ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്. പിന്നീട് ചില സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളിൽ സിനിമയിൽ മുഖം കാണിച്ചു. ഒടുവിൽ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിർമ്മാതാവായി അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് ദിലീപ്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കേസിലകപ്പെട്ടതോടെ ദിലീപിന് നഷ്ടപ്പെട്ടത് പഴയ സ്വീകാര്യതയാണെന്നാണ് സിനിമാ പ്രേക്ഷകർ പറയുന്നത്.
ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളർച്ച് ഒരു കാലത്ത് സിനിമാ ലോകത്ത് തന്നെ ചർച്ചയായിരുന്നു. ജയറാം കുടുംബ പ്രേക്ഷകർക്കിടയിൽ നേടിയിരുന്ന സ്വീകാര്യത മികച്ച സിനിമകളിലൂടെ ദിലീപിലേയ്‌ക്കെത്തി. നായക നിരയിൽ ദിലീപ് ഒരു സൂപ്പർ സ്റ്റാറോളം വളരുമെന്ന് ആദ്യമായി തെളിയിച്ചത് മീശമാധവൻ എന്ന സിനിമയാണ്. ഇന്നും കള്ളൻ മാധവനും ചേക്കിലെ നാട്ടുകാർക്കും ആരാധകരേറെയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ സിനിമ പുറത്തിറങ്ങുന്നത് 2002 ലാണ്. അന്നും ഇന്നും ഈ സിനിമ ഐക്കണിക് ബോക്‌സ് ഓഫീസ് ഹിറ്റായി നിലനിൽക്കുന്നു.
ഇപ്പോഴിതാ മീശമാധവനിലേയ്ക്ക് ദിലീപ് വന്നതിനെ കുറിച്ചും സിനിമ ഹിറ്റായതിന് പിന്നിലെ ടെക്നിക്കുകളെ കുറിച്ചും പറയുകയാണ് ലാൽ ജോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മീശ മാധവൻ ചെയ്യുന്ന സമയത്ത് ദിലീപ് ഒരു സ്മോൾ ടൈം ആക്ടർ മാത്രമായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം , മുകേഷ്, ജഗദീഷ് , സിദ്ധിഖ് അങ്ങനെയുള്ള നായകൻമാർ നിറഞ്ഞുനിൽക്കുന്ന സമയമാണത്. സല്ലാപത്തിലാണ് ദിലീപിനോട് ആളുകൾക്ക് കൂടുതൽ ഇഷ്ടമായി തുടങ്ങിയത്. കുടുംബത്തിൻരെ പിന്തുണ ലഭിച്ചു.
ആ സിനിമയിൽ നായകനല്ല അവൻ, നെഗറ്റീവ് റോൾ ആണ്, കാമുകിയെ ഉപേക്ഷിക്കുന്ന ആളാണ്. അതിന് മുൻപ് ഞാനും ദിലീപും അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയിരുന്നു. ഞാൻ എന്റെ സിനിമ ചെയ്യുമ്പോൾ എപ്പോഴും നായകന്റെ ആളാണ്. ഞാൻ പഴയ കാഴ്ചപ്പാടാണ്, നായിക സുന്ദരിയായി ഇരിക്കണം, നായകൻ എല്ലാ ഹീറോയിസവും ഉള്ള ആളായിരിക്കണം അങ്ങനെയൊരു ചിന്തയാണ്. മീശമാധവന് ആദ്യം പേര് ഇട്ടിട്ടുണ്ടായിരുന്നില്ല. ആ സമയത്തൊക്കെ മോഹൻലാൽ മീശപിരിച്ച് ദേവാസുരമൊക്കെ ചെയ്ത് നിൽക്കുന്ന സമയമാണ്. രഞ്ജൻ പ്രമോദാണ് സിനിമ എഴുതിയത്.
അപ്പോൾ ഞാൻ രഞ്ജനോട് ചോദിക്കുമായിരുന്നു നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന്. അപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്ന്. അവൻ മീശ പിരിച്ചാൽ എന്തോ ഒരു കാര്യം സംഭവിക്കും അത് ഫൺ ആണെങ്കിൽ ആളുകൾക്ക് ഇഷ്ടമാവും എന്ന് ഞാൻ പറഞ്ഞു. തമാശയാക്കിയിട്ടാണ് ദിലീപിന്റെ മീശ പിരിപ്പിച്ചത്. അത്തരം ടെക്നിക്കുകൾ സിനിമയിൽ വർക്കായി. മീശ പിരിക്കുന്നതിന് പ്രത്യേക മ്യൂസിക് തന്നെ ഉണ്ടായി. ദിലീപിനെ കൊണ്ട് മീശപിരിപ്പിക്കുന്നത് ചിന്തിക്കാനെ കഴിയില്ലായിരുന്നു. കാരണം അപ്പുറത്ത് ലാലേട്ടൻ മീശ പിരിച്ച് ഗംഭീരമായി നടക്കുന്ന സമയമാണ് എന്നും ലാൽ ജോസ് പറഞ്ഞു.
അതേസമം, മലയാള സിനിമയുടെ തിളക്കം മങ്ങിത്തുടങ്ങുന്ന ഒരു സമയത്താണ് മീശമാധവൻ എന്ന സിനിമയിലൂടെ ലാൽ ജോസും ദിലീപും ഒരു പുതുഉണർവ് നൽകിയത്. 2002-ലെ ഏറ്റവും വലിയ വാണിജ്യ വിജയമായ ചിത്രം ദിലീപിന്റെ താരമൂല്യം കുത്തനെ ഉയർത്തി. ദിലീപും കാവ്യാ മാധവനും നേരത്തെ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ജനപ്രിയ ജോഡികളായി മാറുന്നത് മീശമാധവനിലൂടെയാണ്. ചിത്രം വൻ വിജയമായി മാറിയെങ്കിലും മീശമാധവൻ ചിത്രീകരണ സമയത്ത് സമാനതകളില്ലാത്ത വെല്ലുവിളികളായിരുന്നു നേരിട്ടതെന്ന് സംവിധായകൻ ലാൽ ജോസ് തന്നെ നേരത്ത പലവട്ടം വ്യക്തമാക്കിയിരുന്നു.
അതിൽ ഏറ്റവും വലിയ പ്രതിസന്ധി ആ സമയത്ത് ദിലീപിന് നേരിടേണ്ടി വന്ന വിലക്കായിരുന്നു. നമ്മൾ കയ്യും കാലും ഇട്ടടിച്ച് കരിയർ തിരിച്ച് പിടിക്കാനുള്ള ശ്രമം നടത്തുന്നതിന് ഇടയിലാണ് ഓരോ ഏടാകൂടങ്ങൾ കയറി വരുന്നത്. സിനിമ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് ദിലീപിനെതിരായുള്ള രണ്ട് വർഷത്തെ വിലക്ക് വരുന്നത്. ഒരാൾ ഒരു ചെക്ക് കൊടുത്തു, അത് മടങ്ങി. രണ്ടാമതും മൂന്നാമതും ചെക്ക് മടങ്ങിയപ്പോൾ അത് കേസാകുകയായിരുന്നു. ഒടുവിൽ അത് വാറന്റുമായി എന്ന് ലാൽ ജോസ് പറയുന്നു.
കേസിൽ പിടിക്കുന്നത് ശനിയാഴ്ച ആയതുകൊണ്ട് ഞായാറാഴ്ച ലോക്കപ്പിൽ കിടക്കേണ്ടി വന്നു. ആ വിഷയം സിനിമ രംഗത്ത് വലിയ പ്രശ്നമായി. ഒടുവിൽ കിട്ടേണ്ട പണം ചോദിച്ച വ്യക്തി പ്രതിയാകുകയും അയാളെ രണ്ട് കൊല്ലത്തേക്ക് വിലക്കുകയും ചെയ്തു. ഈ വിഷയങ്ങൾ ബാധിക്കുന്നത് ഇതുമായി യാതൊരു ബന്ധവും ഇല്ലാത്ത എന്റെ സിനിമയേയാണ്. വിലക്ക് വാർത്ത വന്നതോടെ ദിലീപ് ആകെ ഡിപ്രസ്ഡ് ആയി. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ട് എടുക്കുന്ന സമയത്താണ് വിലക്ക് സംബന്ധിച്ച അറിയിപ്പ് വരുന്നത്.
ജീവിതത്തിൽ നമ്മൾ ഒരുപാട് അഗ്നിപരീക്ഷകളെ നേരിടേണ്ടി വരും. രണ്ട് കൊല്ലം കഴിഞ്ഞിട്ടാണ് ഇറങ്ങുന്നതെങ്കിൽ ആ സമയത്ത് ഇറക്കാം. എന്തായാലും ഷൂട്ടിങ് നിർത്തിവെക്കാൻ പറ്റില്ലെന്ന് പറഞ്ഞു. നിർമ്മാതാക്കൾ എവിടെ നിന്നെല്ലാമാണ് കടം വാങ്ങിച്ചിരിക്കുന്നതെന്ന് ദൈവത്തിന് മാത്രമേ അറിയാമായിരുന്നുവെന്നും ലാൽ ജോസ് പറയുന്നു.
ഒടുവിൽ ഡബ്ബിങ് കഴിഞ്ഞ് ഡബിൾ പോസിറ്റീവ് ആയ സമയത്ത് അത് കാണാൻ വേണ്ടി രഞ്ജൻ പ്രമോദിനെ വിളിച്ചു. പടം കണ്ട് കഴിഞ്ഞതോടെ അദ്ദേഹത്തിന് എന്തോ ഒരു അപകടം മണത്തു. വീണ്ടും ഒരു രണ്ടാംഭാവം ആകുമോയെന്ന ഭീതി അദ്ദേഹത്തിനുണ്ടായി. എങ്കിലും ഞാൻ വിചാരിച്ചത് പോലെ ആയില്ലെന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്.
അങ്ങനെ ചിത്രം റീലിസിനെത്തി. ന്യൂൺ ഷോ കാണാൻ എനിക്ക് ധൈര്യം ഇല്ല. ഫസ്റ്റ് ഷോ കാണാൻ ഞാൻ എത്തിയതോടെ ന്യൂൺ ഷോ കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത് കേൾക്കുന്നുണ്ട്. തിയേറ്ററിന്റെ അടുത്ത് ഒരു ടെലഫോൺ ബൂത്തുണ്ട്. അവിടെ പോയി ദിലീപിനെ വിളിച്ച് കാര്യം തിരക്കാം എന്ന് വിചാരിച്ചപ്പോൾ അതിനോടകം ചിത്രം കണ്ടു കഴിഞ്ഞ ഒരു സംവിധായകൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഞാൻ പുറത്ത് നിന്നും കേട്ടു. ആളുടെ പേര് ഞാൻ പറയുന്നില്ല.
അദ്ദേഹം സംസാരിക്കുന്നത് ദിലീപിനോടാണെന്ന് എനിക്ക് മനസ്സിലായി. സിനിമയിൽ ഒരുപാട് ലാഗ് ഉണ്ട്. ഒരു ആക്ഷൻ രംഗം കുറച്ച് ഓവറാണ്, അതൊക്കെ കട്ട് ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. സാധാരണക്കാരായ ആളുകൾ നല്ല റിപ്പോർട്ട് പറഞ്ഞിരിക്കേയാണ് ആ സംവിധായകൻ അത് പറയുന്നത് കേട്ടത്. എനിക്ക് വലിയ വിഷമം ആയി. എന്തായാലും അപ്പോൾ തന്നെ ഞാൻ ദിലീപിന്റെ ഒരു കോൾ പ്രതീക്ഷിച്ചു.
സംവിധായകൻ ബൂത്തിൽ നിന്നും ഇറങ്ങി എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖം വിറളിപ്പോയി. പടം ഇഷ്ടമായില്ലേയെന്ന് ഞാൻ ചോദിച്ചപ്പോൾ പോര ലാലു എന്നായിരുന്നു മറുപടി. ദിലീപിനെ വിളിച്ചപ്പോൾ അദ്ദേഹം പറയുന്നത് എല്ലാ തിയേറ്ററിൽ നിന്നുമുള്ള റിപ്പോർട്ട് സൈക്കിൾ ഫൈറ്റിന്റേയും മറ്റും സ്ഥലങ്ങൾ ലാഗ് ആണെന്നും കൂവൽ ഉണ്ടെന്നുമായിരുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ രണ്ട് മൂന്ന് ഭാഗങ്ങൾ വെട്ടണമെന്നും അദ്ദേഹം പറയുന്നു.
എന്തായാലും ഞാൻ സിനിമ കണ്ടതിന് ശേഷം നോക്കാം എന്ന് പറഞ്ഞു. ഞാൻ പടം കാണാൻ കയറിയപ്പോൾ തുടക്കം മുതൽ അവസാനം വരെ ചിരിയും കയ്യടിയും ബഹളവുമാണ്. ഈ പറഞ്ഞ ഒരിടത്തും കൂവലുമില്ല. പുറത്തിറങ്ങിയ ഉടനെ ദിലീപിനെ വിളിച്ച് ആരാണ് കൂവലുണ്ടെന്ന് പറഞ്ഞതെന്ന് ചോദിച്ചു. ഉടനെ ദിലീപ് പറഞ്ഞത് എറണാകുളത്ത് നല്ല കൂവലാണെന്നാണ്. എറണാകുളത്ത് കൂവലുണ്ടെങ്കിൽ അത് ആരോ മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് പറഞ്ഞു.
എന്ത് പറഞ്ഞിട്ടും ദിലീപ് സമ്മതിക്കുന്നില്ല. വിജയിക്കേണ്ട ഒരു സിനിമ എന്തിനാണ് ഇതിന്റെ പേരിൽ പരാജയപ്പെടുത്തുന്നത്. നിനക്ക് ഇത് അങ്ങനെ പറഞ്ഞാൽ മതി. എനിക്ക് ഈ സമയത്ത് ഒരു സിനിമ വിജയിക്കുക എന്ന് പറയുന്നത് വളരെ പ്രധാനാപ്പെട്ടതാണെന്നായിരുന്നു ദിലീപിന്റെ വാദങ്ങൾ. സിനിമ വിജയിക്കേണ്ടത് നിന്നേക്കാൾ എനിക്കാണ് പ്രധാനം എന്നായിരുന്നു എന്റെ മറുപടി. എന്റെ കഴിഞ്ഞ സിനിമ പരാജയമായിരുന്നു. സിനിമ പരാജയപ്പെടുകയാണെങ്കിൽ എൻ്റെ സുഹൃത്തുക്കളും നിർമ്മാതാക്കളുമായ സുധീഷും സുബൈറും കടത്തിൽ മുങ്ങി താണുപോകും.
അങ്ങനെ ചെറിയൊരു വാക്കു തർക്കത്തിലേക്ക് ഫോണിലൂടെ പോയി. എന്തായാലും കട്ട് ചെയ്യണമെങ്കിൽ കട്ട് ചെയ്യാം എന്ന് തീരുമാനിച്ച് സെക്കൻഡ് ഷോയുടെ സമയത്ത് ഞാൻ ശ്രീകുമാർ തിയേറ്ററിൽ എത്തി. അന്ന് ഫിലിം ആയതിനാൽ ഓരോ തിയേറ്ററിലും പോയി കട്ട് ചെയ്യണം. ഞാൻ അവിടെ എത്തിയപ്പോൾ തിയേറ്ററിലെ ഓപ്പറേറ്റർ എന്നോട് ചോദിച്ചു. എന്തിനാണ് സാറെ ഇത് കട്ട് ചെയ്യുന്നതെന്ന്. ലാഗ് കാരണമാണ് കട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ച് ചോദിച്ചത് ആരാണ് അങ്ങനെ പറഞ്ഞത് എന്നായിരുന്നു.
എത്രയോ വർഷങ്ങളായി ഈ പ്രൊജക്ടർ റൂമിലെ ഹോളിൽ കൂടെ സിനിമ കാണുന്നതാണ്. ആ അനുഭവത്തിൽ പറയുകയാണ് ഈ സിനിമ 100 ദിവസം ഓടും. അതുകൊണ്ട് കട്ട് ചെയ്യല്ലേ. കട്ട് ചെയ്താലും ഓടും, പക്ഷെ എന്തിനാണ് കട്ട് ചെയ്ത് പ്രിന്റിന്റെ ഐശ്വര്യം കളയുന്നത്. പത്ത് മിനുട്ട് കുറഞ്ഞ് കിട്ടിയാൽ അതിന്റെ ഏറ്റവും വലിയ ഗുണം അനുഭവിക്കുന്നത് ഞാനാണ്. എനിക്ക് അത്രയും നേരത്തെ വീട്ടിൽ പോകാലോ. പക്ഷെ ഈ സിനിമയിൽ കളയാൻ ഒന്നുമില്ല. ആളുകൾ വളരെ സന്തോഷിച്ചാണ് സിനിമ കാണുന്നതെന്നും ഓപ്പറേറ്റർ പറഞ്ഞു.
അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടതോടെ എനിക്ക് വല്ലാത്തൊരു ഊർജ്ജം കിട്ടി. ഇനി ദിലീപ് അല്ല ആരു പറഞ്ഞാലും കട്ട് ചെയ്യാൻ പോണില്ലെന്ന് തീരുമാനിച്ചു. ആ സിനിമ പിന്നീട് 202 ദിവസം ഓടി. വലിയ തരംഗമായി. എന്റെ കരിയറിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ മീശമാധവനാണെന്നും ലാൽ ജോസ് കൂട്ടിച്ചേർക്കുന്നു.
അന്ന് സിനിമയുടെ കഥ പറയുമ്പോൾ നിർമാതാക്കളാരും ചിത്രം ചെയ്യാൻ തയാറായിരുന്നില്ലെന്ന് ലാൽ ജോസ് വെളിപ്പെടുത്തിയിരുന്നു. മീശമാധവന് മുൻപ് പുറത്തിറങ്ങിയ രണ്ടാം ഭാവം പരാജയമായതിനാൽ നിർമാതാക്കളൊന്നും ഈ സിനിമ ഏറ്റെടുക്കുന്നുണ്ടായിരുന്നില്ല. സിനിമയുടെ അണിയറപ്രവർത്തകരിൽ വിശ്വാസമില്ലെന്ന് പറഞ്ഞായിരുന്നു പല നിർമാതാക്കളും കയ്യൊഴിഞ്ഞത്. ദിലീപിന്റെ സുഹൃത്തുക്കളായ സുബൈറും സുധീഷുമാണ് ഒടുവിൽ ചിത്രം നിർമിച്ചത്. രഞ്ജൻ പ്രമോദിന്റേതായിരുന്നു തിരക്കഥ.