എൻ.എഫ് വർഗീസ് ചേട്ടൻ ക്രൂ രമായ ഒരു ചീത്ത ദിലീപിനെ പറഞ്ഞു, അച്ഛനേയും അമ്മയേയും കണക്ട് ചെയ്തുള്ള ചീത്ത വിളിയായിരുന്നു. അന്ന് ദിലീപ് കരഞ്ഞു; ലാൽ ജോസ്

നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം പിടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു എൻ എഫ് വർഗീസ്. വെറും പത്ത് വർഷം കൊണ്ട് നൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട എൻ എഫ് വർഗീസ് എന്ന അതുല്യ പ്രതിഭയുടെ ഓർമയിലാണ് ഇന്ന് സിനിമാലോകം. വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിട്ടുള്ള താരം മിമിക്രി ട്രൂപ്പുകളിൽ സജീവമായിരുന്നു.

അതിനിടെയാണ് അഭിനയത്തിലേയ്ക്ക് എത്തുന്നത്. നടൻ ദിലീപും എൻ.എ‌ഫ് വർഗീസുമെല്ലാം ഒരു കാലത്ത് ഒരുമിച്ച് ഒരു മിമിക്രി ട്രൂപ്പിൽ പ്രവർത്തിച്ചിരുന്നവരാണ്. എന്നാൽ ഇപ്പോഴിതാ ദിലീപിനെ കുറിച്ച് ചില തെറ്റിദ്ധാരണകൾ ഒരു സമയത്ത് എൻ.എഫ് വർഗീസിനുണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. വർഷങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിലുണ്ടായ വഴക്കിനെ കുറിച്ചും ലാൽ ജോസ് വെളിപ്പെടുത്തി. സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ സംസാരിക്കുകയായിരുന്നു ലാൽ ജോസ്.

എൻ.എഫ് വർഗീസ് ചേട്ടനെ അറിഞ്ഞ് തുടങ്ങിയത് കൊച്ചിൻ ഹരിശ്രീയുടെ മിമിക്സ് പരേഡ് അനൗൺസറായിട്ടാണ്. ആ കാലത്ത് മിമിക്രി വീഡിയോ കാസറ്റുകളിലൊക്കെ അദ്ദേഹം സജീവമായിട്ട് ഉണ്ടായിരുന്നു. ദിലീപും ഹരിശ്രീയിൽ ഉണ്ടായിരുന്നയാളാണ്. എൻ.എഫ് വർഗീസ് ചേട്ടനെ കുറിച്ച് അദ്ദേഹത്തെ കാണും മുമ്പ് തന്നെ ദിലീപ് പറഞ്ഞ് ഞങ്ങൾക്ക് എല്ലാം അറിയാം. ആയുഷ്കാലം സിനിമയുടെ ഷൂട്ടിങ് തുടങ്ങിയ സമയം. അതിൽ ഒരു ജയിലർ കഥാപാത്രമുണ്ട്. വളരെ കുറച്ച് സീനുകളിൽ മാത്രം വന്നുപോകുന്ന ക്യാരക്ടറാണ്. ആ കഥപാത്രം ചെയ്യാൻ ആളെ തിരക്കി നടക്കുന്ന സമയത്ത് ദിലീപാണ് കമൽ‌ സാറിനോട് ആ കഥാപാത്രം എൻ.എഫ് വർഗീസ് ചേട്ടന് കൊടുക്കാമോയെന്ന് ചോദിച്ചത്.

എന്തുകൊണ്ട് അദ്ദേഹത്തെ റെക്കമന്റ് ചെയ്യുന്നുവെന്ന് കമൽ സാർ ദിലീപിനോട് ചോദിച്ചു. ഞാനും അദ്ദേഹവും തമ്മിൽ ഒരു ഇഷ്യുവുണ്ടായിട്ടുണ്ട്. ഹരിശ്രീയുടെ പ്രോഗ്രാം ഉണ്ടായിരുന്ന ഒരു ദിവസം ഞങ്ങളുടെ എതിർ ഗ്രൂപ്പായ കൊച്ചിൻ ഓക്സാറിൽ ഒരു ആളുടെ കുറവുണ്ടായിരുന്നു. ദിലീപിന്റെ സുഹൃത്തുക്കളായ അബിയും നാദിർഷയുമെല്ലാം കൊച്ചിൻ ഓക്സാറിലെ അംഗങ്ങളാണ്. അവർ ചോദിച്ചപ്പോൾ ദിലീപ് അവർക്കൊപ്പം പ്രോഗ്രാമിന് പോയി. അങ്ങനെ ചെയ്യുന്നത് തെറ്റാണ്. ദിലീപിന്റെ കൊച്ചി ഹരിശ്രീക്ക് അന്ന് പ്രോഗ്രാമുമുണ്ട്.

ഒരാൾ കുറഞ്ഞാലും മനേജ് ചെയ്ത് കൊണ്ടുപോകുന്നവരാണ് കൊച്ചിൻ ഹരിശ്രീ. അതുകൊണ്ട് കൂടിയാണ് ദിലീപ് ധൈര്യത്തിൽ ഇവർക്കൊപ്പം പോയത്. സീരിയസ്നെസ്സ് ആലോചിച്ചതുമില്ല. പ്രോഗ്രാം കഴിഞ്ഞ് ദിലീപ് തിരികെ ഹരിശ്രീയിൽ ചെന്നപ്പോൾ മാനേജർ കൂടിയായ എൻ.എഫ് വർഗീസ് ചേട്ടൻ ക്രൂരമായ ഒരു ചീത്ത ദിലീപിനെ പറഞ്ഞു. അച്ഛനേയും അമ്മയേയും കണക്ട് ചെയ്തുള്ള ചീത്ത വിളിയായിരുന്നു. അന്ന് ദിലീപ് കരഞ്ഞു. ‍ഞാൻ തെറ്റ് തന്നെയാണ് ചെയ്തത്. പക്ഷെ അതിന് വീട്ടിലിരിക്കുന്നവരെ പറയേണ്ട കാര്യമുണ്ടായിരുന്നോ എന്നതായിരുന്നു ദിലീപിന്റെ സങ്കടം.

വർഗീസ് ചേട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ്. പിന്നീട് അദ്ദേഹത്തിന് കുറ്റബോധമുണ്ടായി. പിൽക്കാലത്ത് ദിലീപ് കമൽ സാറിന്റെ അസിസ്റ്റന്റായിയെന്ന് അറിഞ്ഞപ്പോൾ വർഗീസ് ചേട്ടൻ പറഞ്ഞ് പോലും കമലിന്റെ പടത്തിൽ എന്നെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതാണ് ഇനി ഇപ്പോൾ അത് നടക്കില്ല. അവൻ മുടക്കുമെന്ന്.‍ അങ്ങനെ ചേട്ടൻ പറഞ്ഞത് ദിലീപ് അറിഞ്ഞു.

താൻ പ്രതികാരം മനസിൽ സൂക്ഷിക്കുന്നയാളല്ലെന്നായിരുന്നു ദിലീപിന്റെ മറുപടി. ആയുഷ്കാലത്തിലേക്ക് തന്നെ സെലക്ട് ചെയ്യാൻ പ്ലാനുണ്ടെന്ന് വർഗീസ് ചേട്ടൻ അറിഞ്ഞിട്ടുണ്ട്. അത് നടന്നില്ലെങ്കിൽ തീർച്ചയായും അത് എന്റെ തലയിൽ വരുമെന്ന് ദിലീപ് കമൽ സാറിനോട് പറഞ്ഞു. ഞാനാണ് അത് മുടക്കിയതെന്ന് പുള്ളി വിചാരിക്കുമെന്നും ദിലീപ് കമൽ സാറിനോട് പറഞ്ഞു. പുള്ളി അങ്ങനെ വിചാരിച്ചാലും ദിലീപിന് യാതൊരു നഷ്ടവും സംഭവിക്കാനില്ല. കാരണം അപ്പോഴേക്കും ദിലീപ് ട്രാക്ക് മാറിയിരുന്നു. വർഗീസ് ചേട്ടന് വിഷമമാകുമെന്ന് മനസിലാക്കിയതുകൊണ്ടാണ് ദിലീപ് കമൽ സാറിനെ നിർബന്ധിച്ചത്. ഞാനും അന്ന് വർഗീസ് ചേട്ടന് വേണ്ടി കമൽ സാറിനോട് സംസാരിച്ചിരുന്നു. എന്തായാലും അദ്ദേഹം നന്നായി അഭിനയിക്കും. അങ്ങനെ അദ്ദേഹം ആയുഷ്കാലത്തിൽ അഭിനയിച്ചു. പിന്നെ അദ്ദേഹത്തിന് ജോഷി ചേട്ടന്റെ അടക്കം സിനിമകളിൽ അദ്ദേഹം നല്ല കഥാപാത്രങ്ങൾ നിരവധി ചെയ്തു.

മലയാളത്തിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു പെട്ടന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. അദ്ദേഹം സിനിമയിൽ അവസരങ്ങൾ തേടി നടന്ന സമയത്ത് ആരോ പറഞ്ഞുവത്രെ മൂക്ക് പതിഞ്ഞിരിക്കുന്നത് കൊണ്ടാണ് അവസരങ്ങൾ കിട്ടാത്തതെന്ന്. അതുകേട്ട് അദ്ദേഹം പ്ലാസ്റ്റിക്ക് സർജറി ചെയ്ത് മൂക്ക് ശരിയാക്കി. അതിന് അടുത്ത ദിവസം ഒരു വാഹനാപകടത്തിൽപ്പെട്ട് അദ്ദേഹത്തിന്റെ കയ്യൊടിഞ്ഞു. പിന്നീട് കൈ പൂർണമായും നിവർത്താൻ കഴിയില്ലായിരുന്നു.

അന്ന് അദ്ദേഹ കരുതിയത് ഇനി ഒരിക്കലും സിനിമയിൽ അവസരം കിട്ടില്ലെന്നാണ്. പക്ഷെ അതിനുശേഷമാണ് അദ്ദേഹത്തിന് നല്ല റോളുകൾ ഏറെയും അദ്ദേഹത്തിന് കിട്ടിയത്. എന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കുടിയനായിട്ടുള്ള കഥാപാത്രമായിരുന്നു. സിനിമയിൽ അഭിനയിച്ച് അഭിനയിച്ച് സിനിമയുടെ ടെക്ക്നിക്കുകളെല്ലാം അദ്ദേഹം മനസിലാക്കിയിരുന്നു. രാത്രിയിൽ ഞങ്ങൾ ഒരു ഫൈറ്റ് സീൻ എടുക്കുകയാണ്.

വർഗീസ് ചേട്ടൻ ഇടയ്ക്കിടെ വന്ന് പോയാൽ മാത്രം മതി. ദിലീപിന്റെ ഫൈറ്റാണ്. അതിനിടയിൽ തന്ത്രപരമായി അഭിനയിച്ച് അദ്ദേഹം ആ സീനിൽ നിന്ന് വേഗം പുറത്ത് പോകാൻ നോക്കി. അല്ലാത്തപക്ഷം എല്ലാ ഷോട്ടിലും അദ്ദേഹത്തിന് വന്ന് നിൽക്കേണ്ടി വരും. ഇതാകുമ്പോൾ പുള്ളിക്ക് പോയി ‌കിടന്നുറങ്ങാം.

അത് മനസിലാക്കിയ ഞാൻ പോകാൻ സമ്മതിച്ചില്ല. ആ സമയത്ത് ഞാൻ അദ്ദേഹത്തോട് വഴക്ക് കൂടിയിട്ടുണ്ട്. ഇതിനെല്ലാം ശേഷം ഒരിക്കൽ ഞാൻ രണ്ടാം ഭാവം സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് വർഗീസ് ചേട്ടനെ വീണ്ടും കണ്ടു. തിലകൻ ചേട്ടൻ അസുഖം മൂർച്ഛിച്ച് ആശുപത്രിയിലായ സമയമായിരുന്നു അത്. തിലകൻ ചേട്ടൻ ഇല്ലാത്തതിനാലാണ് രണ്ടാം ഭാവത്തിന്റെ ഷൂട്ട് മുടങ്ങിയത്. ഇതെല്ലാം വർഗീസ് ചേട്ടന് അറിയാം. ഷൂട്ടിങ് മുടങ്ങിയല്ല… തിലകൻ ചേട്ടന് എന്തെങ്കിലും സംഭവിച്ചാൽ അത്തരം റോളുകൾ ചെയ്യാൻ പറ്റുന്ന വേറെ ആരാണ് മലയാള സിനിമയിൽ ഉള്ളത്.

ഒരു പരിധിവരെ എനിക്ക് ചെയ്യാൻ പറ്റും അല്ലേ… എന്നാണ് അദ്ദേഹം പറ‍ഞ്ഞത്. ഒരു നാക്ക് പിഴയായിരുന്നു അത്. തിലകൻ ചേട്ടൻ അസുഖം മാറി അഭിനയത്തിലേക്ക് തിരികെ എത്തി. പക്ഷെ വർഗീസ് ചേട്ടൻ അറ്റാക്ക് വന്ന് വളരെ അപ്രതീക്ഷിതമായി മരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ അറംപറ്റിയ പോലെയാണ് തോന്നിയത് എന്നാണ് എൻ.എഫ് വർ‌ഗീസുമായി ബന്ധപ്പെട്ട ഓർമകൾ പങ്കിട്ട് ലാൽ ജോസ് പറഞ്ഞത്.

ആലുവാക്കാരൻ എൻ എഫ് വർഗീസിൻറെ ജീവിതാഭിലാഷമായിരുന്നു സിനിമ. നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായിരുന്ന തുടക്കകാലം. കലയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം, കലാഭവനിലും ഹരിശ്രീയിലുമായി പന്ത്രണ്ട് വർഷത്തോളം പ്രവർത്തിച്ചിരുന്നു എൻ എഫ് വർഗീസ്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഈറൻ സന്ധ്യ എന്നിങ്ങനെ എട്ടോളം സിനിമകളിൽ ചെറുവേഷം ചെയ്തെങ്കിലും ശ്രദ്ധേയനാകുന്നത് സിബി മലയലിൽ ഡെന്നീസ് ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ആകാശദൂതിലൂടെയാണ്. പാൽക്കാരൻ കേശവൻ എന്ന കഥാപാത്രം കരിയർ ബ്രേക്കായി.

ഈ കഥാപാത്രത്തിന് പിന്നിലും ഒരു കഥയുണ്ട്. അതേകുറിച്ച് മുമ്പൊരിക്കൽ ഡെന്നീസ് ജോസഫ് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ‘ചിത്രത്തിലെ കഥാപാത്രത്തെ വിശദീകരിച്ചപ്പോൾ വര്ഗീസ് ഞെട്ടി. വേറൊന്നുമല്ല, വര്ഗീസിന് വണ്ടിയോടിക്കാന് അറിയില്ല. ആ കഥാപാത്രമാണെങ്കില് വാഹനമോടിക്കുന്നയാളുമാണ്. ഇക്കാര്യം മനസിലാക്കിയ വര്ഗീസ് വിഷമത്തിലായെങ്കിലും വണ്ടിയോടിക്കാന് അറിയില്ലെന്ന് ആരോടും പറയരുതെന്നും ചിത്രീകരണം തുടങ്ങാന് ഒരാഴ്ച്ചകൂടി സമയമുള്ളതിനാല് അതിനുള്ളില് ശരിയാക്കാം എന്നും പറഞ്ഞിട്ടാണ് പോയത്. നാലോ അഞ്ചോ ദിവസം കഴിഞ്ഞപ്പോള് വര്ഗീസ് വീണ്ടും എത്തി. അതും സ്വന്തമായി ഫോര് വീലര് ഓടിച്ചുകൊണ്ട്! ലഭിച്ച വേഷം നഷ്ടപ്പെടാതിരിക്കാന് അന്നു രാത്രി തന്നെ എന് എഫ് വര്ഗീസ് ഏതോ ഡ്രൈവിംഗ് സ്കൂളില് ചേരുകയായിരുന്നു.’

പിന്നീടിങ്ങോട്ട് വ്യത്യസ്തമായ ശബ്ദം കൊണ്ടും അഭിനയശൈലി കൊണ്ടും അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങൾ. വ്യക്തിത്വമുള്ള വില്ലൻ കഥാപാത്രങ്ങളായിരുന്നു എൻ എഫ് വർഗീസിൻറേത്. നോട്ടം കൊണ്ടും ശബ്ദം കൊണ്ടുമെല്ലാം ഇന്ദുചൂഡനൊത്ത വില്ലനായ മണപ്പള്ളി പവിത്രൻ, പത്രത്തിലെ വിശ്വനാഥൻ ഇങ്ങനെ നീളുന്നു പട്ടിക. വില്ലനിൽ നിന്ന് നായകനൊപ്പം നിന്ന കഥാപാത്രങ്ങളായിരുന്നു സ്ഫടികത്തിലും രാവണപ്രഭുവിലും. പാച്ചു പിള്ളയുടെ കൈവെള്ളയിൽ ആടുതോമ മുത്തമിടുമ്പോൾ ഒരു മകനോടെന്ന വാത്സല്യം വർഗീസിന്റെ കണ്ണുകളിൽ നിഴലിച്ചിരുന്നു.

അചഞ്ചലമായ മനസിന് ഉടമയായിരുന്നു സിനിമക്കാർക്കിടയിലെ എൻ എഫ്. പുറം വേദനയായി എത്തിയ അറ്റാക്കുമായി ഒറ്റയ്ക്ക് ആശുപത്രിയിലേക്ക് വണ്ടിയോടിച്ചുപോയെങ്കിലും പിന്നീടൊരു മടക്കമുണ്ടായില്ല. ഒരു സാധാരണക്കാരന്റ രൂപ ഭാവങ്ങളുള്ള, വില്ലൻ വേഷങ്ങൾക്കിണങ്ങാത്ത ശരീര പ്രകൃതമുള്ള എൻ എഫ് വർഗ്ഗീസ് തന്റെ അഭിനയ മികവ് കൊണ്ടാണ് നെഗറ്റീവ് വേഷങ്ങൾക്ക് പുത്തൻ ഭാഷ്യം ചമച്ചത്.

ഒരു അവാർഡ് ലഭിക്കണമെന്നതായിരുന്നു അപ്പച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം. പല സിനിമകളുടെയും ഷൂട്ടിങ് കഴിഞ്ഞു തിരിച്ചെത്തുമ്പോൾ അമ്മച്ചിയോട് അക്കാര്യം പങ്കുവയ്ക്കുമായിരുന്നു. സമുദായം, പ്രജ, പത്രം, ഈ പുഴയും കടന്ന്, ലേലം തുടങ്ങിയ സിനിമകൾക്കു അപ്പച്ചി അവാർഡ് പ്രതീക്ഷിച്ചിരുന്നു. കിട്ടാതെ വരുമ്പോൾ അതിയായ ദുഃഖം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ 2022 മേയിൽ അപ്പച്ചിയുടെ പേരിൽ ആരംഭിച്ച കമ്പനി നിർമിച്ച സിനിമയ്ക്ക് 2 സംസ്ഥാന അവാർഡ് ലഭിച്ചു എന്നത് ഒരുപക്ഷേ നിയോഗമായിരിക്കാമെന്നാണ് അടുത്തിടെ അദ്ദേഹത്തിന്റെ മകൾ സോഫിയ പറഞ്ഞത്.

52ാം വയസ്സിൽ അപ്പച്ചി മരിക്കുമ്പോൾ എന്റെ വിവാഹം കഴിഞ്ഞ് 6 മാസമേ ആയിട്ടുള്ളു. ഞാൻ അന്ന് അമേരിക്കയിലാണ്. സഹോദരങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇളയ അനിയത്തി 10ാം ക്ലാസിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെല്ലാം ആകെ തകർന്നുപോയ സമയം. പിന്നീട് അമ്മച്ചി മാത്രം തളരാതെ പിടിച്ചു നിന്നു. എല്ലാ മുൻനിര താരങ്ങളുടെയും കൂടെ അഭിനയിച്ചിട്ടുണ്ടായിരുന്നെങ്കിലും അപ്പച്ചിയുടെ മരണശേഷം ഞങ്ങൾക്കു സിനിമ ലോകത്തു നിന്നുള്ള ബന്ധങ്ങൾ നഷ്ടപ്പെട്ടിരുന്നു. അപ്പച്ചിയുടെ ഏതാനും സുഹൃത്തുക്കൾ അല്ലാതെ മറ്റാരുമായും ബന്ധം ഉണ്ടായിരുന്നില്ലെന്നും സോഫിയ പറഞ്ഞിരുന്നു.

Vijayasree Vijayasree :