പേരുകള്‍ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല, സ്ത്രീധനം വേണമെന്ന് പറയുന്നവരോട് ‘പോയി പണിയെടുത്ത് ജീവിക്കാന്‍ പറയുക..’; കൃഷ്ണപ്രഭ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സ്ത്രീധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യുവ ഡോക്ടര്‍ ഷഹന ആ ത്മഹത്യ ചെയ്തത്. പിന്നാലെ സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് സ്ത്രീധനത്തിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോഴിതാ സിനിമ സീരിയല്‍ അഭിനേത്രിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയാണ് പ്രസ്തുത വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത് വേദനാജനകമാണെന്നും സ്ത്രീധനം വേണമെന്ന് പറഞ്ഞ് വരുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കൃഷ്ണപ്രഭ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

‘അടുത്ത മാസം 2024 ആവുകയാണ്! സ്ത്രീധനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഇപ്പോഴും പെണ്‍കുട്ടികള്‍ ആ ത്മഹത്യ ചെയ്യുന്ന സ്ഥിതി ഉണ്ടാവുക എന്ന് പറയുന്നത് ഏറെ വേദനാജനകമാണ്. വിസ്മയ, ഷഹന എന്നിങ്ങനെ പേരുകള്‍ മാറിമാറി വരുന്നതല്ലാതെ സമൂഹത്തിന് യാതൊരു മാറ്റവും വരുന്നില്ല എന്നതാണ് സത്യം. പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഇടയ്ക്കിടെ വാര്‍ത്ത വരുന്നതെന്ന്!

അതിന് കാരണം നമ്മള്‍ എല്ലാവരും അടങ്ങുന്ന സമൂഹം തന്നെയാണ്. പെണ്‍മക്കളുടെ വിവാഹത്തിന് വേണ്ടി സ്ത്രീധനം കൊടുക്കാന്‍ തയാറാകുന്ന മാതാപിതാക്കളും അത് യാതൊരു ഉളുപ്പുമില്ലാതെ വാങ്ങുന്ന റെഡിയായി നില്‍ക്കുന്ന വരനും കുടുംബവും ഉള്ളിടത്തോളം കാലം പേരുകള്‍ മാറിമാറി വരിക തന്നെ ചെയ്യും. ഇനി വരുന്ന തലമുറയെങ്കിലും മാറേണ്ടിയിരിക്കുന്നു.

പെണ്‍കുട്ടികളോടാണ് എനിക്ക് പറയാനുളളത്. ഇനിയെങ്കിലും സ്ത്രീധനം വേണമെന്ന് ആവശ്യം ഉന്നയിച്ച് വരുന്ന വീട്ടുകാരോട് ‘പോയി പണിയെടുത്ത് ജീവിക്കാന്‍ പറയുക..’, വിവാഹശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ ബന്ധം വേര്‍പിരിഞ്ഞ് അന്തസ്സായി സ്വന്തമായി ജോലി ചെയ്തു ജീവിക്കുക. ഇവറ്റുകള്‍ക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും കളയുന്നത് എന്തിനാണ്!

വിവാഹത്തിന് മുമ്പായാലും ശേഷമായാലും സ്ത്രീധനം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് എതിരെ തെളിവ് സഹിതം കേസ് കൊടുക്കുക.. ബാക്കി കോടതി നോക്കിക്കോളും!’ എന്നാണ് കൃഷ്ണപ്രഭ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

Vijayasree Vijayasree :