മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ സ്വന്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസിൽ ഒരിക്കലും മായാത്തൊരു ഇടം കണ്ടെത്തിയിട്ടുണ്ട് ചിത്ര. നമ്മുടെ സന്തോഷത്തിനും സങ്കടത്തിനും വിരഹത്തിനും പ്രണയത്തിനുമൊക്കെ കൂട്ടിരിക്കാൻ ചിത്രയുടെ ശബ്ദം ഓടിയെത്താറുണ്ട്. തന്റെ വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട് കെഎസ് ചിത്രയ്ക്ക്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായി കെഎസ് ചിത്ര ഇപ്പോഴും കൊണ്ടുനടക്കുന്നതാണ് മകളുടെ മരണം.
ഇപ്പോഴിതാ ആ സമയത്തെ തന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് കെഎസ് ചിത്ര. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കർ എങ്ങനെയാണ് അന്ന് തനിക്ക് ആശ്വാസം പകർന്നതെന്നാണ് കെഎസ് ചിത്ര പറയുന്നത്. ഒരു അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. മകളുടെ മരണത്തെ തുടർന്ന് തകർന്നു പോയ ചിത്ര പൊതുവേദികളിൽ നിന്നെല്ലാം പിന്മാറിയിരുന്നു.
വീടിനുള്ളിൽ ഒതുങ്ങിക്കൂടി. തനിക്ക് ലഭിച്ച അവാർഡ് വാങ്ങാൻ പോലും പോയില്ല. ലതാ മങ്കേഷ്‌കറുടെ പേരിലുള്ള അവാർഡിന് കെഎസ് ചിത്രയെ അന്ന് തിരഞ്ഞെടുത്തിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു ചടങ്ങ്. എന്നാൽ കെഎസ് ചിത്ര വരില്ലെന്ന് സംഘാടകരെ അറിയിച്ചു. ഇതോടെ ചിത്രയെ ലത മങ്കേഷ്‌കർ നേരിട്ട് വിളിക്കുകയായിരുന്നു. ഇതേ കുറിച്ചാണ് ചിത്ര പറയുന്നത്.
എന്നെ ഒരു അവാർഡിനായി തിരഞ്ഞെടുത്തു. പക്ഷെ എന്റെ മാനസിക നില ശരിയല്ലാത്തിനാൽ ഞാൻ പോകാൻ വിസമ്മതിച്ചു. പിന്നാലെ എന്നെ ലതാ മങ്കേഷ്‌കർ വിളിച്ചു. ഞാൻ കടന്നു പോകുന്നതിനെക്കുറിച്ച് എല്ലാം അറിയാമെന്ന് പറഞ്ഞു. ഇനിയങ്ങോട്ട് നിന്റെ ജീവതത്തിൽ എല്ലാം സംഗീതം ആയിരിക്കണം എന്ന് പറഞ്ഞു. അവാർഡ് വാങ്ങാൻ പോകണമെന്നും പറഞ്ഞു. നിന്നെ കാണാൻ വേണ്ടി മാത്രം ഞാൻ വരുമെന്നും അവർ എന്നോട് പറഞ്ഞു. അവർക്ക് വേണ്ടി മാത്രം ഞാൻ അന്ന് അവാർഡ് ഷോയ്ക്ക് പോയി.
എല്ലാ ഗായികമാരിലും ലത മങ്കേഷ്‌കർ ഉണ്ട്. കാരണം അവരെ കേട്ടാണ് ഞങ്ങളെല്ലാം വളർന്നത്. അവരുടെ 80-ാം പിറന്നാളിന് ഞങ്ങളൊരു ആൽബം തയ്യാറാക്കിയിരുന്നു. അത് കേട്ട് അവർ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു എന്നാണ് കെഎസ് ചിത്ര പറയുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറൽ കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും മകൾ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയാണ് ചിത്ര.
ചിത്രയുടെ മകൾക്ക് നന്ദന എന്ന് പേരിട്ടത് സായിബാബയാണെന്ന് ചിത്ര മുമ്പ് പറഞ്ഞിരുന്നു. എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകൾ 2011 ഏപ്രിൽ 14ന് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് മരണപ്പെടുകയായിരുന്നു. സ്‌പെഷ്യൽ ചൈൽഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നൽകിയത്. എ ആർ റഹ്മാന്റെ സംഗീത നിശയിൽ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര.
സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നന്ദനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽകുളത്തിൽ വീണ് മരിക്കുമ്പോൾ നന്ദനയ്ക്ക് ഒൻപത് വയസുമാത്രമായിരുന്നു പ്രായം.
മകളെ ഓർത്തുകൊണ്ടാണ് ഓരോ ദിവസവും താനും ഭർത്താവും എഴുന്നേൽക്കുന്നത്. നന്ദനയുടെ മരണം ജീവിതത്തിന് തന്ന ആഘാതം വലുതാണ്. ഇനി ജീവിതത്തിൽ എന്ത് സംഭവിച്ചാലും അതെല്ലാം തനിക്ക് താങ്ങാൻ കഴിയുമെന്നും മകളുടെ മരണത്തേക്കാൾ വലിയ ആഘാതമൊന്നും തനിക്ക് ഇനി വരാനില്ലെന്നും ചിത്ര നേരത്തെ പറഞ്ഞിരുന്നു.
മായാത്ത ചിരിയുമായി വേദിയിൽ വിസ്മയം തീർക്കുന്ന ചിത്രയക്ക് മലയാളികളുടെ മനസിൽ എന്നും ഒരു സ്ഥാനമുണ്ട്. ചിത്രയുടെ പാട്ടിനോളം തന്നെ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തെയും പുഞ്ചിരിയേയും മലയാളികൾ സ്നേഹിക്കുന്നുണ്ട്. 6 തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കിയ ദക്ഷിണേന്ത്യയുടെ സ്വന്തം ‘വാനമ്പാടി,’ 16 തവണ കേരള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.