കെ എസ് ചിത്രയുടെ പേരിൽ സൈബർ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് മെസേജുകൾ, എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും ചിത്ര

മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ മൊത്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസിൽ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ചിത്ര. നമ്മുടെ സന്തോഷത്തിനും സങ്കടത്തിനും വിരഹത്തിനും പ്രണയത്തിനുമൊക്കെ കൂട്ടിരിക്കാൻ ചിത്രയുടെ ശബ്ദം ഓടിയെത്താറുണ്ട്.

ഇപ്പോഴിതാ പ്രിയ ഗായികയുടെ പേരും ചിത്രവും ഉപയോ​ഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. പലർക്കും പണം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾ പോയിട്ടുണ്ട്. ഇത് തുറന്ന് കാട്ടി ചിത്ര തന്നെ രം​ഗത്തെത്തിയിട്ടുണ്ട്.

ചിത്രയുടെ അടുത്ത വൃത്തങ്ങളാണ് സൈബർ തട്ടിപ്പിനെ കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. തന്റെ പേരിൽ സന്ദേശങ്ങൾ എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര അഭ്യർത്ഥിച്ചു.

ഞാൻ കെഎസ് ചിത്ര, ഇന്ത്യൻ പിന്നണി ഗായികയും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡർ കൂടിയാണ്- ഇതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം ലഭിച്ചവർ ഇത് ചിത്ര ചേച്ചി തന്നെയാണോ എന്നും ചോദിച്ചപ്പോൾ അതെ എന്ന തരത്തിലുള്ള മറുപടിയാണ് ലഭിച്ചത്.

റിലയൻസിൽ 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്‌ക്ക് ശേഷം 50,000 രൂപയാക്കി മടക്കിത്തരുമെന്നും നിക്ഷേപം എങ്ങനെ ആരംഭിക്കാമെന്ന് പറഞ്ഞുതരാമെന്നും സന്ദേശത്തിൽ പറയുന്നു. ഇതിനെതിരെയാണ് ചിത്ര രം​ഗത്തെത്തിയിരിക്കുന്നത്.

Vijayasree Vijayasree :