‘മാട്രിമോണിയലിലെ ചിത്രം’ കണ്ട് ഇഷ്ടമായി, ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍

ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബിസിനസ് ചെയ്യുന്ന തൃഷ ബോഗിറെഡ്ഡി(31)യാണ് അറസ്റ്റിലായത്. ഇവരുടെ നാല് സഹായികളെയും തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. വൈവാഹിക വെബ്‌സൈറ്റില്‍ അവതാരകന്റെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ആളുമായി രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തൃഷ സഹൃദം സ്ഥാപിക്കുന്നത്.

ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്ന ചൈതന്യ റെഡ്ഡി എന്ന വ്യക്തിയുമായി തൃഷ ചാറ്റ് ചെയ്തിരുന്നു. ഇരുവരും അടുത്തതോടെ തന്റെ ബിസിനസില്‍ 40 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ചൈതന്യ റെഡ്ഡി ആവശ്യപ്പെട്ടു. യുപിഐ വഴി ഇയാള്‍ക്ക് 40 ലക്ഷം രൂപ നല്‍കിയെന്നും എന്നാല്‍ പണം കൈപ്പറ്റിയ ശേഷം ഇയാള്‍ തന്നെ ഒഴിവാക്കാന്‍ തുടങ്ങിയെന്നും യുവതി പൊലീസിനോടു പറഞ്ഞു.

തുടര്‍ന്ന് പ്രൊഫൈലില്‍ നിന്നു കിട്ടിയ നമ്പറില്‍ യുവതി ബന്ധപ്പെട്ടപ്പോള്‍ പ്രണവിനെയാണ് ലഭിച്ചത്. ചൈതന്യ റെഡ്ഡി എന്നയാള്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണിയില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചിട്ടുണ്ടെന്നും സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും തൃഷയെ പ്രണവ് അറിയിച്ചു. എന്നാല്‍ പിന്നീട് തൃഷ നിരന്തരം പ്രണവിന് സന്ദേശമയയ്ക്കാന്‍ തുടങ്ങി.

മാട്രിമോണിയലിലെ ചിത്രം കണ്ട് ഇഷ്ടമായെന്ന് അറിയിച്ചായിരുന്നു സന്ദേശങ്ങള്‍. ഇതോടെ തൃഷയെ പ്രണവ് ബ്ലോക്ക് ചെയ്തു. പിന്നാലെ പ്രണവിനെ തട്ടിക്കൊണ്ടുപോകാന്‍ തൃഷ പദ്ധതിയിടുകയായിരുന്നു. പ്രണവിന്റെ നീക്കങ്ങളറിയാന്‍ കാറില്‍ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചു. നാലുപേരെ വാടകയ്‌ക്കെടുത്താണ് യുവതി തട്ടിക്കൊണ്ടുപോകല്‍ നടപ്പിലാക്കിയത്.

ഫെബ്രുവരി 11ന് നാലംഗ സംഘം പ്രണവിനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫിസില്‍ എത്തിച്ച് മര്‍ദിച്ച് അവശനാക്കി. യുവതിയുടെ ഫോണ്‍കോളുകള്‍ സ്വീകരിക്കാം എന്ന ഉറപ്പില്‍ അവതാരകനെ പിന്നീട് വിട്ടയച്ചു. പുറത്തിറങ്ങിയ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് യുവതിയെയും തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച നാലുപേരെയും അറസ്റ്റു ചെയ്യുകയുമായിരുന്നു.

Vijayasree Vijayasree :