വിജയ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി രണ്ട് ദിവസം മുന്‍പ് ലിയോയുടെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. വന്‍ സ്വീകാര്യത ലഭിച്ച ട്രെയിലറിന് എതിരെ ചില വിമര്‍ശനങ്ങളും ഉയരുകയാണ്.
ട്രെയിലറില്‍ വിജയ്, തൃഷയുമായുള്ള സംഭാഷണത്തിനിടെ മോശം വാക്ക് ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇപ്പോഴിതാ ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദുമക്കള്‍ ഇയക്കം എന്ന സംഘടനയും ബിജെപിയും.
ലിയോ ട്രെയിലറിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ചൂണ്ടിക്കാട്ടി ഹിന്ദുമക്കള്‍ ഇയക്കം ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ നിന്നും ഈ സംഭാഷണം നീക്കം ചെയ്യണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും സംഘടന ആരോപിച്ചു.
ലിയോ ട്രെയിലറില്‍ നിന്നും സിനിമയില്‍ നിന്നും ഈ സ്ത്രീവിരുദ്ധ പരാമര്‍ശം നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെയും ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപ്പതി നാരായണന്‍ രംഗത്ത് എത്തി. സംഭാഷണത്തിന് എതിരെ ശക്തമായി പ്രതിഷേധിക്കുന്നു എന്നും ഇദ്ദേഹം അറിയിച്ചു.
ലിയോ ട്രെയിലര്‍ റിലീസ് ചെയ്ത ദിവസം മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയയും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ട്രെയിലറിന്റെ 1.46 മിനിറ്റ് ആകുമ്പോഴാണ് സ്ത്രീവിരുദ്ധ പരാമര്‍ശം എന്ന സംഭാഷണം വരുന്നത്. അതേസമയം, ലിയോ ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും. ബാബു ആന്റണി, അര്‍ജുന്‍, മാത്യു, സഞ്ജയ് ദത്ത്, തുടങ്ങി നീണ്ടതാരനിര തന്നെ ലിയോയില്‍ അണിനിരക്കുന്നുണ്ട്.