വിജയ് നായകനായി എത്തിയ വാരിസ് സിനിമയിൽ നിന്നും ഒഴിവാക്കിയതിനെ കുറിച്ച് വെളിപ്പെടുത്തി നടി ഖുശ്ബു. ചിത്രത്തിൽ അഭിനയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സിനിമ റിലീസ് ചെയ്തപ്പോള്‍ ഖുശ്ബു ഉണ്ടായിരുന്നില്ല. ചിത്രത്തില്‍ രശ്മിക മന്ദാനയുടെ അമ്മയുടെ റോളിലാണ് ഖുശ്ബു എത്തിയത്.
എന്നാൽ സിനിമയ്ക്ക് ദൈര്‍ഘ്യം കൂടിപ്പോയതിനാലാണ് രംഗങ്ങൾ ഒഴിവാക്കിയത്. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി ഖുശ്ബു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വിജയ്‌ക്കൊപ്പമുള്ള വൈകാരിക രംഗങ്ങളാണ് തനിക്ക് ഉണ്ടായിരുന്നതെന്നും ചിത്രത്തിന്റെ സംവിധായകന്‍ വംശി പൈടിപ്പള്ളി നേരിട്ട് എത്തിയാണ് രംഗങ്ങള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞതെന്നും ഖുശ്ബു വ്യക്തമാക്കി. സിനിമയ്ക്ക് ദൈര്‍ഘ്യം കൂടിപ്പോയെന്നും തന്റെ രംഗങ്ങള്‍ പ്രധാന കഥയുമായി മാറി നില്‍ക്കുന്നതായതിനാല്‍ നീക്കം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ ആ സിനിമയിലെ എന്റെ എല്ലാ രംഗങ്ങളും ഒഴിവാക്കാനാണ് ഞാൻ പറഞ്ഞത്. എന്നെ അപമാനിക്കില്ലെന്ന് അദ്ദേഹം എനിക്ക് വാക്കു തന്നിരുന്നു.- ഖുശ്ബു പറഞ്ഞു. പിന്നീട് സിനിമ റിലീസ് ചെയ്തതിനു ശേഷം താനും വിജയും കണ്ടിരുന്നെന്നും ആ രംഗങ്ങള്‍ ഗംഭീരമായിരുന്നു എന്നാണ് വിജയ് പറഞ്ഞതെന്നും നടി കൂട്ടിച്ചേർത്തു. വൈകാരികമായ രംഗങ്ങളേക്കുറിച്ച് ഞങ്ങള്‍ ഓര്‍ത്തു. ആ രംഗങ്ങള്‍ സിനിമയില്‍ ഇല്ലാതെ പോയത് ദൗര്‍ഭാഗ്യകരമാണ്.- ഖുശ്ബു വേദനയോടെ പറഞ്ഞു.