മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാൽ ജോസിന്റെ സംവിധായകനായുള്ള വളർച്ച ആദ്യം മുൻ കൂട്ടി കണ്ടവരിൽ ഒരാൾ നടൻ മമ്മൂട്ടിയാണ്. ലാൽ ജോസ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമയിൽ തന്നെ നായകനാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. മമ്മൂട്ടിയുടെ ധാരണ ശരിയാണെന്ന് തെളിയിച്ച് കൊണ്ട് ലാൽ ജോസ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി വളർന്നു.
മീശ മാധവൻ, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. സംവിധായകന്റെ കരിയറിൽ അടയാളപ്പെടുത്തപ്പെട്ട സിനിമയാണ് 2006 ൽ റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സ്. പൃഥിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ, രാധിക തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. കാവ്യ മാധവൻ, മീര നന്ദൻ, ആൻ അഗസ്റ്റിൻ, മുക്ത, അർച്ചന കവി തുടങ്ങിയ നിരവധി നടിമാരെ ലാൽ ജോസ് നായികമാരായി കൊണ്ട് വന്നു. ലാൽ ജോസിന്റെ ഭൂരിഭാഗം സിനിമകളിലും നായികമാർക്ക് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
മലയാള സിനിമയിൽ ഒരു കാലത്തെ ഹിറ്റ് കോംബോ ആയിരുന്നു ലാൽ ജോസും ദിലീപും. ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റാണ്. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, ചാന്തുപൊട്ട് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ലാൽ ജോസ്. ലാൽ ജോസിന്റെ മീശമാധവൻ എന്ന ചിത്രത്തിന് ശേഷമാണ് ദിലീപിന്റെ താരമൂല്യം കുതിച്ചുയരുന്നത്.
ഇപ്പോൾ കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് ലാൽ ജോസ്. കോലാഹലം എന്ന സിനിമയുമായി ആണ് അദ്ദേഹം മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ തന്റെ പുതിയൊരു അഭിമുഖത്തിൽ അന്തരിച്ച നടൻ കലാഭവൻ മണിയെകുറിച്ചും ദിലീപിനെ കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. അയാളും ഞാനും തമ്മിലിൽ പൃഥ്വിരാജിന്റെ കാല് പിടിക്കുന്ന സീൻ ഭയങ്കര ഓവറായിരിക്കുമെന്ന് മണി പറഞ്ഞു. ന്യൂ ജനറേഷൻ സട്ടിൽ ആക്ടിന്റെ ആൾക്കാരായത് കൊണ്ട് ഇത് ഭയങ്കര ഡ്രാമയായി തോന്നും. ഓവറായിരിക്കുമെന്ന് പറഞ്ഞു. ഞാൻ പഴയ ആളാണെന്ന തോന്നൽ മണിക്കുണ്ടായിരുന്നു.
ഞാൻ പഴയ രീതിയിലാണോ ഇത് ചെയ്യുന്നതെന്ന കൺഫ്യൂഷൻ. അത് സ്വാഭാവികമാണ്. ആക്ടേർസിന് എപ്പോഴും സംശയമുണ്ടാകും. അവർ തെറ്റായ കാര്യമാണോ ചെയ്യുന്നതെന്ന് എപ്പോഴും വെരിഫെെ ചെയ്ത് കൊണ്ടിരിക്കും. കാരണം അവരാണ് കുഴപ്പത്തിലാകുന്നത്. മണി അങ്ങനെ ഒരു പ്രശ്നം പറഞ്ഞു. ഇത് ഇങ്ങനെ തന്നെ വേണം, അത്യന്തിതമായി ഇത് എന്റെ സിനിമയാണ്. അത് പുതിയ ജനറേഷന് ഇഷ്ടമായില്ലെങ്കിൽ എനിക്ക് കുഴപ്പമില്ല എനിക്കിഷ്ടമാകും. ആദ്യം എന്നെ തൃപ്തിപ്പെടുത്തൂ, നാട്ടുകാരുടെ കാര്യം പിന്നെ നോക്കാമെന്ന് ഞാൻ പറഞ്ഞു. ജീവിതത്തിലെ ഇമോഷൻസിന് ന്യൂ ജെൻ ഓൾഡ് ജെൻ എന്നൊന്നുമില്ല. മണിക്ക് മാത്രമല്ല പല പ്രധാന നടൻമാരും ചില സീനുകളിൽ മടിച്ചിട്ടുണ്ട്.
അവരെ കൺവിൻസ് ചെയ്യുക എന്നതാണ്. മമ്മൂട്ടി ചില സീനുകൾ ഞാൻ ചെയ്താൽ ഓവറാകും ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ട്. പട്ടാളത്തിൽ ഒരു ഡാൻസ് മൂവ്മെന്റ് ചെയ്യാൻ പറഞ്ഞിട്ട് പുള്ളി ഞാൻ ഡാൻസ് ചെയ്താൽ ആൾക്കാർ സ്വീകരിക്കില്ലെന്ന് പറഞ്ഞു. ഡാൻസ് ചെയ്യാത്ത ഒരാൾ എങ്ങനെയാണോ ചെയ്യേണ്ടത്, അങ്ങനെയാണ് ചെയ്യേണ്ടതെന്ന് താൻ പറഞ്ഞെന്നും ലാൽ ജോസ് ഓർത്തു. ചാന്തുപൊട്ട് ചെയ്യുന്ന സമയത്ത് ദിലീപുമായുണ്ടായ ചെറിയ പിണക്കത്തെക്കുറിച്ചും ലാൽ ജോസ് സംസാരിച്ചു. ആക്ടറും ഡയരക്ടറും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും. അത്രയും ചലഞ്ചിംഗ് ആയ ക്യാരക്ടേർസ് ചെയ്യുമ്പോൾ ആക്ടേർസ് പലപ്പോഴും അസ്വസ്ഥരായിരിക്കും.
ഡയരക്ടറും അസ്വസ്ഥനായിരിക്കും. അയാളുടെ ഉള്ളിൽ തിളച്ച് മറിയുന്ന കാര്യം ആരോടും പങ്കുവെക്കാൻ പറ്റില്ല. ക്രിയേറ്റീവ് ഫ്രിക്ഷൻ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത സുഹൃത്തുക്കളാണെങ്കിലും ഞാനും ദിലീപും തീർത്തും വ്യത്യസ്തരാണ്. അതുകൊണ്ടാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്. ഞാൻ പെട്ടെന്ന് റിയാക്ട് ചെയ്യുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ്. ദിലീപ് ദേഷ്യപ്പെടാത്ത ആളാണ്. ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല. 30 കൊല്ലമായി അറിയുന്ന ആൾക്കാരാണ് ഞങ്ങൾ. അതിൽ ആദ്യത്തെ അഞ്ചാറ് കൊല്ലം ഒരേ റൂമിൽ താമസിച്ച ആൾക്കാരാണെന്നും ലാൽ ജോസ് പറഞ്ഞു.
അതേസമയം, 2013 ൽ പുറത്തിറങ്ങിയ ഏഴ് സുന്ദര രാത്രികൾ ആണ് ലാൽ ജോസ്, ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത അവസാന ചിത്രം. ഈ സിനിമയ്ക്ക് സംഭവിച്ചതെന്തെന്നും ലാൽ ജോസ് തുറന്ന് പറഞ്ഞിരുന്നു. ആ കാലത്ത് ഫഹദൊക്കെ ചെയ്യുന്ന ടെപ് കഥാപാത്രമാണ്. ദിലീപ് നെക്സ്റ്റ് ഡോർ ബോയ്, വില്ലേജ് കഥാപാത്രങ്ങളൊക്കെയായി പോയിക്കൊണ്ടിരിക്കുകയാണ്. പുതിയ കാലഘട്ടത്തിൽ അർബൻ പശ്ചാത്തലത്തിലുള്ള സിനിമകളാണ്. ആ ജോണറിലേയ്ക്ക് ദിലീപും വരണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സിറ്റി പശ്ചാത്തലത്തിലുള്ള കഥ തീരുമാനിക്കുന്നത്. കഥ കേട്ട് എല്ലാവർക്കും ഇഷ്ടമായി. പ്രശ്‌നങ്ങളൊന്നുമില്ലാതെ വളരെ ശാന്തമായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നതെന്നും ലാൽ ജോസ് വ്യക്തമാക്കി.
ഏഴ് സുന്ദരരാത്രികൾ തിയേറ്ററിൽ റിലീസ് ചെയ്തപ്പോൾ വിചാരിച്ച രീതിയിൽ സ്വീകരിക്കപ്പെട്ടില്ല. പക്ഷെ സിനിമ നഷ്ടമായില്ല. കാരണം സാറ്റലൈറ്റ് റൈറ്റ് നല്ല വിലയ്ക്ക് പോയിരുന്നു. തിയേറ്ററിൽ നിന്നുള്ള കലക്ഷനും ചേർത്തപ്പോൾ നഷ്ടമില്ലാത്ത, ചെറിയ ലാഭമുള്ള സിനിമയായിരുന്നു. അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള സിനിമയാണ് ഏഴ് സുന്ദര രാത്രികൾ. എന്താണതിന് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. പറയാനുദ്ദേശിച്ച കഥ നല്ല രീതിയിൽ പറഞ്ഞ സിനിമയായിരുന്നു. കഥ ചിലപ്പോൾ ആളുകൾക്ക് ഇഷ്ടപ്പെട്ട് കാണില്ല. അത്തരമൊരു റോളിൽ ദിലീപിനെ ആളുകൾ പ്രതീക്ഷിച്ച് കാണില്ല. എന്തായാലും അതിന് ശേഷം ഇത്രയും കാലമായിട്ടും ദിലീപുമായൊരു സിനിമ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ലാൽ ജോസ് ചൂണ്ടിക്കാട്ടി.സിനിമ ചെയ്യുന്നില്ലെങ്കിലും ദിലീപും ലാൽ ജോസും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്.
ലാൽ ജോസ് തനിക്ക് സഹോദരനെ പോലെയാണെന്ന് അടുത്തിടെ ദിലീപ് പറയുകയുണ്ടായി. സിനിമാ രംഗത്ത് ദിലീപ് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് ലാൽ ജോസും സംവിധാന രംഗത്ത് ഇപ്പോൾ സജീവമല്ല. ലാൽ ജോസിന്റെ ശക്തമായ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ദിലീപും ലാൽ ജോസും ഒരുമിച്ചൊരു സിനിമ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. മീശമാധവൻ, ചാന്ത്‌പൊട്ട് തുടങ്ങിയ ഹിറ്റുകളെ പോലെ മറ്റൊരു ചിത്രം ദിലീപിന് സമ്മാനിക്കാൻ ലാൽ ജോസിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മലയാളികളുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ജോഡിയായി ദിലീപ്- കാവ്യ മാറിയിരുന്നു. ഈ കാവ്യയെ നായികയാക്കാനുള്ള തീരുമാനത്തിൽ മഞ്ജു വാര്യർക്കും പങ്കുണ്ടെന്ന് ലാൽ ജോസ് പറഞ്ഞിരുന്നു. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയ്ക്കായുള്ള കാര്യങ്ങൾ ഞാൻ നീക്കുന്ന സമയത്താണ് ദിലീപിന് മഞ്ജുവിനെ പെട്ടെന്ന് വിവാഹം കഴിക്കണം എന്നൊരു അവസ്ഥയിൽ എത്തുന്നത്. അങ്ങനെ ഒരു രാത്രി മഞ്ജുവിനെ പുള്ളിലെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് ആലുവയിലെ അമ്പലത്തിൽ വെച്ച് പിറ്റേന്ന് രാവിലെ ദിലീപ് വിവാഹം കഴിക്കുകയായിരുന്നു,’
അതിനു ശേഷം ഞങ്ങൾ സിനിമയുടെ കാസ്റ്റിംഗിലേക്കും മറ്റും കടന്നു. ശാലിനിയെ ആണ് ഞങ്ങൾ ആദ്യം തീരുമാനിച്ചിരുന്നത്. ശാലിനിയെ കാണാൻ ഞങ്ങൾ മദ്രാസിൽ ചെന്നു അച്ഛനെ കണ്ടു. അദ്ദേഹത്തെ മുന്നേ അറിയുന്നതാണ്. അന്ന് അദ്ദേഹം പറഞ്ഞത് മണിരത്‌നത്തിന്റെ സിനിമ ഒരെണ്ണം വന്നിട്ടുണ്ട്. അത് തീരുമാനം ആക്കിയിട്ട് പറയാമെന്നാണ്. എന്നാൽ പിന്നീട് ഞാൻ അറിയുന്ന കമൽ സാറിന്റെ നിറത്തിൽ അഭിനയിക്കാൻ ശാലിനി ഡേറ്റ് നൽകിയെന്നാണ്. രണ്ടും ഒരേസമയമാണ്. അങ്ങനെ അടുത്ത നായികയെ തപ്പാൻ തുടങ്ങി.
എന്റെ സിനിമയിൽ എപ്പോഴും പുതിയ നായികമാർ വരുന്നത് എന്ന് ചോദിച്ചാൽ, നിവൃത്തിക്കേട് കൊണ്ടാണ് പലപ്പോഴും പുതിയ ആളുകളെ കണ്ടത്തേണ്ടി വന്നിട്ടുള്ളത്. ആദ്യം തീരുമാനിക്കുന്ന നായികയെ ഷൂട്ടിങ് തുടങ്ങാറാവുമ്പോൾ എനിക്ക് കിട്ടാതെയാവും. മറവത്തൂർ കനവിൽ മഞ്ജു ആയിരുന്നു. മഞ്ജുവിനെ കിട്ടാതെ വന്നപ്പോൾ വേറെ ആളെ നോക്കി ചന്ദ്രനുദിക്കുന്ന ദിക്കിലും അവസാന നിമിഷം ശാലിനിക്ക് പകരം വേറെ ആളെ നോക്കേണ്ടി വന്നു. അങ്ങനെ ദിലീപിന്റെ വീട്ടിൽ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന്. മഞ്ജുവും പറഞ്ഞു പുതിയ ആൾ വരട്ടെയെന്ന്. അങ്ങനെ കാവ്യയുടെ കാര്യം പറഞ്ഞു.’
‘അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്‌ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോ എന്നും സംശയുമുണ്ടെന്ന് പറഞ്ഞു. അപ്പോൾ മഞ്ജുവാണ് പറഞ്ഞത് അവൾ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കുമെന്ന്. ചുരിദാർ ഒക്കെ ഇട്ടാൽ ഏത് പെൺകുട്ടിയും മെച്വർ ആയി തോന്നുമെന്ന്. അങ്ങനെ ഞാൻ നീലേശ്വരത്ത് കാവ്യയുടെ വീട്ടിൽ പോയി.’
‘അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചു. അവർക്ക് സന്തോഷമുണ്ട്. പക്ഷെ അവർക്ക് ഒരു പേടിയും ഉണ്ടായിരുന്നു. നായികയായി അഭിനയിച്ചാൽ ആളുകൾ എന്തെങ്കിലും പറയുമോ കല്യാണം നടക്കുമോ എന്നൊക്കെ ആയിരുന്നു പേടി. അവസാനം അവരെ പറഞ്ഞ് കൺവിൻസ് ചെയ്യുകയും കാവ്യ സിനിമയിൽ അഭിനയിക്കുകയുമായിരുന്നു. അന്ന് കാവ്യ ഒമ്പതാം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്,’ എന്നും ലാൽ ജോസ് പറഞ്ഞു.
മീശമാധവനിലേയ്ക്ക് ദിലീപ് എത്തിയതിനെ കുറിച്ചും ലാൽ ജോസ് സംസാരിച്ചിരുന്നു. മീശ മാധവൻ ചെയ്യുന്ന സമയത്ത് ദിലീപ് ഒരു സ്മോൾ ടൈം ആക്ടർ മാത്രമായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം , മുകേഷ്, ജഗദീഷ് , സിദ്ധിഖ് അങ്ങനെയുള്ള നായകൻമാർ നിറഞ്ഞുനിൽക്കുന്ന സമയമാണത്. സല്ലാപത്തിലാണ് ദിലീപിനോട് ആളുകൾക്ക് കൂടുതൽ ഇഷ്ടമായി തുടങ്ങിയത്. കുടുംബത്തിൻരെ പിന്തുണ ലഭിച്ചു.
ആ സിനിമയിൽ നായകനല്ല അവൻ, നെഗറ്റീവ് റോൾ ആണ്, കാമുകിയെ ഉപേക്ഷിക്കുന്ന ആളാണ്. അതിന് മുൻപ് ഞാനും ദിലീപും അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയിരുന്നു. ഞാൻ എന്റെ സിനിമ ചെയ്യുമ്പോൾ എപ്പോഴും നായകന്റെ ആളാണ്. ഞാൻ പഴയ കാഴ്ചപ്പാടാണ്, നായിക സുന്ദരിയായി ഇരിക്കണം, നായകൻ എല്ലാ ഹീറോയിസവും ഉള്ള ആളായിരിക്കണം അങ്ങനെയൊരു ചിന്തയാണെന്നാണ് അദ്ദേഹം പറഞ്ഞത്.