കഴിഞ്ഞ കുറച്ച് കാലങ്ങളായി നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഹണി റോസ്-ബോബി ചെമ്മണ്ണൂർ കേസും വിവാദങ്ങളും വന്നതോടെയാണ് യുവനടിമാർ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള വസ്ത്രധാരണം ചർച്ചാ വിഷയമായത്. ഇപ്പോഴിതാ നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലീല പണിക്കർ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലീല.
ഇപ്പോഴുണ്ടാകുന്ന വിവാദങ്ങൾക്കൊന്നും ഞാൻ പ്രതികരിക്കാറില്ല. എന്തിന് വെറുതെ തലവെച്ച് കൊടുക്കണം?. ചുറ്റി വളക്കാനും വിവാദങ്ങൾ ഉണ്ടാക്കാനും കച്ച കെട്ടി നിൽക്കുന്നവരോട് ഒന്നും പറയാനില്ല. നടീനടന്മാർ വിവാഹിതരാകുമ്പോൾ മാത്രമല്ല സാധാരണക്കാർ വിവാഹിതരായാലും ഡിവോഴ്സ് നടക്കുന്നുണ്ടല്ലോ. അതുപോലെ കുടുംബജീവിതം നിസാര കാര്യമല്ല. കുടുംബജീവിതം എന്നാൽ മനസിലാക്കൽ വേണം. അല്ലാതെ പണമുണ്ടെന്ന് കരുതി ചെയ്യാൻ പറ്റുന്ന ഒന്നല്ല കുടുംബജീവിതം.
മനുഷ്യത്വവും സ്നേഹവും വേണം. മര്യാദയ്ക്ക് ഡ്രസ് ചെയ്ത് പോയാൽ കിട്ടുന്ന സ്ഥാനവും സ്നേഹവും ബഹുമാനവും ഗ്ലാമറസായി വസ്ത്രം ധരിച്ച് പോയാൽ കിട്ടില്ല. ഉദ്ഘാടനങ്ങൾ പോലുള്ളവയ്ക്ക് വരുമ്പോൾ നടിമാർ ധരിക്കുന്ന വസ്ത്രങ്ങളോട് എനിക്ക് യോജിപ്പില്ല. അവർ മര്യാദയ്ക്ക് ഡ്രസ് ചെയ്ത് പോയാൽ കിട്ടുന്ന സ്ഥാനവും സ്നേഹവും ബഹുമാനവും ഇങ്ങനെ പോയാൽ കിട്ടില്ല. നേരിൽ കാണുമ്പോൾ ചിരിച്ചാലും മാറി നിന്ന് പുച്ഛിക്കുകയായിരിക്കും. മഞ്ജു വാര്യരൊക്കെ എന്ത് മാന്യമായാണ് വസ്ത്രം ധരിക്കുന്നത്.
വൾഗറായി എപ്പോഴെങ്കിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ?. അതുപോലെ ജീവിതത്തിൽ ഇത്രയേറെ പ്രശ്നങ്ങൾ വന്നിട്ടും ആ കുട്ടി എന്തെങ്കിലും പറയുകയോ ചർച്ചയ്ക്ക് വിധേയമാക്കുകയോ ചെയ്തിട്ടുണ്ടോ..? ഇല്ലല്ലോ. ദീലിപ് മഞ്ജുവിനെ വിവാഹം ചെയ്യാൻ പോകുന്ന കാര്യം സൂര്യ കൃഷ്ണമൂർത്തിയാണ് എന്നെ വിളിച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ ഒരു ആശ്ചര്യമായിരുന്നു. ഭയങ്കര ആർട്ടിസ്റ്റാണല്ലോ മഞ്ജു.
ഇനി അഭിനയിക്കില്ലായിരിക്കും എന്ന് സൂര്യ പറഞ്ഞപ്പോൾ അത് വലിയ കഷ്ടമായല്ലോ എന്നാണ് ഞാൻ പറഞ്ഞത്. മഞ്ജുവിന് അത് സാധിക്കില്ല. എത്ര ദിവസം ആ കുട്ടി അഭിനയിക്കാതിരിക്കും?. അവളെ കൊണ്ട് അഭിനയിക്കാതിരിക്കാൻ പറ്റില്ല. അത്ര ടാലന്റടാണ് ആ കുട്ടി എന്ന് സൂര്യയോട് പറഞ്ഞു. മഞ്ജുവിനെ വ്യക്തിപരമായി എനിക്ക് അറിയില്ല. മഞ്ജുവിനൊപ്പം അഭിനയിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.
മഞ്ജുവിന്റെ ഒറ്റയ്ക്കുള്ള ജീവിതം കഷ്ടമൊന്നുമുള്ളതല്ല. കാരണം സ്ത്രീക്ക് ഭയങ്കര ശക്തിയാണ്. സ്ത്രീ അബലയല്ല. സ്ത്രീക്കുള്ള കരുത്ത് പുരുഷനില്ല. ഹണി റോസിനേയും മഞ്ജു വാര്യരേയും എങ്ങനെയാണ് കാണുന്നതെന്ന് ചോദിച്ചാൽ മഞ്ജുവിനെ കാണുന്നത് സ്ത്രീയായിട്ടാണ്. ഹണി റോസ് പാവം. അതിന് ജീവിതം എന്താണെന്ന് അറിഞ്ഞൂടാ. നമുക്ക് കിട്ടേണ്ട ബഹുമാനം എവിടെ നിന്ന് കിട്ടണം? എന്നൊന്നും അറിയില്ല.
ജീവിതത്തിന്റെ ഒരു വശവും അറിയാത്ത കുട്ടിയാണ്. ഒരു സുപ്രഭാതത്തിൽ ആ കുട്ടി മനസിലാക്കും ഇതൊന്നും അല്ല ജീവിതമെന്ന്. ദയനീയാവസ്ഥ അപ്പോഴാണ് വരാൻ പോകുന്നത്. അന്ന് മാനസീകമായി തകർന്ന് പോകും. നേരത്തെ കാലത്തെ അതിന് നല്ല ബുദ്ധി തോന്നിക്കട്ടെ എന്നുമാണ് ലീല പണിക്കർ പറഞ്ഞത്.
അതേസമയം, അന്നത്തെ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിൽ സ്ത്രീകളാണ് തന്നെ കൂടുതൽ കുറ്റപ്പെടുത്തിയതെന്നും ഹണി റോസ് പറഞ്ഞിരുന്നു. ഞാനൊരു സാധാരണക്കാരിയായ വ്യക്തിയാണ്. വളരെ സാധാരണം എന്ന് വെച്ചാൽ വളരെ സാധാരണമായിട്ട് ജീവിക്കുന്ന ആളാണ് ഞാൻ. സാധാരണക്കാർ ജീവിതത്തിൽ അനുഭവിക്കുന്നതെല്ലാം അനുഭവിച്ചാണ് ഞാനും ഇവിടെ എത്തിയത്.എന്റെ അച്ഛന് ബിസിനസിൽ പരാജയം ഉണ്ടായിട്ടുണ്ട്. വാങ്ങിയ പൈസ കൃത്യ സമയത്ത് കൊടുക്കാൻ സാധിക്കാതിരുന്നാൽ അതുവരെ കാണിച്ച നല്ല മുഖം മാറിയിട്ട് ആളുകൾ വേറൊരു മനുഷ്യരാകും.
വളരെ ചെറുപ്രായത്തിൽ ഇതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെ എന്റെ മനസിൽ ഒരു ട്രോമയായിട്ടുണ്ട്. അപ്പോൾ ഇത്രയൊക്കെ അവസരങ്ങൾ മുൻപിൽ വരുമ്പോൾ അത് സ്വീകരിക്കില്ലെന്ന് പറയാൻ എനിക്ക് സാധിക്കില്ല. ആ അഹങ്കാരവും വിവരക്കേടും എനിക്കില്ല. നമ്മളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ , നമ്മുടെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യങ്ങൾ നമ്മുക്ക് എപ്പോൾ വേണമെങ്കിലും ചെയ്യാം.
എനിക്ക് നേരെയുണ്ടാകുന്ന സൈബർ അധിക്ഷേപങ്ങളിൽ പുരുഷൻമാർ മാത്രമല്ല, സ്ത്രീകളുമുണ്ട്.ഞാൻ പരാതിയുമായി മന്നോട്ട് വന്നപ്പോൾ സ്ത്രീ പുരുഷനെതിരെ പരാതി കൊടുത്തു എന്ന രീതിയിൽ ഈ സംഭവത്തെ വളച്ചൊടിക്കാൻ ശ്രമിച്ചു. ഈ വിഷയം നടന്ന സമയത്ത് എന്നെ പിന്തുണച്ചത് പുരുഷൻമാരാണ്. ജീവിതത്തിൽ എന്റെ അമ്മ, അല്ലെങ്കിൽ അടുത്ത് നിൽക്കുന്ന സ്ത്രീകളെ ഒഴിച്ച് മറ്റ് സ്ത്രീകൾക്ക് യാതൊരു പ്രാധാന്യവും ഇല്ല. എന്റെ സുഹൃത്ത് വലയം മുഴുവൻ പുരുഷൻമാരാണ്.
ഒരു വലിയ ശതമാനം സ്ത്രീകളും കരുതുന്നത് സ്ത്രീ പുരുഷന് വിധേയപ്പെട്ട് ജീവിക്കണമെന്നാണ്. ജഡ്ജ് ചെയ്യുന്നതിൽ സ്ത്രീകളാണ് പുരുഷൻമാരേക്കാൾ മുൻപിൽ. മലയാളിത്തമുള്ള, അല്ലെങ്കിൽ അവർ വിചാരിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചൂടേ, അല്ലെങ്കിൽ പൊതിഞ്ഞ് കെട്ടി നടന്നൂടെ അങ്ങനെയാകുമ്പോൾ നല്ലൊരു സ്ത്രീയാകില്ലേ, കുടുംബത്തിന് യോജിച്ച സ്ത്രീ ആകുമല്ലോയെന്നൊക്കെയുള്ള ചോദ്യങ്ങളാണ്. നമ്മൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നതാണ്.
ഉദ്ഘാടനങ്ങളിൽ പോകുമ്പോൾ ആളുകളുടെ സ്നേഹം തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നുണ്ട്. ഈ കേസിന് ശേഷം ഞാൻ പോകുന്ന പരിപാടിയിൽ ചീമുട്ട എറിയും ചാണകമെറിയും എന്നൊക്കെ കേട്ടു, എന്നാൽ അതൊന്നും ഞാൻ അവിടെ കണ്ടില്ല. അന്തഃസുള്ള പുരുഷൻമാർ ആരും സ്ത്രീകളെ അപമാനിക്കുമെന്ന് ഞാൻ കരുതുന്നില്ല എന്നുമാണ് ഹണി റോസ് പറയുന്നത്.
നടിയ്ക്കെതിരെ പരസ്യമായി ഓൾ കേരള മെൻസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. സംഘടനയുടെ വാട്സാപ്പിൽ ഗ്രൂപ്പിൽ ഇതിന്റെ നേതാവ് അജിത് കുമാർ പങ്കുവെച്ച ചില സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. ഉദ്ഘാടന പരിപാടിക്ക് എത്തുന്ന ഹണി റോസിനെതിരെ ചാണകമെറിയാൻ മെൻസ് അസോസിയേഷൻ ആസൂത്രണം ചെയ്തതിന്റെ തെളിവുകളും പുറത്ത് വന്നു. ‘ജനുവരി 20 തിങ്കളാഴ്ച ആരൊക്കെ പാലക്കാട് വരുന്നു.
ഹണി റോസിന്റെ വസ്ത്രം നല്ലത് അല്ലെങ്കിൽ ചാണകം എറിയാൻ എല്ലാവരും വരണം എന്ന രീതിയിലുള്ള സന്ദേശമാണ് ഗ്രൂപ്പിലുള്ളത്. പാലക്കാട് ഉദ്ഘാടനത്തിന് വരുമ്പോൾ ഹണി റോസ് ധരിച്ചത് മോശം വസ്ത്രമാണെങ്കിൽ തീർച്ചയായും ചാണകം എറിയുമായിരുന്നുവെന്നും ഞങ്ങൾ അവിടെ ഉണ്ടായിരുന്നുവെന്നുമാണ് അജിത്കുമാർ പറഞ്ഞിരുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. എമ്പുരാൻ പ്രൊമോഷൻ തിരക്കിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് പ്രൈവറ്റ് ജെറ്റിൽ നിന്നും പുറത്തു വരുന്നതടക്കമുള്ള ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അന്നും ഇന്നും ഒരു പോലെ മാർക്കറ്റ് വാല്യൂ ഉള്ള അപൂർവം ചിലരിൽ ഒരാൾ. പ്രായം തോന്നിപ്പികാതെ എന്നും 16 ൽ കാണുന്ന കുറച്ചു മുതല്കൾ ഉണ്ട് മലയാള സിനിമയിൽ.. അതിൽ ഒന്നാണെ ഞങ്ങടെ മഞ്ജു ചേച്ചിയും, അന്നും ഇന്നും ഒരു മാറ്റവും ഇല്ലാതെ ജനഹൃദയങ്ങളിൽ, ദേ ചേച്ചി 18 വയസിലേക്ക് പോകുന്നു.
സാധാരണ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട്, ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് അസ്സുയ ആണെന്ന്. പക്ഷെ, ഓരോ തവണ നിങ്ങൾ സന്തോഷിക്കുന്നത് കാണുന്നതും എനിക്കും സന്തോഷം തോന്നുകയാണ്. നിങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ ഞാൻ ചിരിക്കും. ആ ചിരി അങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു ഒരു ആരാധിക പങ്കുവെച്ചിരുന്നത്.
എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.
അതേസമയം ,തമിഴിൽ വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്ത സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.