ദീർഘായുസ്സിന് വേണ്ടി നേർച്ചകൾ നേർന്നിരുന്നു, പക്ഷേ…, കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് എംടി; വിങ്ങിപ്പൊട്ടി നടി

മലയാളത്തിന്റെ സ്വന്തം എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാൻ നിരവധി പേരാണ് കോഴിക്കോടേയ്ക്ക് എത്തുന്നത്. സിതാരയിൽ എംടിയെ കാണാൻ അദ്ദേഹത്തിന്റെ കുട്ട്യേടത്തിയുമുണ്ടായിരുന്നു. എംടിയുടെ ഭൗതികദേഹത്തിന് അരികിൽ നിന്ന് വിങ്ങിപ്പൊട്ടുന്ന വിലാസിനിയെ ആശ്വസിപ്പിക്കാനാകാതെ എല്ലാവരും കണ്ണീരിലായി.

കോഴിക്കോട് വിലാസിനിയെ കുട്ട്യേടത്തി വിലാസിനിയാക്കിയത് എംടിയാണ്. നാടകത്തിൽ അഭിനയിച്ച് നടന്നിരുന്ന കാലത്ത്, സിനിമയിൽ ഒന്നുമല്ലാതിരുന്ന കാലത്ത്, എന്നെ ലോകമറിയുന്ന കുട്ട്യേടത്തിയാക്കിയത് എംടിയാണ്. കോഴിക്കോടുള്ള നിരവധി കലാപ്രവർത്തകർക്ക് സിനിമയിൽ അവസരം നൽകിയ വ്യക്തിയാണ് എംടി

അദ്ദേഹത്തോട് അടുത്തുകഴിഞ്ഞാൽ പിന്നെ അകലാനാവില്ല, അത്രയും നല്ല മനുഷ്യൻ. വയ്യാതായി എന്നറിഞ്ഞപ്പോൾ ദീർഘായുസ്സിന് വേണ്ടി നേർച്ചകൾ നേർന്നിരുന്നു. 100 വയസുവരെയെങ്കിലും വാസുവേട്ടൻ ജീവിക്കണമെന്ന് ആ​ഗ്രഹിച്ചു. കാരണം ഇപ്പോഴും ഞാനറിയപ്പെടുന്നത് കുട്ട്യേടത്തി വിലാസിനി എന്നാണ് എന്നും തൊണ്ടയിടറി വിലാസിനി പറഞ്ഞു.

എംടിയുടെ തിരക്കഥയിൽ പിഎൻ മേനോന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു ‘കുട്ട്യേടത്തി’. 1971ൽ ആയിരുന്നു സിനിമ റിലീസ് ആയത്. പ്രധാന കഥാപാത്രമായ കുട്ട്യേടത്തിയെ അവതരിപ്പിച്ചത് നാടക നടിയായിരുന്ന വിലാസിനിയായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം ‘കുട്ട്യേടത്തി വിലാസിനി’ എന്നാണ് അവർ അറിയപ്പെടുന്നു.

Vijayasree Vijayasree :