ബോളിവുഡിൽ നിന്നും പുറത്തെത്തിയതിൽ ഏറെ പ്രശംസ പിടിച്ച് പറ്റിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയുമായിരുന്നു ചിത്രം. എന്നാൽ ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് ചിത്രം പുറത്തായിരിക്കുകയാണ്. ഡിസംബർ 17 നാണ് ഷോർട്ടലിസ്റ്റ് അക്കാദമി പുറത്തുവിട്ടത്.
ഓസ്‌കറിൽ ‘ബെസ്റ്റ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം’ വിഭാഗത്തിലാണ്, ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപതാ ലേഡീസ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നത്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസ്, കിൻഡ്ലിങ് പിക്ചേഴ്സ്, ജിയോ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിച്ചത്.എന്നാൽ ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എൻട്രി ‘സന്തോഷ്’ എന്ന ചിത്രം ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
രൺബീർ കപൂറിന്റെ അനിമൽ, കാർത്തിക് ആര്യന്റെ ചന്ദു ചാമ്പ്യൻ, പ്രഭാസ് നായകനായ കൽക്കി, മലയാളചിത്രം ആട്ടം, രാജ്കുമാർ റാവുവിന്റെ ശ്രീകാന്ത്, വിക്കി കൗശൽ നായകനായ സാം ബഹാദൂർ എന്നീ ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ ചിത്രമായത്.
പ്രമേയത്തിലെ വ്യത്യസ്തതകൊണ്ടും അവതരണശൈലിയിലെ പുതുമകൊണ്ടും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. ഇന്ത്യയിലെ ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ലപാത ലേഡീസ്. ബിപ്ലബ് ഗോസ്വാമിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം 2024 മാർച്ച് ഒന്നിനാണ് തിയറ്ററിലെത്തിയത്. പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
2001-ൽ മധ്യപ്രദേശിൽ നടക്കുന്ന കഥയായാണ് ലാപതാ ലേഡീസ് ചിത്രീകരിച്ചത്. വിവാഹശേഷം തീവണ്ടിയിൽ ഭർത്താവിന്റെ വീട്ടിലേക്കുള്ള യാത്രയിൽ വധു മാറിപ്പോകുന്നതും ഇതേത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വെറും 5 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്. ‘ധോബി ഘട്ടി’ന് ശേഷം കിരൺ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപതാ ലേഡീസ്.