കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് നടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍. ഇരുമുന്നണികളും ചേര്‍ന്ന് ഭരിച്ച് കൊല്ലത്തെ വികസന മുരടിപ്പിന്റെ കേന്ദ്രമാക്കി മാറ്റി. ഇത്തവണ മണ്ഡലത്തിലെ ജനം മാറി ചിന്തിക്കുമെന്നും 100 ശതമാനം പ്രതീക്ഷയിലാണെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൊല്ലത്ത് പ്രചരണത്തിനിടെ ഉണ്ടായ അക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റിലായത് സംബന്ധിച്ചും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
അറസ്റ്റിലായത് ബിജെപി നേതാവാണെന്ന് വെറുതെ പറഞ്ഞത് കൊണ്ടായില്ല, പോലീസ് മൊഴിയുടെ കോപ്പി തനിക്ക് തന്നിട്ടില്ല. ഇപ്പോള്‍ തനിക്ക് പരിക്ക് പറ്റിയെന്ന് സിപിഎമ്മുകാര്‍ സമ്മതിച്ചുവെന്നത് തന്നെ വലിയ കാര്യമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വികസന മുരടിപ്പാണ് കൊല്ലം ജില്ല ഇതുവരെ കണ്ടത്. സംസ്ഥാന രൂപീകരണത്തിന് ശേഷം കൊല്ലത്ത് ഒരുവിധ വികസനവും കണ്ടിട്ടില്ല.
ആര്‍എസ്പി അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് വര്‍ഷങ്ങളായി കൊല്ലത്ത് ഭരിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ കശുവണ്ടി മേഖലയെ തകര്‍ത്തു, കയര്‍ മേഖലയെ തകര്‍ത്തു,കളിമണ്‍ വ്യവസായം തകര്‍ത്തു അങ്ങനെ തകര്‍ത്ത ചരിത്രം മാത്രമാണ് ഉള്ളത്. ഇവിടെ എവിടെയാണ് വികസനം വരുന്നത്, ഇവിടുത്തെ ചെറുപ്പക്കാര്‍ എവിടെ പോകും, പഠനം കഴിഞ്ഞാല്‍ യുവാക്കള്‍ എവിടെ പോയി ജോലി എടുക്കും.
ഈ രണ്ട് മുന്നണികളുടേയും ഇടയില്‍ കിടന്ന് ഞെരുങ്ങുകുകയാണ് കൊല്ലം. ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ശക്തമായി വന്നിരിക്കുന്നു, നല്ല സ്ഥാനാര്‍ത്ഥികളെ കേരളത്തില്‍ മത്സരിപ്പിക്കുന്നു, കൊല്ലത്തും നല്ല സ്ഥാനാര്‍ത്ഥിയെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമം, തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അറസ്റ്റിലായ ബിജെപിക്കാരന്‍ എന്ന് പറയുന്നയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. എന്റെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സിപിഎമ്മുകാരാണ് പറയുന്നത് അറസ്റ്റിലായത് ബിജെപിക്കാരാണെന്ന്. സിപിഎമ്മുകാര്‍ ആദ്യം പറഞ്ഞത് തനിക്ക് പരിക്ക് പറ്റിയിട്ടില്ലെന്നാണ്.
ഇപ്പോള്‍ അവര്‍ പറയുന്നത് പരിക്ക് പറ്റിയിട്ടുണ്ട്, അതിന് പിന്നില്‍ ഞങ്ങളല്ലെന്നാണ്. നേരത്തേ ഞാന്‍ വേദനയിലിരിക്കുമ്പോള്‍ അവര്‍ പറഞ്ഞത് ഞാന്‍ കാണിക്കുന്നത് നാടകമാണെന്നാണ്. ഇപ്പോള്‍ അവര്‍ അത് തിരുത്തിയല്ലോ, അത് തന്നെ ആശ്വാസം. പ്രതിയെ പിടിക്കേണ്ടത് പോലീസാണ്. പോലീസ് ഇതുവരെ പ്രതിയെ പിടിച്ചിട്ടില്ല, മൊഴിയെടുത്തിട്ടില്ല, അയാളുടെ മൊഴിയുടെ കോപ്പി എനിക്ക് തരട്ടെ, എന്നിട്ട് തെളിയിക്കട്ടെ അത് ബിജെപിക്കാരനാണെന്ന്.