സുധി മരിക്കുന്നതിന് തലേന്ന് നടന്ന ആ സംഭവം; തുറന്ന് പറഞ്ഞ് രേണു; കണ്ണ് നിറഞ്ഞ് ലക്ഷമി നക്ഷത്ര

മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്.

സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്. എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു.

ഇക്കഴിഞ്ഞ ജൂണിലാണ് കാര്‍ അപകടത്തില്‍ കൊല്ലം സുധിക്ക് ജീവന്‍ നഷ്ടമായത്. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോന്‍, ബിനു അടിമാലി തുടങ്ങിയവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്നു. സുധിയുടെ വേര്‍പാടോടെ രണ്ട് കുഞ്ഞുങ്ങളും ഭാര്യ രേണുവും ഒറ്റയ്ക്കായി.

ഇപ്പോള്‍ മരിക്കുന്നതിന് തലേദിവസം നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് രേണു പറയുന്നത്. സുധിയുടെ വീട്ടിലേക്ക് എത്തിയ ലക്ഷ്മി നക്ഷത്രയോടായിരുന്നു രേണു മനസ്സ് തുറന്നത്. സുധി തങ്ങള്‍ക്കാണ് വാങ്ങിത്തരാറുള്ളതെന്നും സുധിയോട് എന്ത് വേണമെന്ന് ചോദിച്ചാലും വേണ്ട എന്നാണ് പറയാറുള്ളതെന്നും രേണു പറയുന്നു. മരിക്കുന്നതിന്റെ തലേന്ന് മീന്‍ കറി വെച്ച് തങ്ങള്‍ക്ക് സുധി ചേട്ടന്‍ വിളമ്പി തന്നുവെന്നും അവസാനം സുധിച്ചേട്ടന് ഒന്നും കിട്ടിയില്ലെന്നും അത് ചോദിച്ചപ്പോള്‍ നിങ്ങള്‍ വയര്‍ നിറച്ച് കഴിക്കുന്നത് കാണാനാണ് സന്തോഷമെന്നും സുധി പറഞ്ഞെന്നും രേണു പറഞ്ഞു.

മരിക്കുന്നത് വരേയും സുധിച്ചേട്ടന്‍ തന്നെയോ മക്കളെയോ ചീത്ത പറഞ്ഞിട്ടില്ലെന്നും രേണു പറഞ്ഞു. ഇപ്പോള്‍ സുധിച്ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോകുകയാണെന്നും തങ്ങള്‍ ആ വീട്ടില്‍ താമസിക്കുമ്പോള്‍ സുധിച്ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കുമെന്നും രേണു പറഞ്ഞു. സുധിച്ചേട്ടന്‍ തങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നും മക്കള്‍ക്ക് നല്ല അമ്മയായിട്ട് മുന്നോട്ട് പോകണമെന്നും സര്‍ക്കാര്‍ ജോലി ഓഫര്‍ ചെയ്തിട്ടുണ്ടെന്നും പേപ്പര്‍ വര്‍ക്ക് നടക്കുകയാണെന്നും രേണു പറഞ്ഞു. എനിക്ക് പഠിക്കണം. സുധിച്ചേട്ടന് ജോലിക്ക് വിടാനൊന്നും ഇഷ്ടമില്ലായിരുന്നു. പക്ഷേ ഇപ്പോഴത്തെ എന്റെ ലക്ഷ്യം ഒരു ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കുക എന്നാണെന്നും രേണു പറയുന്നു.

എംപ്ലോയ്‌മെന്റ് വഴി ജോലി കിട്ടും. സോഷ്യല്‍ മീഡിയയിലെ കമന്റ് ഒക്കെ കാണുമ്പോള്‍ ആദ്യമൊക്കെ വിഷമം വരുമായിരുന്നുവെന്നും ഇപ്പോള്‍ പിന്നെ താന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും രേണു പറഞ്ഞു,. എന്റെ മക്കള്‍ക്കും സുധിച്ചേട്ടനും എന്നെ അറിയുന്നവര്‍ക്കും അറിയാമല്ലോ, അത് മതി രേണു പറഞ്ഞു. സുധി മരിക്കുന്ന സമയത്ത് കൊണ്ടുപോയ ബാഗ് രേണു ലക്ഷ്മിയെ തുറന്നുകാണിക്കുകയും ചെയ്തു. ചിന്നുവിന് ഒരു കാര്യം കാണിച്ച് താരം. ഒരു കാര്യമുണ്ട്. ഇതെന്താണെന്ന് അറിയുമോ എന്ന് ചോദിച്ചാണ് ബാഗ് കാണിക്കുന്നത്. സുധിച്ചേട്ടന്‍ ലാസ്റ്റ് കൊണ്ടുപോയ ബാഗാ..ഇതിനകത്ത് എന്താണെന്ന് അറിയാമോ… സുധിച്ചേട്ടന്‍ അവസാനം ഇട്ടോണ്ട് പോയ ഡ്രസ്സാണ്. കൈ മടക്ക് പോലും മാറ്റിയിട്ടില്ല, ലക്ഷ്മിയോട് രേണു പറഞ്ഞു.

സുധിച്ചേട്ടന്റെ മണം ഇപ്പോളും ഡ്രസിനുണ്ടെന്നും ആ സ്‌മെല്‍ തനിക്ക് ജീവതാവസാനം വരെ കൂടെ വേണമെന്ന് ആഗ്രഹമുണ്ടെന്നും രേണു പറയുന്നു, ഞാന്‍ യൂട്യൂബില്‍ നോക്കിയപ്പോള്‍ കണ്ടു മരിച്ചവരുടെ സ്‌മെല്‍ ഫെര്‍ഫ്യൂം ആക്കി കിട്ടുമെന്ന്. എനിക്ക് അതേ പറ്റി കൂടുതല്‍ അറിയില്ല. പക്ഷേ ഏട്ടന്റെ മണം ലൈഫ് ലോംഗ് വേണമെന്ന് ആഗ്രഹമാണ്. മോള്‍ അങ്ങനെ പറ്റുമെങ്കില്‍ എനിക്ക് അത് പെര്‍ഫ്യൂം ആക്കിത്തരണം. എനിക്കത് ജീവിതകാലം മുഴുവന്‍ കൂടെ വേണമെന്നും ലക്ഷ്മിയോട് രേണു പറയുന്നു. കുടുംബത്തിനൊപ്പം ഏറെ നേരം ചെലവിട്ട ലക്ഷ്മി നക്ഷത്ര ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.

സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ബാക്കി നിര്‍ത്തിയായിരുന്നു സുധിയുടെ വിയോഗം. അതിന് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ ഏറെ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. നേരത്തെ തന്നെ വീട് വയ്ക്കാന്‍ സഹായവുമായി പലരും വന്നെങ്കിലും സ്ഥലം ആയിരുന്നു പ്രശ്‌നം ഇപ്പോള്‍ വീട് വയ്ക്കാന്‍ സ്ഥലം സൌജന്യമായി നല്‍കിയിരിക്കുകയാണ് ഒരു പുരോഹിതന്‍.

അംഗ്ലീക്കന്‍ സഭയുടെ മിഷണറി ബിഷപ്പായ നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാന്‍ ഏഴു സെന്റ് സ്ഥലം ദാനം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുധിയുടെ ഭാര്യ രേണുവും മകന്‍ രാഹുലും അത് സംബന്ധിച്ച രേഖകള്‍ നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍ നിന്നും ഏറ്റുവാങ്ങി.  

കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്. തന്റെ കുടുംബസ്വത്തില്‍ നിന്നുള്ള സ്ഥലമാണ് സുധിക്കും കുടുംബത്തിനും നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ മക്കളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയതെന്നും വീടുപണി ഉടന്‍ ആരംഭിക്കുമെന്നും  ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞിരുന്നു.

Vijayasree Vijayasree :