എന്നെപ്പോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തണം; വോട്ട് അഭ്യര്‍ത്ഥിച്ച് കുഞ്ചാക്കോ ബോബന്‍

2024 ലോക്‌സഭ ഇലക്ഷനില്‍ ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. എല്ലാ ജനങ്ങളോടും വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മഹത്തായ മുഹൂര്‍ത്തമാണ് വരാന്‍ പോകുന്നത്. ഈ ലോക്‌സഭ തിരഞ്ഞെടുപ്പിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഞാന്‍ പങ്കാളിയാവുന്നുണ്ട്.

എന്നെപ്പോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി ഈ ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകുവാന്‍ അഭ്യര്‍ഥിക്കുന്നുവെന്നാണ് കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ വീഡിയോയില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നത്. വോട്ടവകാശം ലഭിച്ച കാലം മുതല്‍ പരമാവധി എല്ലാ തിരഞ്ഞെടുപ്പുകളിലും ഞാന്‍ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഏഴ് ഘട്ടമായി ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത് രാജ്യത്ത് 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തിരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം വന്നിരുന്നു.

20 ലോക്‌സഭ മണ്ഡലങ്ങളുള്ള കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് വോട്ടിംഗ് നടക്കുക. ജൂണ്‍ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണല്‍ നടക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, ആറ്റങ്ങല്‍, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ മണ്ഡലങ്ങള്‍.

Vijayasree Vijayasree :