‘എനിക്ക് ഇത്തിരി സ്നേഹം വേണം’ ; വീട്ടുകാരറിയാതെ കൊതുകുവലയ്ക്കുള്ളിൽ കുട്ടികൾക്കൊപ്പം സുഖ നിദ്രയിൽ പുലിക്കുട്ടി !!!
വീട്ടിലെ മുക്കിലും മൂലയിലും വീട്ടുകാർക്കൊപ്പം കിടക്കയിലുമൊക്കെ കാണാറുള്ള പൂച്ച സർവ സാധാരണമായ കാഴ്ചയാണ്. എന്നാൽ കൊതുകുവലയ്ക്കുള്ളിൽ കുട്ടികൾക്കൊപ്പം പുലിക്കുട്ടിയെ കണ്ടാലോ? മൂംബൈയില്‍ നിന്നും 144 കിലോമീറ്റര്‍ അകലെ ഇഗത്പൂരിലെ ആദിവാസി മേഖലയായ ധാമന്‍ഗാവില്‍ ഇന്നലെ പുലര്‍ച്ചയാണ് വീട്ടുകാരെ നടുക്കിയ സംഭവമുണ്ടായത്.
രാവിലെ അഞ്ചരയോടെ മക്കളെ ഉണര്‍ത്താന്‍ എത്തിയ അമ്മ മനീഷയാണ് കട്ടിലിന് താഴെ വിരിച്ച കിടക്കയില്‍ മക്കള്‍ക്കൊപ്പം സുഖനിദ്ര നടത്തുന്ന പുലിക്കുട്ടിയെ കണ്ടത്. കൊതുകുവലയില്‍ മക്കള്‍ക്കൊപ്പമാണ് പുലിക്കുട്ടി ഉറങ്ങുന്നതു കണ്ടത്. കാഴ്ചയുടെ ഞെട്ടലില്‍ ശബ്ദം പോയ ഇവര്‍ മക്കളെ പുലിയുടെ അടുത്ത് നിന്നും മാറ്റി അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.
ഏകദേശം മൂന്ന് മാസം പ്രായമുള്ള പുലിക്കുട്ടിയാണ് ഈ കുട്ടികള്‍ക്കൊപ്പം ഉറങ്ങിയതെന്ന് പുലിയെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വീടിന്റെ പ്രധാനവാതില്‍ തുറന്നപ്പോള്‍ ഇരുട്ടില്‍ പുലിക്കുട്ടി അകത്തു കയറിയതാകാമെന്നാണ് നിഗമനം. വനം വകുപ്പുദ്യോഗസ്ഥര്‍ പുലിയെ പിടികൂടിയ ശേഷം പ്രാദേശിക ഓഫീസിലേക്കു മാറ്റി. നടപടിക്രമം പൂര്‍ത്തിയാക്കിയശേഷം അതിനെ കാട്ടില്‍ വിടുമെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ ഗോരക്ഷ്യാനാഥ് പറഞ്ഞു.
leopard sleeping with kids