മിമിക്രി വേദികളിൽ എന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും സഹപ്രവർത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടൻ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഭാര്യ രേണു പറഞ്ഞത്. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്.
കൊല്ലം സുധിയുടെ മരണശേഷം സുധിയുടെ സഹോദരിയെപ്പോലെതന്നെ ഇതുവരെയും ഒപ്പം നിന്ന് ആശ്വസിപ്പിക്കുകയും തണലാകുകയും ചെയ്യുന്ന വ്യക്തയാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധി പങ്കെടുത്തിരുന്ന സ്റ്റാർ മാജിക്കിലെ അവതാരകയായിരുന്നു ലക്ഷ്മി നക്ഷത്ര. സാമ്പത്തികമായും മാനസീകമായും സുധിയുടെ മക്കശ്‍ക്കും രേണുവിനുമൊപ്പം ലക്ഷ്മിയുണ്ട്.
എന്നാൽ, അടുത്തിടെ ലക്ഷ്മിയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊല്ലം സുധി അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഗന്ധത്തിൽ നിന്ന് ലക്ഷ്മി നക്ഷത്ര പെർഫ്യൂം ഉണ്ടാക്കിയ വാർത്ത പങ്കുവെച്ചതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. ദുബായിൽ നിന്നാണ് ലക്ഷ്മി ഈ പെർഫ്യൂം തയ്യാറാക്കിയത്. ഇതിന്റെ വീഡിയോ ലക്ഷ്മി നക്ഷത്ര യൂട്യൂബിൽ പങ്കുവെച്ചിരുന്നു. യൂട്യൂബ് വരുമാനത്തിന് വേണ്ടിയാണ് ലക്ഷ്മി ഇതൊക്കെ ചെയ്യുന്നതായുള്ള വിമർശനങ്ങൾ വന്നത്.
ഇപ്പോഴിതാ വിവാദങ്ങൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. സുധിയുടെ മണമുള്ള പെർഫ്യൂം രേണുവിന് നൽകാൻ പോകുന്ന വീഡിയോ പങ്കുവെച്ചാണ് ലക്ഷ്മിയുടെ മറുപടി. എന്തൊക്കെയുണ്ട് വിശേഷങ്ങൾ. കഴിഞ്ഞ ഒരു രണ്ട് രണ്ടര ആഴ്ചത്തെ വിശേഷങ്ങൾ നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും പറയാനുണ്ട്. ലക്ഷ്മി നക്ഷത്ര എയറിൽ ആണെന്ന് പറയുന്നവർക്ക് മുകളിൽ എന്നെ കാണുന്നില്ലല്ലോ, ദാ താഴെ കാൽ അഭിമാനത്തോടെ ഭൂമിയിൽ ഉറപ്പിച്ച് വെച്ച് നിങ്ങൾക്ക് നേരെ തലയുയർത്തി സന്തോഷത്തോടെ നിൽക്കുകയാണ് എന്ന് ലക്ഷ്മി പറയുന്നു.
പോസിറ്റീവായി റിയാക്റ്റ് ചെയ്തവരോടും അതുപോലെ നമുക്ക് വേണ്ടി സംസാരിച്ചവരോടും നെഗറ്റീവ് ട്രോൾ ഇട്ട് എന്നെ വീണ്ടും വീണ്ടും ഈ കമന്റ് വൈറലാക്കി തന്നവരോടും താങ്ക്‌സ്. എന്റെ ഇന്റൻഷൻ എന്നുപറയുന്നത് ഇങ്ങനെ പെർഫ്യൂം ചെയ്യാന് പറ്റുമെന്നത് എല്ലാവരിലേയ്ക്കും എത്തിക്കുക എന്നതായിരുന്നു. രേണുവിന്റെ ആഗ്രഹവും ഉണ്ടായിരുന്നു. എന്തായാലും സംഗതി വൈറൽ. പിന്നെ നമുക്ക് നേർക്കുനേരെ കുറച്ചധികം കാര്യങ്ങൾ പ്രൂഫ് സഹിതം സംസാരിക്കാനുണ്ട്.
പക്ഷേ അതിനുള്ള സമയം ഇപ്പോഴില്ല. കാരണം ദുബായിൽ പോയി ചെയ്ത പെർഫ്യൂമിന്റെ ക്ലൈമാക്‌സിലേക്ക് നമ്മൾ എത്തുകയാണ്. ആദ്യം ഇത് ഒരു കണ്ടന്റായി ചെയ്യണോ എന്ന് ആ സമയത്ത് വിചാരിച്ചിരുന്നില്ല, പക്ഷേ രേണു തന്നെ എന്റെ അടുത്ത്പറഞ്ഞു, ചിന്നു കണ്ടന്റാക്ക്. വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് എല്ലാവരും കാണണമെന്ന്. നേരത്തെ പറഞ്ഞ കുറച്ച് കാര്യങ്ങൾ നമ്മൾ തമ്മിൽ സംസാരിക്കും. കോട്ടയത്ത് എത്തിയ ശേഷം എന്നാണ് ലക്ഷ്മി പറഞ്ഞത്.
പെർഫ്യൂമുമായി രേണുവിന്റെ അടുത്ത് എത്തിയ ശേഷം രേണുവും ലക്ഷ്മിയും സംസാരിക്കുന്നുണ്ട്. സംസാരത്തിനടെ ലക്ഷ്മി രേണുവിനോട് ചോദിക്കുന്നുണ്ട് താൻ ആണോ രേണുവിന്റെ അടുത്ത് ചോദിച്ചത് സുധിച്ചേട്ടന്റെ ഷർട്ട് തന്ന് കഴിഞ്ഞാൽ, ഞാനൊന്ന് പെർഫ്യൂം ആക്കി കൊണ്ടുതരട്ടെ എന്ന ചോദ്യം ചിഹ്നം ഇട്ടത് എന്നാണ് ലക്ഷ്മി ചോദിച്ചത്.
ഒരിക്കലുമല്ല എന്നാണ് രേണു പറയുന്നത്. ഞാനാണ് ചിന്നുവിന്റെ അടുത്ത് പറയുന്നത്. ചിന്നുവിന് അറിയത്തുപോലുമില്ല ഇങ്ങനത്തെ സംഭവം. ഞാനാണ് പറഞ്ഞത് ദുബായിലോ മറ്റും മരിച്ചവരുടെ മണം പെർഫ്യൂം ആക്കിത്തരുന്ന ആളുണ്ടെന്ന്. ആ ആഗ്രഹം ഞാനാണ് ചിന്നുവിനോട് പറഞ്ഞത്. ചിന്നുവിന് ഇത് വെച്ച് കാശുണ്ടാക്കാനോ യൂസഫ് ഭായിക്ക് പരസ്യം കൊടുക്കേണ്ട ആവശ്യമോ ഇല്ല എന്നും രേണു പറയുന്നു.
അതേസമയം, വേദനകളിൽ നിന്നും വിഷമതകളിൽ നിന്നും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രേണു. അഭിനയരംഗത്തേയ്ക്ക് രേണു ചുവടുവെയ്ക്കുകയാണ്. നാടകരംഗത്തേയ്ക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്.