ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ ചിത്രം 150 കോടി കടന്നിട്ടുണ്ട്. ഇപ്പോഴിതാ ദൃശ്യം ഇറങ്ങിയപ്പോൾ പ്രേക്ഷകരിൽ കണ്ട ആവേശമാണ് തുടരും എന്ന സിനിമയിലൂടെയും കാണാനാകുന്നതെന്ന് പറയുകയാണ് നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
ഈ വർഷം റിലീസ് ചെയ്ത എമ്പുരാനെയും, ദൃശ്യത്തിനെയും മറികടക്കുന്ന റെക്കോർഡ് കളക്ഷനിലേയ്ക്കാണ് തുടരും കുറിക്കുന്നത്. തലശേരി ലിബർട്ടിയിലാണെങ്കിൽ പ്രായഭേദമന്യേ ആളുകൾ തിയേറ്ററുകളിലേയ്ക്ക് വരുകയാണ്. പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നവരുണ്ട്. കോവിഡിന് ശേഷം മോഹൻലാലിനു ലഭിക്കുന്ന ഏറ്റവും വലിയ വിജയമാണിത്.
നമ്മളെല്ലാവരും ഒരുമിച്ചാണ് ഈ വിജയം ആഘോഷിക്കുന്നത്. മനസ്സറിഞ്ഞാണ് ഈ വിജയം ആഘോഷിക്കുന്നത്, ഇത് വാക്കുകൾക്കുവേണ്ടി പറയുന്നതല്ല. അത്രയും മനോഹരമായ സിനിമയാണ് ഇവർ എടുത്തുവച്ചിരിക്കുന്നത്. അഞ്ചെട്ടു വർഷത്തിനുശേഷം തിയേറ്റർ മേഖലയ്ക്കു ലഭിക്കുന്ന വലിയ ഉണർവാണിത്.
ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്‌ഷൻ ഞാൻ കണ്ടത്. പ്രായം നോക്കാതെ ആളുകൾ വരുന്നത് ആ സിനിമയ്ക്ക് കണ്ടിട്ടുണ്ട്.ഇത് അതിനപ്പുറം കടക്കും. മൂന്നാം ആഴ്ചയിലേക്കു കടക്കുമ്പോഴും എല്ലാ ഷോയും ഫുൾ ആയി മുന്നേറുകയാണ്. ഓൺലൈനിലും കൗണ്ടറിലും വന്നു ടിക്കറ്റ് എടുക്കുന്നവരുണ്ട്, ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്നവരുമുണ്ട്. ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നുവെന്നുമാണ് ലിബർട്ടി ബഷീർ പറയുന്നത്.
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ എത്തിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണിത്. 15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും.
മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാർ ആണ് ഛായാഗ്രഹണം.