന നിലയിൽ മാത്രമല്ല സമൂഹത്തോട് പ്രതിബന്ധതയുള്ള ഒരു സ്ത്രീയായി മറുപടി നൽകേണ്ടതുണ്ട്. രാഷ്ട്രീയത്തെ പറ്റി എനിക്ക് ഒന്നും അറിയില്ലെന്ന് പറയില്ല. ഓരോ വ്യക്തികൾക്കും രാഷ്ട്രീയ പ്രതിബന്ധതയുണ്ട്. അവരുടെ അഭിമാനമായ വിജയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരേണ്ട ഉത്തരവാദിത്വം ഉണ്ടെന്ന് ഞാൻ കരുതുകയാണ്.

കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന് പറയാറുണ്ട്. വിജയ്‌യുടെ ശാന്തതയ്ക്ക് പിന്നിൽ ഒരു രാഷ്ട്രീയ നേതാവ് ഉണ്ടെന്ന് ഞാൻ ഉറപ്പിക്കുകയാണ്. എന്തായാലും മകന് വോട്ട് ചെയ്യാൻ പോകുന്ന ‘അമ്മ എന്ന നിലയിൽ എനിക്ക് വ്യക്തിപരമായ സന്തോഷമുണ്ട്. തമിഴക വെട്രി കഴകം. പേര് പോലെ തന്നെ തമിഴ്നാട്ടിൽ വിജയം നേടും. മതം, ജാതി എന്നിവയോട് ഒട്ടും താല്പര്യമില്ലാത്ത ആളാണ് വിജയ്. അവന്റെ പിന്നിൽ നിൽക്കുന്ന എല്ലാവരും മുന്നിലേക്ക് വരണമെന്ന് എന്നും ആ​ഗ്രഹിക്കാറുണ്ട്.

അവന്റെ ആരാധകരെല്ലാം അണികളായി മാറിയിരിക്കുകയാണ്. വൈകാതെ നേതാക്കളും ആകാൻ പോകുകയാണ്. അമ്മയായി വിജയിയോട് പറയാനുള്ളത്, നിന്നോട് ഒന്നും പറയേണ്ട ആവശ്യം ഇല്ലെന്ന് അറിയാം. മുന്നോട്ട് പോകുക. ഓൾ ദ ബെസ്റ്റ്. വിജയം നേടൂ വിജയ്. വെട്രിയടയ്’, എന്നായിരുന്നു ശോഭയുടെ പ്രതികരണം.

അതേസമയം, വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. ‘ഒന്നുകിൽ എംജിആറിനും വിജയകാന്തിനും ശേഷം തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ശക്തിയായി മാറും. അല്ലെങ്കിൽ രജനികാന്ത് കമൽഹാസൻ എന്നിവരെ പോലെ ഒരാൾ കൂടിയാകും. എന്തായാലും കരിയറിലെ പീക്ക് ടൈമിൽ ഇത്തരമൊരു തീരുമാനം വിജയ് വെറുതെ എടുക്കില്ലെന്നാണ് വിശ്വാസം’, എന്നാണ് വിലയിരുത്തലുകൾ.

തലമുറമാറ്റത്തിനൊരുങ്ങി നിൽക്കുന്ന തമിഴ്‍നാട് രാഷ്ട്രീയത്തിൽ ചലച്ചിത്ര നടൻ വിജയ് പുതിയ രാഷ്‍ട്രീയ പാർട്ടിയുമായി എത്തുമ്പോൾ നേരിടേണ്ടത് കടുത്ത വെല്ലുവിളികൾ. രാഷ്‍ട്രീയ പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ മുഖ്യമന്ത്രി ആകുക എന്ന ലക്ഷ്യം യാഥാർഥ്യമാക്കുക ഒട്ടും എളുപ്പമാകില്ല. ഉചിതമായ സമയത്തിനായുള്ള കാത്തിരിപ്പ് വിജയ് അവസാനിപ്പിക്കുമ്പോൾ തലമുറ മാറ്റത്തിന്റെ പടിവാതിലിലാണ് തമിഴക രാഷ്‍ട്രീയം. തമിഴ് രാഷ്‍ട്രീയത്തിന്റെ പുത്തൻ തലമുറയിൽ ആരാകും വാഴുക എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്.

ഡിഎംകെയുടെ പ്രത്യയശാസ്ത്രം എവിടെയും ധൈര്യത്തോടെ പറയുന്ന ഉദയനിധി സ്റ്റാലിനും വലിയ പദവികളിലെത്തുമെന്ന് ബിജെപി നേതാക്കൾ വിശേഷിപ്പിക്കുന്ന കെ അണ്ണാമലൈക്കുമൊപ്പം യുവവോട്ടർമാരിൽ കണ്ണുവയ്ക്കുകയാണ് വിജയ്‍ എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയാകാനാവശ്യമായ 40 ശതമാനം വോട്ടുകൾ ഇതിൽ കണ്ടെത്തുകയെന്നത് ദളപതി വിജയ്‍ക്ക് മുന്നിലെ വെല്ലുവിളി തന്നെയാണ്. വിജയ്‍യുടെ നീക്കത്തിന്റെ സൂചനകൾ വരും ദിവസങ്ങളിലാണ് വ്യക്തമാകുക എന്നും ആരാധക പിന്തുണ വോട്ടാക്കി മാറ്റാൻ തന്നെയാണ് വിജയ് ലക്ഷ്യമിടുന്നത് എന്നും ഒരു വിഭാഗം പറയുന്നുണ്ട്.

നടൻ വിജയകാന്ത് സ്ഥാപിച്ച ഡിഎംഡികെ ആദ്യ തെരഞ്ഞെടുപ്പിൽ 234 മണ്ഡലത്തിലും മത്സരിച്ചപ്പോൾ നേടിയത് 8.38 ശതമാനം വോട്ടുകളാണ്. മക്കൾ നീതിമയ്യത്തിലൂടെ തമിഴ് രാഷ്ട്രീയത്തിൽ ചലച്ചിത്ര നടൻ കമൽഹാസൻ അരങ്ങേറിയപ്പോൾ പാർട്ടിക്ക് കിട്ടിയത് 2.62 ശതമാനം വോട്ടും. വിജയകന്തിനു വിരുദാചലത്ത് വിജയിക്കാനായി. കോയമ്പത്തൂർ കടമ്പയിൽ കമൽഹാസൻ വീണു. പന്ത്രണ്ട് ശതമാനം മുതൽ 15 വരെ വോട്ടുകൾ ഒറ്റയ്ക്ക് മത്സരിച്ചാൽ വിജയ്‍യുടെ പാർട്ടിക്ക് പരമാവധി നേടിയെക്കാനാകുമെന്നാണ് റിപ്പോർട്ട്. കന്നി അങ്കം ആയത് കൊണ്ട് തന്നെ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ കക്ഷികളുമായി കൈകോർക്കാൻ വിജയ് ഉണ്ടാകില്ല എന്നുറപ്പിക്കാം.

Athira A :