കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാനെ കുറിച്ചുളള വാർത്തകളാണ് വൈറലാകുന്നത്. വിവാദങ്ങൾ പെരുക്കുന്നതിനിടയിലും എമ്പുരാൻ ഹൗസ്ഫുള്ളായി തുടരുകയാണ്. ഈ വേളയിൽ തന്റെ ഉടമസ്ഥതയിലുള്ള ഏഴ് തിയേറ്ററുകളിലും സിനിമ ഹൗസ്ഫുള്ളായാണ് പ്രദർശനം തുടരുന്നതെന്ന് പറയുകയാണ് തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.
തന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യമായാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തിയറ്ററിലും ഹൗസ്ഫുൾ ഷോ നടന്നു പോകുന്നത്.
അടുത്ത ആഴ്ചയിലേക്കുള്ള ടിക്കറ്റും ബുക്കിങ്ങും ഫുള്ളായി പോകുകയാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാൻ സിനിമയുടെ ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവാദങ്ങൾക്കിടയിലും എമ്പുരാൻ ആഗോളതലത്തിൽ ഇതുവരെ നേടിയത് 165 കോടി കളക്ഷനാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോർഡുകൾ തകർത്തെറിയുകയാണ്.
കോംസ്‌കോറിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 27 മുതൽ 30 വരെയുള്ള വീക്കെൻഡിൽ എമ്പുരാനിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. ‘ഛാവ’യെയും മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലേക്ക് എത്തിയത്.