മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.
2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യയ്ക്കെതിരെ സൈബർ ആക്രമണം ഉണ്ടാവാറുണ്ട്. കാവ്യാ മാധവൻ ദിലീപ് ദമ്പതിമാരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്.
മഞ്ജു വാര്യരുമായുള്ള തന്റെ വിവാഹമോചനം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് ദിലീപ് കാവ്യയെ സ്വന്തമാക്കിയത്. എന്നാൽ, ഇരുവരുടെയും വിവാഹം നടക്കുന്നതിന് കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ, തനിക്ക് കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പ്രശസ്ത നടി കെ.പി.എ.സി. ലളിതയോട് തുറന്നു സമ്മതിച്ചിരുന്നു. സിനിമയിൽ സജീവമായിരുന്ന കാലത്ത്, ഒരു പ്രശസ്ത മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെച്ചാണ് നടി ഈ വെളിപ്പെടുത്തൽ നടത്തിയത്.
പഴയ അഭിമുഖത്തിൽ, ദിലീപും കാവ്യ മാധവനും തമ്മിലുള്ള ബന്ധം അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, താൻ ഒരിക്കലും ഇരുവരോടും ഇതേ പറ്റി അങ്ങോട്ട് ചോദിച്ചിരുന്നില്ല എന്നാണ് താരം പറഞ്ഞത്. പക്ഷെ, ദിലീപ് പലപ്പോഴും അതെ കുറിച്ച് സൂചിപ്പിച്ചിരുന്നു. മുൻപൊരിക്കൽ, മീശ മാധവൻ താരം കാവ്യയെ തനിക്ക് ഇഷ്ടമാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കെ.പി.എ.സി. ലളിത ഓർത്തെടുത്തു.
ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്. ആ കാലത്ത് അതൊക്കെ കേൾക്കുമ്പോൾ താൻ വെറുതെ ചിരിക്കുക മാത്രമാണ് ചെയ്തിരുന്നത് എന്നും കെ.പി.എ.സി. ലളിത പറഞ്ഞു. എന്നാൽ അന്നൊന്നും, കാവ്യയെ വിവാഹം കഴിക്കാൻ ദിലീപിന്റെ മനസ്സിൽ ആഗ്രഹമുണ്ടെന്ന് കരുതിയിരുന്നില്ല എന്നും നടി പറഞ്ഞു.
തന്റെ അഭിമുഖത്തിലൂടെ, കാവ്യ മാധവൻ എന്നും തന്റെ വെറുമൊരു സുഹൃത്ത് മാത്രമായിരുന്നു എന്ന ദിലീപിന്റെ അവകാശവാദത്തെ തള്ളിക്കളയുക കൂടിയാണ് കെ.പി.എ.സി. ലളിത ചെയ്തത് എന്ന് വേണമെങ്കിൽ പറയാം. കാരണം, ആ സമയത്ത് ദിലീപ് മഞ്ജു വാര്യരുടെ ഭർത്താവായിരുന്നു. എന്നാൽ, ദിലീപിനെ എന്നും അടുത്ത സുഹൃത്തായി മാത്രമേ കണ്ടിരുന്നുള്ളൂ എന്നും, വിവാഹം നടന്നതിന് കൃത്യം ഒരാഴ്ച മുൻപാണ് നടൻ കല്യാണാലോചനയുമായി ബന്ധുക്കളെ തന്റെ വീട്ടിലേക്ക് അയച്ചതെന്നുമാണ് കാവ്യ മാധവൻ വിവാഹ ശേഷമുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞത്.
വിവാഹ ശേഷം അത്ര സുഖകരമായിരുന്നില്ല ദിലീപിനും കാവ്യയ്ക്കും. കടുത്ത സോഷ്യൽ മീഡിയ ആക്രമണമാണ് ഇരുവരും മഞ്ജു വാര്യർ ആരാധകരിൽ നിന്നും, കുടുംബ പ്രേക്ഷകരിൽ നിന്നും നേരിട്ടത്. വൈകാതെ നടിയെ ആക്രമിച്ച കേസിൽ ദിലീപ് സംശയത്തിന്റെ നിഴലിലാവുകയും, അത് അറസ്റ്റിലേയ്ക്ക് നീളുകയും ചെയ്തു.
‘കാവ്യ കാരണമാണ് താൻ മഞ്ജുവും ഈയുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണ്. ഞാനും മഞ്ജുവും തമ്മിൽ വേർപിരിയാൻ മറ്റുപല കാരണങ്ങൾ ഉണ്ട്. അതിന് ശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ച് എന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധ പ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തത്. വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പം ഉണ്ടായിരുന്നില്ല. പ്രായ പൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്. അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായി കൊണ്ടേയിരുന്നു.
അതെന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ മീനൂട്ടിയുടെ ആ ചോദ്യവും കേട്ടുകൊണ്ട് എന്നും ഷൂട്ടിങ്ങിന് പോകുന്ന തനിക്ക് ഒരു സമാധാനവും ഇല്ലായിരുന്നു. മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതം ആയിരുന്നു. രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ച് വീട്ടിൽ വന്ന് നിന്നിരുന്നു. എനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹ മോചനവുമായി കാവ്യ മറുഭാഗത്ത് ഉണ്ടായിരുന്നു.
കാവ്യയുടെ വിവാഹ ജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. അങ്ങനെ ഞാൻ കാരണം ജീവിതം തകർന്ന് നിൽക്കുന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്. അവളുടെ വീട്ടുകാർ ആദ്യം ഈ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല, പിന്നീട് എല്ലാവരുടെയും തീരുമാനം ആയിരുന്നു ആ വിവാഹം. എനിക്കെതിരെ പല രീതിയിലും അമ്പ് എയ്യുമ്പോൾ ആളുകൾ വിചാരിക്കുന്നില്ല അവരുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഉണ്ടെന്നു.
നമ്മൾ ഇങ്ങനെ നശിച്ച് ജീവിക്കേണ്ട ആവശ്യമില്ല. എല്ലാവരും നല്ല രീതിയിൽ ജീവിക്കട്ടെ. മഞ്ജു വളരെ കഴിവുള്ള ഒരു അഭിനേത്രിയാണ്. അവർ എല്ലാ ഇടത്തും നല്ല രീതിയിൽ പോകണം എന്ന് തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മഞ്ജു എന്ന് പറയുന്നത് എന്റെ മകൾ മീനാക്ഷിയുടെ അമ്മ കൂടിയാണ്. ആ മാന്യത ഞാൻ കാണിക്കണം എന്നുമായിരുന്നു ദിലീപ് ഒരിക്കെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
യാതൊരു മുന്നറിയിപ്പുമില്ലാതെ, 2016 നവംബർ 25ആം തിയതി കാലത്ത്, ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയ പ്രേക്ഷകരിൽ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. പിന്നീട്, നടനും വധു കാവ്യ മാധവനും ഇരുവരുടെയും കുടുംബങ്ങളും മാത്രമാണ്, ഒരാഴ്ച മുൻപ് മാത്രം തീരുമാനിച്ച വിവാഹത്തെ കുറിച്ച് മുൻകൂട്ടി അറിഞ്ഞിരുന്നതെന്ന് ഇരുവരും തുറന്ന് സമ്മതിച്ചിരുന്നു.
പിന്നീട് ഒരു മലയാളം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, കാവ്യ മാധവന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ്, ദിലീപുമായുള്ള നടിയുടെ വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിൽ ഉപരിയായി കാവ്യയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നത് കൊണ്ട്, വിവാഹക്കാര്യം താൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു എന്നാണ് ഉണ്ണി പറഞ്ഞത്. നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു. എന്നാൽ, മേക്കപ്പ് ടീമിലെ മറ്റ് ആർട്ടിസ്റ്റുകൾക്കും, കാവ്യയ്ക്ക് സാരി ഉടുപ്പിക്കാൻ വന്ന ഡ്രേപ്പിംഗ് ആർട്ടിസ്റ്റിനും വിവാഹക്കാര്യം അറിയില്ലായിരുന്നു.
വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കൊച്ചിയിലെ കലൂരിൽ ഉള്ള ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തത് ഉണ്ണി പി.എസ് തന്നെയാണ്. അന്ന് എത്തിയ മേക്കപ്പ് ടീമും, ഡ്രേപ്പിംഗ് ആർട്ടിസ്റ്റ് ബെൻസിയും, കാവ്യ മാധവൻ ഏതോ സിനിമയ്ക്കായുള്ള ഷൂട്ടിങ്ങിന് എത്തുന്നുവെന്നാണ് കരുതിയത്. സാരി ഉടുപ്പിക്കണമെന്ന് പറഞ്ഞപ്പോൾ, ചുരിദാർ ഇട്ടുള്ള സീനുകൾ എടുക്കുമ്പോഴേക്ക് ഞാൻ എത്താം എന്നാണ് ആദ്യം ബെൻസി പറഞ്ഞതെന്നും ഉണ്ണി ഓർക്കുന്നു. അത്രയും പഴുതടച്ചുള്ള പ്ലാനിംഗ് ആയിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിനായി നടത്തിയത്.
എന്നാൽ, കാവ്യ മാധവൻ എത്തിയപ്പോൾ തന്നെ, മേക്കപ്പ് ടീമിനോടും, സാരി അടുപ്പിക്കാൻ എത്തിയ ബെൻസിയോടും, ഇന്ന് തന്റെ വിവാഹമാണെന്ന് വെളിപ്പെടുത്തി. അപ്പോൾ നടി വരൻ ആരാണെന്ന് തുറന്നു പറഞ്ഞില്ലെങ്കിലും, വരൻ ദിലീപ് ബൊക്കെയും മാലയും അണിഞ്ഞ് എത്തിയതോടെ സസ്പെൻസ് പൊളിഞ്ഞു. കാവ്യയുടെ ബന്ധുക്കളിൽ ചിലർ വളരെ നേരത്തെ തന്നെ ഹോട്ടലിൽ എത്തിയിരുന്നുവെങ്കിലും, അവരൊക്കെ സിനിമ ഷൂട്ടിങ്ങിനായി എത്തിയ ജൂനിയർ ആർട്ടിസ്റ്റുകളാണെന്നാണ് മേക്കപ്പ് ടീം കരുതിയത്.
വിവാഹ ശേഷം മാഗസിന് നൽകിയ ഒരു അഭിമുഖത്തിൽ, കല്യാണം പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു എന്ന് കാവ്യ മാധവൻ വെളിപ്പെടുത്തിയിരുന്നു. “വിവാഹത്തിന് ഒരാഴ്ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ആലോചനയുമായി വരുന്നത്. ജാതകം ചേർന്നതോടെ കാര്യങ്ങൾ മുന്നോട്ട് നീങ്ങി,” കാവ്യ ഓർത്തെടുത്തു. അതിന് മുൻപ് വളരെ കാലം ഗോസിപ്പുകൾ വന്നപ്പോഴൊന്നും തങ്ങൾ ഒന്നിച്ചു ജീവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നും, ദിലീപ് എന്നും തന്റെ അടുത്ത സുഹൃത്ത് മാത്രമായിരുന്നുവെന്നും, നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ചെന്നൈയിലാണ് ദിലീപും കുടുംബവും ഇപ്പോൾ താമസം. മഹാലക്ഷ്മിയെ സ്കൂളിൽ ചേർത്തിരിക്കുന്നതും ചെന്നൈയിലാണ്. യുകെജി വിദ്യാത്ഥിയാണ് മഹാലക്ഷ്മി. ദിലീപിന്റെ മൂത്തമകൾ മീനാക്ഷിയും ചെന്നൈയിലാണ് എംബിബിഎസിന് പഠിക്കുന്നത്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് വാചാലനായിരുന്നു. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചെന്നൈയിലെ വീട്ടിൽ വെച്ചാണ് കാവ്യയുടെ അച്ഛൻ പി മാധവൻ അന്തരിച്ചത്. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. വീട് മാറി ചെന്നൈയിലേയ്ക്ക് പോയെങ്കിലും കൊച്ചിയിലെ അയൽവാസികൾ പി മാധവൻ എന്ന മാധവൻ ചേട്ടനെ സ്നേഹത്തോടെ തന്നെ ഓർത്തതുമെല്ലാം വാർത്തയായിരുന്നു. വലിയ ഒരു സിനിമാ താരത്തിന്റെ അച്ഛനാണെന്നോ ദിലീപിന്റെ ഭാര്യാപിതാവ് ആണെന്നോ ഉളള തലക്കനമൊന്നും ഇല്ലാത്ത മനുഷ്യൻ ആയിരുന്നു പി മാധവനെന്നാണ് പലരും പറഞ്ഞിരുന്നത്.
ദിലീപുമായുളള കാവ്യയുടെ വിവാഹം കഴിഞ്ഞ ശേഷമാണ് ഇവർ ചെന്നൈയിലേക്ക് താമസം മാറ്റിയത്. അതിന് ശേഷം പിന്നെ ഇവിടേക്ക് വരാറില്ല. മൂന്നാല് ദിവസം മുൻപ് ഒരാഴ്ച ഇവിടെ ഉണ്ടായിരുന്നു. പോകുമ്പോൾ ബൈ ഒക്കെ പറഞ്ഞിട്ടാണ് പോയത്. അടുത്ത തവണ വരുമ്പോൾ കാണാം എന്നൊക്കെ പറഞ്ഞു. താനുമായി നല്ല സൗഹൃദത്തിൽ ആയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം കുടുംബമായി അവർ ഇവിടെ തന്നെ ആയിരുന്നു കുറച്ച് നാൾ. പിന്നീടാണ് ചെന്നൈയിലേയ്ക്ക് പോയത്. അവിടെ ദിലീപും കാവ്യയും കാവ്യയുടെ അച്ഛനും അമ്മയും ആണ് ഒരുമിച്ച് താമസിക്കുന്നത്.