കാലമിത്ര കഴിഞ്ഞിട്ടും ഇന്നും കാലാപാനിക്കും അതിലെ ഗാനത്തിനും എന്തൊരു മധുരം; ‘കൊട്ടും കുഴല്‍വിളി’;ഗാനരംഗം പുറത്ത് !

മലയാള സിനിമയിലെ എക്കാലത്തേയും ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ കാലാപാനി. സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം നാല് ദേശീയ പുരസ്‌കാരങ്ങളും ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കി.

പ്രിയദര്‍ശന്റെ കഥയില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ടി. ദാമോദരനാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുഗു ഭാഷകളിലായി ഇറങ്ങിയ ചിത്രത്തില്‍ രാജ്യത്തെ മുന്‍നിര സിനിമാ പ്രവര്‍ത്തകരാണ് അണിനിരന്നത്.

ഇളയരാജ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ‘ആറ്റിറമ്പിലെ കൊമ്പിലെ’, ‘ചെമ്പൂവേ പൂവേ’, ‘മാരിക്കൂടിനുളളില്‍, കൊട്ടുംകുഴല്‍വിളി എന്നീ ഗാനങ്ങള്‍ ചിത്രം പുറത്തിറങ്ങി ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മലയാളികള്‍ മൂളി നടക്കുന്നു. സന്തോഷ് ശിവന്റെ ക്യാമറ ആ ഗാനങ്ങള്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എം ജി ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആലപിച്ച കൊട്ടുംകുഴല്‍വിളി എന്ന് തുടങ്ങുന്ന ഗാനം സമയപരിമിതി മൂലം ചിത്രത്തിന്റെ മലയാളം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികള്‍.

ഇപ്പോള്‍ ആ ഗാനരംഗം പുറത്തുവിട്ടിരിക്കുകയാണ് സൈന മ്യൂസിക്. ഗോവര്‍ധനും(മോഹന്‍ലാല്‍) പാര്‍വതിയും(തബു) തമ്മിലുള്ള മനോഹര പ്രണയമാണ് ഗാനരംഗത്തില്‍ ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും കാലാപാനിക്കും അതിലെ ഗാനങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യത വെളിവാക്കുന്നതാണ് ഇതിന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

Kottum Kuzhal Vili Thaalamulli Kaalapani Deleted Song Mohanlal Thabu Priyadarshan

Sruthi S :