വാരിസില്‍ ഖുശ്ബു എവിടെ..? ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ എന്തിന് കട്ട് ചെയ്തുവെന്ന് പ്രേക്ഷകര്‍

കഴിഞ്ഞ ദിവസമായിരുന്നു വിജയ് ചിത്രം വാരിസ് റിലീസായത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കാലങ്ങള്‍ക്ക് ശേഷം അജിത്ത്- വിജയ് ചിത്രങ്ങള്‍ ഒരേ ദിവസം റിലീസായതിനാല്‍ ഗംഭീര ആഘോഷ പരിപാടികള്‍ ആണ് ഫാന്‍സ് സംഘടിപ്പിച്ചത്. നിരവധിയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ലോറിയില്‍ നിന്ന് വീണ് ഒരു അജിത്ത് ആരാധകന്‍ മരണപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോഴിതാ വാരിസിലെ ഖുശ്ബുവിന്റെ കഥാപാത്രത്തെ തപ്പുകയാണ് സോഷ്യല്‍ മീഡിയ. ചിത്രത്തില്‍ വിജയ്‌യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ചിത്രം റിലീസിനു മുന്നേ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടിയേക്കുറിച്ച് വിജയ് സംസാരിക്കുകയും ചെയ്തു.

ഇത്ര പ്രാധാന്യമുള്ളതായി അവതരിപ്പിച്ച കഥാപാത്രം റിലിസിന് ശേഷം ചിത്രത്തില്‍ ഇല്ലാതെ വന്നതാണ് ചര്‍ച്ചകള്‍ക്ക് പിന്നില്‍. സിനിമയുടെ ദൈര്‍ഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങള്‍ അണിയറക്കാര്‍ നീക്കം ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 170 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. അതിനാല്‍ തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങള്‍ അവസാന നിമിഷം നീക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.

സിനിമയുടെ ഷൂട്ടിംഗില്‍ വിജയ് കാണിച്ച അര്‍പ്പണത്തെക്കുറിച്ച് ഖുഷ്ബു തന്നെ ഒരഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ‘വാരിസ് ക്ലൈമാക്‌സ് ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിന് 103 ഡിഗ്രി പനി ഉണ്ടായിരുന്നു. പക്ഷേ വലിയ സെറ്റും ചിത്രത്തിലെ എല്ലാ അഭിനേതാക്കളും ചേര്‍ന്നുള്ള കോംബിനേഷന്‍ സീനുകളാണ് എടുക്കാനുണ്ടായിരുന്നത്. ഷൂട്ട് തീര്‍ത്തേ പറ്റൂ. ഈ മനുഷ്യന്‍ ഷൂട്ടിന്റെ ഇടവേളയില്‍ അടുത്തുള്ള ഒരു ഗാരേജിലേക്ക് പോയി തറയില്‍ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടന്ന് ഉറങ്ങും.

വിളിക്കുമ്പോള്‍ അവിടെനിന്ന് എഴുന്നേറ്റ് വരും. ഷൂട്ട് പൂര്‍ത്തിയാക്കിയതിന്റെ അടുത്ത ദിവസം അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ആ ഡെഡിക്കേഷന്‍.. കര്‍മമാണ് പ്രാര്‍ത്ഥന എന്ന് പറയില്ലേ. തൊഴിലാണ് എന്റെ ദൈവം. അതുകൊണ്ടാണ് ഇത്തരം മനുഷ്യര്‍ വലിയ വിജയികളാവുന്നത്’ എന്നായിരുന്നു ഖുഷ്ബുവിന്റെ വാക്കുകള്‍.

വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Vijayasree Vijayasree :