ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിച്ചില്ല; എആര്‍ റഹ്മാന്റെ സംഗീത നിശയെ കുറിച്ച് ഖുഷ്ബു

കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയില്‍ നടന്ന എആര്‍ റഹ്മാന്റെ സംഗീത നിശയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നു വന്നത്. നിരവധി പേരാണ് സംഘാടകര്‍ക്കെതിരെയും എആര്‍ റഹ്മാനെതിരെയും രംഗത്തെത്തിയത്. ഞായറാഴ്ച ചെന്നൈയിലെ ആദിത്യരാം പാലസില്‍ നടന്ന മറക്കുമാ നെഞ്ചം എന്ന പരിപാടിയുടെ മോശം സംഘാടനമാണ് ആരാധകരില്‍ അമര്‍ഷത്തിനിടയാക്കിയത്.

നിയമാനുസൃതം ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് സംഗീതനിശ നടക്കുന്നിടത്തേയ്ക്ക് അടുക്കാന്‍പോലും കഴിയാതിരുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയത്. 25,000 സീറ്റുകള്‍ ഉണ്ടായിരുന്ന പാലസില്‍ അമ്പതിനായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്. വന്‍തുക കൊടുത്ത് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സംഗീതനിശ നടക്കുന്നിടത്തേക്ക് അടുക്കാന്‍ പോലുമായില്ല.

തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുങ്ങി. കുട്ടികള്‍ രക്ഷിതാക്കളുടെ കൈവിട്ടുപോവുന്ന അവസ്ഥവരെയെത്തി. ഇതോടെ സംഘാടകര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചാണ് നിരാശരായവര്‍ മടങ്ങിപ്പോയത്. എന്നാല്‍ ഇപ്പോഴിതാ ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു.

ഖുഷ്ബുവും സംഗീതനിശ കാണാനെത്തിയിരുന്നു. ഡയമണ്ട് പാസ് ഉണ്ടായിരുന്നിട്ടും തനിക്കും മക്കള്‍ക്കും പ്രവേശനം നിഷേധിച്ചുവെന്ന് പറഞ്ഞ ഖുശ്ബു എആര്‍ റഹ്മാനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്മാന്‍. ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിക്കാതിരുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. വേദിയിലെത്താന്‍ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എആര്‍ റഹ്മാനല്ല അതിന് ഉത്തരവാദി. മാനേജ്‌മെന്റിന്റെ പരാജയമാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്‌നേഹവും സമാധാനവും പടര്‍ത്തുന്ന വ്യക്തിയാണ് റഹ്മാന്‍. അദ്ദേഹത്തിനൊപ്പം നില്‍ക്കൂ’ എന്നും ഖുശ്ബു കുറിച്ചു.

ആരാധകര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ക്ക് റഹ്മാന്‍ ആരാധകരോട് മാപ്പ് പറഞ്ഞു. സംഭവിച്ച വിഷയങ്ങളില്‍ താന്‍ വളരെയേറെ അസ്വസ്ഥനാണെന്ന് പറഞ്ഞ അദ്ദേഹം ആരുടെയും നേരെ വിരല്‍ ചൂണ്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം കാണിക്കുമെന്നും പറഞ്ഞു.

തങ്ങള്‍ക്ക് കൈകാര്യം ചെയ്യാനാവുന്നതിനുമപ്പുറമുള്ള ജനങ്ങളുടേയും സ്‌നേഹത്തിന്റേയും സുനാമിക്കാണ് ഞായറാഴ്ച സാക്ഷിയായത്. ഒരു സംഗീതസംവിധായകന്‍ എന്ന നിലയില്‍, തന്റെ ജോലി ഗംഭീരമായ ഒരു ഷോ നല്‍കുക എന്നതുമാത്രമായിരുന്നു. കഴിഞ്ഞതവണത്തേപ്പോലെ മഴ പെയ്യരുത് എന്ന് മാത്രം ചിന്തിച്ച്, പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഉള്ളില്‍ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു ഞാന്‍. നല്ല ഉദ്ദേശത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ പ്രതികരണം എല്ലാവരുടേയും പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :