നഷ്ടമായത് ഏറ്റവും നല്ലൊരു സുഹൃത്തിനെ, മാമുക്കോയയുടെ നിര്യാണം ഒരു കാലഘട്ടത്തിന്റെ നഷ്ടം; കുഞ്ഞാലിക്കുട്ടി

ഏറ്റവും നല്ലൊരു സുഹൃത്തിനെയാണ് മാമുക്കോയയുടെ മരണത്തിലൂടെ നഷ്ടമായെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പല സാമൂഹ്യ വിഷയങ്ങളില്‍ നിലപാടുള്ള അദ്ദേഹത്തിന്റെ നിര്യാണം ഒരു കാലഘട്ടത്തിന്റെ നഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം

ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൃതദേഹം ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നാളെയാണ് സംസ്‌കാരം.

250 ലേറെ കഥാപാത്രങ്ങള്‍, ഒരു കാലത്തും പഴകാത്ത തമാശകള്‍, ഏത് തിരക്കിലും അരക്കിണറിലൂടെയും കോഴിക്കോട് നഗരത്തിലൂടെയും താരജാഡയില്ലാതെ നടന്ന മനുഷ്യനായിരുന്നു മാമുക്കോയ. സിനിമയോടല്ലാതെ മറ്റൊന്നിനോടും വിധേയത്വമില്ലായിരുന്നു മാമുക്കോയയ്ക്ക്.

മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന മാമുക്കോയ മിക്കപ്പോഴും നിലപാടുകളുടെ പേരിലും പ്രശംസിക്കപ്പെട്ടു. മാമുക്കോയ വിടപറയുമ്പോള്‍ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയില്‍ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങള്‍ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത്തിന്റെ പാഠപുസ്തകമായും ഇവിടെതന്നെ കാണും…

Vijayasree Vijayasree :